- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേക്ഷകർക്കുനേരെ കോമഡികൊണ്ടുള്ള ഭീകരാക്രമണം; വെടിതീർന്ന് പ്രിയദർശൻ! 'ആമയും മുയലും' കാശിനുകൊള്ളാത്ത ചവറുപടം
എന്റമ്മോ! ശത്രുക്കൾക്കുപോലും ഈ സിനിമ കാണേണ്ട ഗതിവരുത്തരുതേ. അത്രക്ക് അരോചകവും അസഹനീയവുമാണ് പഴയ ഹിറ്റ്‌മേക്കർ പ്രിയദർശന്റെ പുതിയ ചിത്രമായ ആമയും മുയലും. ഈ വർഷത്തെ ഏറ്റവും നല്ല സിനിമയേതാണെന്ന് തർക്കമുണ്ടാവാമെങ്കിലും 'ആമയും മുയലും' കണ്ടവർക്ക് 2014ലെ ഏറ്റവും മോശം ചിത്രമേതാണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാവില്ല. ഓർത്തു ചിരിക്കാവുന്ന ഒരു കോമഡിയോ, മനസ്സിൽ തട്ടുന്ന ഒരു സീനോ ഈ ചിത്രത്തിലില്ല. ആദിമധ്യാന്തം അരോചകമായ കോമഡികൊണ്ടുള്ള ഭീകരാക്രമണമാണ്. യൂട്യൂബിൽ പിള്ളേര് കയറ്റിവിടുന്ന ഹോം സിനിമകൾക്കുപോലും ഇതിലും നിലവാരമുണ്ട്. ഈ പടം കണ്ടാൽ സംവിധായകനെ പെറ്റമ്മവരെ തള്ളിപ്പറഞ്ഞുപോകും. 2001ലെ കാക്കക്കുയിലിനുശേഷം ഒറ്റ സിനിമയും മലയാളത്തിൽ വിജയിപ്പിച്ചെടുക്കനാവാത്ത പ്രിയദർശൻ എന്ന സംവിധായകന്റെ പ്രതിഭയുടെ പതിനാറടിയന്തരമാണ് ഈ 'ആമയും മുയലും'. ഹിന്ദിയിൽനിന്ന് മലയാളത്തിലേക്കൊരു റിവേഴ്‌സ് ഡിക്ഷനറി വിദേശ സിനിമകളെ അനുകരിച്ച് മടുത്ത് അവസാനം പ്രിയൻ സ്വന്തം സിനിമകളെതന്നെ അനുകരിക്കുന്ന ഘട്ടമെത്തിയിരുന്നു. സാധാരണ വിജയിച
എന്റമ്മോ! ശത്രുക്കൾക്കുപോലും ഈ സിനിമ കാണേണ്ട ഗതിവരുത്തരുതേ. അത്രക്ക് അരോചകവും അസഹനീയവുമാണ് പഴയ ഹിറ്റ്‌മേക്കർ പ്രിയദർശന്റെ പുതിയ ചിത്രമായ ആമയും മുയലും. ഈ വർഷത്തെ ഏറ്റവും നല്ല സിനിമയേതാണെന്ന് തർക്കമുണ്ടാവാമെങ്കിലും 'ആമയും മുയലും' കണ്ടവർക്ക് 2014ലെ ഏറ്റവും മോശം ചിത്രമേതാണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാവില്ല.
ഓർത്തു ചിരിക്കാവുന്ന ഒരു കോമഡിയോ, മനസ്സിൽ തട്ടുന്ന ഒരു സീനോ ഈ ചിത്രത്തിലില്ല. ആദിമധ്യാന്തം അരോചകമായ കോമഡികൊണ്ടുള്ള ഭീകരാക്രമണമാണ്. യൂട്യൂബിൽ പിള്ളേര് കയറ്റിവിടുന്ന ഹോം സിനിമകൾക്കുപോലും ഇതിലും നിലവാരമുണ്ട്. ഈ പടം കണ്ടാൽ സംവിധായകനെ പെറ്റമ്മവരെ തള്ളിപ്പറഞ്ഞുപോകും. 2001ലെ കാക്കക്കുയിലിനുശേഷം ഒറ്റ സിനിമയും മലയാളത്തിൽ വിജയിപ്പിച്ചെടുക്കനാവാത്ത പ്രിയദർശൻ എന്ന സംവിധായകന്റെ പ്രതിഭയുടെ പതിനാറടിയന്തരമാണ് ഈ 'ആമയും മുയലും'.
ഹിന്ദിയിൽനിന്ന് മലയാളത്തിലേക്കൊരു റിവേഴ്‌സ് ഡിക്ഷനറി
വിദേശ സിനിമകളെ അനുകരിച്ച് മടുത്ത് അവസാനം പ്രിയൻ സ്വന്തം സിനിമകളെതന്നെ അനുകരിക്കുന്ന ഘട്ടമെത്തിയിരുന്നു. സാധാരണ വിജയിച്ച മലയാള ചിത്രങ്ങൾ ഹിന്ദിയിൽ പരീക്ഷിക്കാറുള്ള പ്രിയൻ ഇത്തവണ തിരിച്ചൊരു പരീക്ഷണമാണ് നടത്തിയത്. (അതിനവർ പറയാറുള്ള കാരണം, മലയാളികൾ ഒന്നിനെ അംഗീകരിച്ചാൽ ലോകത്തിലെവിടെയും അത് വിജയിക്കുമെന്നാണ്). റിവേഴ്‌സ് നിഘണ്ടു എന്നൊക്കെ പറയുന്നതുപോലെ, ഇത്തവണ ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയാണ് പ്രിയന്റെ കളി. 2006ൽ ഹിന്ദിയിൽ ഹിറ്റായ 'മലാമാൽ വീക്കിലി' എന്ന പ്രിയൻ പടത്തിന്റെ അഡാപ്‌റ്റേഷനാണ് ഈ മാരണം. ഹിന്ദിക്കാരുടെ പൊട്ട തമാശകൾ എങ്ങനെയാണ് മലയാളത്തിൽ വർക്കൗട്ടാവുകയെന്ന് പ്രിയൻ മറന്നുപോയി. (അടുത്തകാലത്തായി ഈ ഹിന്ദി പിരാന്ത് സീരിയലിലേക്കും കയറിവരുന്നുണ്ട്. 'പരസ്പരം', 'ചന്ദനമഴ' തുടങ്ങിയ തല്ലിപ്പൊളി സീരിയലുകളൊക്കെ വിജയിച്ച ഹിന്ദി പരമ്പരകളുടെ തർജ്ജമയാണത്രേ)
ഇനി ഈ പടത്തിന്റെ പൊട്ടക്കഥയിലേക്കുവരാം.മോഹൻലാലിന്റെ വോയ്‌സ് ഓവറിൽ, പ്രിയന്റെ മാസ്റ്റർപീസായ 'തേന്മാവിൻ കൊമ്പത്തി'നെയൊക്കെ ഓർമ്മിപ്പിച്ചുകൊണ്ട് പൊള്ളാച്ചിയിലെ മനോഹര ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് പ്രതീക്ഷയുണർത്തിക്കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ( മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കാതിരുന്നത് ഭാഗ്യമായി. അത്രയും ചീത്തപ്പേര് ഒഴിവായി കിട്ടിയല്ലോ) എന്നാൽ പിന്നീടങ്ങോട്ട് തറക്കോമഡികൊണ്ടുള്ള അയ്യരുകളിയാണ്.
ഗ്രാമത്തിലെ ലോട്ടറിക്കച്ചവടക്കാരനായ കാശിക്ക് (നെടുമുടിവേണു) താൻ വിറ്റ ലോട്ടറിക്ക് അഞ്ചുകോടി രൂപയുടെ സമ്മാനം അടിച്ചതായി അറിയുന്നു. നിരക്ഷരകുക്ഷികളുടെ ആ നാട്ടിൽ (അവിടെ ഒരു മൊബൈൽഫോൺ പോലുമില്ല. ഇത് ഏത് നാടാണാവോ.) കാശി പറഞ്ഞാൽ മാത്രമേ ലോട്ടറിയടിച്ച വിവരം നാട്ടുകാർ അറിയൂ. ആ ടിക്കറ്റ് എങ്ങനെയെങ്കിലും കൈവശപ്പെടുത്തി കാശടിച്ചുമാറ്റാനുള്ള ശ്രമത്തിലാണ് അയാൾ. ലോട്ടറിയടിച്ച കള്ളുകുടിയൻ ആന്റണി (നന്ദുപൊതുവാൾ) ആ സന്തോഷം കൊണ്ട് ലോട്ടറി കൈയിൽ പിടിച്ചുകൊണ്ട് ചിരിച്ചു ചത്തുപോവുന്നു. ശവത്തിന്റെ കൈയിൽനിന്ന് അയാൾ സൂത്രത്തിൽ ടിക്കറ്റ് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ ഗ്രാമത്തിലെ പാൽക്കാരനായ നല്ലവൻ (ഇന്നസെന്റ്) അങ്ങോട്ടുവരുന്നു. ശവം എങ്ങോട്ടെങ്കിലും കൊണ്ടുപോയി തള്ളുകയാണെങ്കിൽ അഞ്ചുകോടിയുടെ പാതി നല്ലവനുകൊടുക്കാമെന്ന് അയാൾ വാഗ്ദാനം ചെയ്യുന്നു. നല്ലവന്റെ പാൽവണ്ടിയിലുത്തി അവർ ശവവുമായി പോകുന്നതിനിടെ നല്ലവന്റെ മകളുടെ കാമുകൻ കൂടിയായ കല്ലു (ജയസൂര്യ) ഇടക്കുചാടുന്നു. ഒരു ഷെയർ വാഗ്ദാനംചെയ്ത് കാശി കല്ലുവിനെയും ഒതുക്കുന്നു. പിന്നീടങ്ങോട്ട് സംഭവം അറിയുന്നവരൊക്കെ അഞ്ചുകോടിയുടെ ഷെയറുകാരാവുന്നു.
അതായത് പണത്തിനായി മനുഷ്യൻ നടത്തുന്ന ആൾമാറാട്ടങ്ങളും തരികിടകളും ഒട്ടും യുക്തിയില്ലാതെ പ്രിയൻ ചിത്രീകരിക്കുന്നു. ബോയിങ് ബോയിങ് മുതൽ പ്രിയൻ നൂറ്റിയൊന്ന് തവണ ആവർത്തിച്ച സ്‌ളാപ്സ്റ്റിക്ക് കോമഡിയും, കൺഫ്യൂഷനും കൂട്ടപ്പൊരിച്ചിലുമൊക്കെയാണ് ഇതിലും കാണുന്നത്. കൈ്‌ളമാകസിലെ വണ്ടികളുടെ കൂട്ടയോട്ടമൊക്കെ കാണുമ്പോൾ തമിഴ് പടങ്ങൾ നാണിച്ചുപോവും. (ഇതുപോലത്തെ സ്‌ക്രിപ്‌റ്റൊക്കെയായിരിക്കണം കത്തിച്ചുകളയണമെന്ന് രാജീവ് രവി ഉദ്ദേശിച്ചത്. )
ജയസുര്യ നോക്കുകുത്തി; നായകർ നെടുമുടിയും ഇന്നസെന്റും
ജയസുര്യയെ നായകനാക്കി പ്രിയദർശൻ സിനിമയെടുക്കുന്നു എന്നാണ് ആദ്യം വാർത്തകൾ വന്നതെങ്കിലും ഈ സിനിമയിൽ ജയന് കാര്യമായൊന്നും ചെയ്യാനില്ല. ഉള്ള സീനുകളാവട്ടെ നന്നായിട്ടുമില്ല. ഇന്നസെന്റും നെടുമുടിവേണുവുമാണ് ഈ സിനിമയിലെ നായകർ. നെടുമുടി തന്റെ ഭാഗം വലിയ ബോറില്ലാതെ ഒഴിപ്പിച്ച് കൊണ്ടുപോയെങ്കിലും ഇന്നസെന്റ് പറ്റെ പരാജയമായി. 'കിലുക്കത്തിലെ' കിട്ടുണ്ണിക്ക് ലോട്ടറിയടിച്ചതൊക്കെ മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമാക്കിയ അഭിനയിച്ച് ഫലിപ്പിച്ച ഇന്നസെന്റാണോ ഇതെന്ന് പലപ്പോഴും തോന്നിപ്പോകും. ഇത്രക്ക് ബഫൂണായി ഈ മഹാനടനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. കണ്ണുരുട്ടിയും മുഖം വീർപ്പിച്ചുമൊക്കെയുള്ള 'ഭാവാഭിനയം' പലപ്പോഴും 'പച്ചാളം ഭാസി' പറഞ്ഞ പോലായിട്ടുണ്ട്. ഇത്തരത്തിലുള്ള രണ്ട് വെറുപ്പിക്കലുകൾ ഉണ്ടായാൽ മതി ജനപ്രീതി കുത്തനെ ഇടിഞ്ഞ് ചാലക്കുടിയിൽ അടുത്ത തവണ ഇന്നസെന്റിന്റെ തോൽവിക്കുവരെ അതിടയാക്കും! ജഗതിശ്രീകുമാറിന്റെയൊക്കെ അഭാവം ഇത്തരം കാരിക്കേച്ചർ കഥാപാത്രങ്ങളെ കാണുമ്പോഴാണ് മനസ്സിലാവുക.
സാധാരണ പ്രിയൻ ചിത്രങ്ങളുടെ ഹൈലെറ്റ് മികച്ച ഗാനങ്ങളാണെങ്കിൽ ഇത്തവണ അതും പാളി. കഴുതരാഗത്തിൽ എന്തൊക്കെയോ വരികളുള്ള, ഒന്നുരണ്ട് പാട്ടുകൾ നമ്മുടെ എം.ജി അണ്ണൻ തട്ടിക്കൂട്ടിയിരക്കുന്നു. ദിവാകർ മണിയുടെ കാമറ മാത്രമാണ് ഏക ആശ്വാസം. ഹിന്ദിയിൽനിന്ന് വന്ന നായിക പിയാ ബാജ്‌പോയും ഭാവാഭിയ പ്രതിഭയാണ്. തിളച്ചവെള്ളം മുഖത്തുവീണാലും ഒരേ ഭാവം! ഭാഗ്യലക്ഷ്മിയെപ്പോലുള്ള മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റുകൾ ഉള്ളതുകൊണ്ടുമാത്രം ഇവരൊക്കെ നിന്നുപോവുന്നു. മലയാളിായ ഏതെിലും നടിയായിരുന്നെങ്കിൽ ആ കഥാപാത്രമൊന്നും ഇത്രമേൽ ബോറാവുകയായില്ലായിരുന്നു. കണ്ണുരുട്ടി നോക്കിപ്പേടിപ്പിച്ച് ,സുന്ദരിയും സർവാഭരണവിഭൂഷിതയുമായി നടക്കുക എന്ന ജോലിമാത്രമേ സുകന്യക്കുള്ളൂ. അനൂപ് മേനാൻ മാത്രമാണ് ഈ സിനമയിൽ ബോറടിപ്പിക്കാത്തിരുന്നത്.അനൂപിന്റെ പല ഭാവങ്ങളും നമ്മുടെ പ്രിയപ്പെട്ട പഴയ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്നു.
തമോഗർത്തങ്ങൾ ഉണ്ടാവുന്നത്
തിളങ്ങിനിൽക്കുന്ന നക്ഷത്രങ്ങൾ ഉള്ളിലുള്ള ഊർജമെല്ലാം എരിഞ്ഞുതീർന്ന് തമോഗർത്തങ്ങളായി രൂപാന്തരം പ്രാപിക്കുന്നപോലെയാണ് നമ്മുടെ മലയാള സംവിധായകരും. എൺപതുകളിൽ സിനിമയെടുത്ത് തുടങ്ങിയവരിൽ ഇന്നും പിടിച്ചു നിൽക്കുന്നത് ജോഷി, സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയ ഏതാനും ചിലരാണ്. ഐ.വി ശശി, കെ.ജി ജോർജ്, മോഹൻ, സിബിമലയിൽ, ഫാസിൽ, തുടങ്ങിയവരൊക്കെ പടങ്ങൾ അടിക്കടി പൊളിഞ്ഞ് കാണാമറയാത്താവുന്നു. ഹോളിവുഡ്ഡിലൊക്കെ എഴുപതുവയസ്സുള്ള സംവിധായകർവരെ ചെറുപ്പക്കാരെ വെല്ലുന്ന സിനിമയെടുക്കുമ്പോൾ മലയാളത്തിൽ ഈ ജനറേഷൻ ഗ്യാപ്പ് എങ്ങനെവരുന്നു എന്നതാണ് അത്ഭുതം.
മലയാളംകണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ പ്രിയൻ ഈ ലിസ്റ്റിലേക്ക് കയറുമോ എന്ന സങ്കടത്തിലാണ് ഈ കടുത്ത വാക്കുകൾ എഴുതേണ്ടിവന്നത്. 'കാലാപാനിയും' , 'കാഞ്ചീവര'വുമൊക്കെ കണ്ടവർക്കറിയാം അദ്ദേഹത്തിന്റെ ലോക നിലവാരം. മലയാളത്തിൽ നിന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി പടർന്ന് പന്തലിച്ച നമ്മുടെ സ്വകാര്യ അഹങ്കാരം ഈ 57ാം വയസ്സിൽ ഈ രീതിയിൽ അപഹാസ്യനാവരുത്. ഗീതാഞ്ജലി, അറബിയും ഒട്ടകവും, വെട്ടം, കിളിച്ചുണ്ടൻ മാമ്പഴം എന്നിങ്ങനെ അടുത്തകാലത്ത് പ്രിയൻ മലയാളത്തിൽ ഇറക്കിയവയൊക്കെ ഫ്‌ളോപ്പായിരുന്നു. എന്നിട്ടും പ്രിയദർശന്റെ സിനിമയെന്ന ഒറ്റ ബാനറിൽ തീയേറ്റിൽ ആളുകൂടുന്നത, 'ചിത്രവും','കിലുക്കവും','താളവട്ടവുമടക്കം' മലയാളത്തിൽ അദ്ദേഹം സൃഷ്ടിച്ച ഹിറ്റു പരമ്പരകളുടെ സ്മരണയിൽനിന്നാണ്. നല്ല കഥ കിട്ടിയില്‌ളെങ്കിൽ ആ പേര് നശിപ്പിക്കാതെ മാറി നിൽക്കയാണ് പ്രിയനെപ്പോലൊരാൾ, മലയാളത്തിലെങ്കിലും ചെയ്യേണ്ടത്.
വാൽക്കഷ്ണം: ഇത്തരമൊരു സിനിമയുടെ ഉദ്ദേശലക്ഷ്യമെന്താണെന്നും പിടികിട്ടുന്നില്ല. കള്ളപ്പണം വെളുപ്പിക്കാനും, ലൈംഗികദാരിദ്രം പരിഹരിക്കാനുമാണ് ചിലർ പടങ്ങൾ കോടികൾ മുടക്കി പടച്ചുവിടുന്നതെന്നുള്ള ചില സിനിമാപ്രവർത്തകൾതന്നെ പറഞ്ഞു പരത്തുന്നുണ്ട്. ഒരുവാലും തലയുമില്ലാത്ത ചിത്രങ്ങൾ ഇറങ്ങുമ്പോൾ, സിനിമാക്കാർക്ക് നാണക്കേടുണ്ടാക്കുന്ന അത്തരം ആരോപണങ്ങൾ ശക്തിപ്പെടുകയേ ഉള്ളൂ.