കോഴിക്കോട്: കമലാ സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന കമലിന്റെ പുതിയ സിനിമ ആമിക്ക് പ്രദർശനാനുമതി നൽകരുതെന്ന് കാണിച്ച് സമർപ്പിച്ച ഹർജി കോടതി തള്ളിയ സ്ഥിതിയിൽ സിനിമ അടുത്ത് തന്നെ റിലീസുണ്ടാകുമെന്ന് ഏകദേശം ഉറപ്പായിരിക്കുന്നു. സിനിമയിലെ പാട്ടുകളും പുറത്തിറങ്ങിയിരിക്കുന്നു. സിനിമയുടെ റിലീസോട് കൂടി കേരളത്തിൽ വീണ്ടും വിവാദമാകാൻ പോകുന്നത് സിനിമയിൽ അനൂപ് മനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരിലായിരിക്കും.

പുറത്തിറങ്ങിയ പോസ്റ്ററുകളുടെ അടിസ്ഥാനത്തിൽ അനൂപ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് മലബാറിലെ പ്രശസ്തനായ ഒരു മുസ്ലിം ലീഗ് നേതാവിന്റെ മുഖസാദൃശ്യമുള്ളതായി പോസ്റ്ററുകൾ ഇറങ്ങിയ സമയത്ത് തന്നെ ചർച്ചകൾ വന്നിരുന്നു. മുൻ എംപിയും, എംഎൽഎയുമൊക്കെയായിരുന്ന മുസ്ലിം ലീഗ് നേതാവും ഒരുകാലത്ത് ഇസ്ലാമിക മതപ്രഭാഷണ വേദികളിൽ നിറസാന്നിദ്ധ്യവുമായിരുന്ന അബ്ദുസ്സമദ് സമദാനിയെ ചുറ്റിപ്പറ്റിയായിരുന്നു ആ ചർച്ചകളെല്ലാം.

കമലാ സുരയ്യയായി മാറിയ മാധവിക്കുട്ടിയെയും സമദാനിയെയും ചേർത്ത് ചർച്ചകൾ വരുന്നത് ആദ്യത്തെ സംഭവവുമല്ല. കേരളത്തിലെ ആദ്യത്തെ ലൗജിഹാദെന്ന് കേരളത്തിലെ ആദ്യവനിതാ പത്രപ്രവർത്തക ലീലാമേനോനടക്കമുള്ളവർ പരമ്പരകളെഴുതിയത് ഈ ചർച്ചകളുടെയും അടിസ്ഥാനത്തിലായിരുന്നു.

മാധവിക്കുട്ടി കമലാസുരയ്യയായതും പിൻകാലത്ത് തിരിച്ച് മാധവിക്കുട്ടിയാകാൻ കൊതിച്ചിരുന്നെന്നുള്ള പ്രചരണങ്ങളുമെല്ലാം കേരളം ചർച്ചചെയ്തപ്പോഴും സമദാനിയുടെ പേര് ഏറെ ഉയർന്ന് കേട്ടതാണ്. അത് തന്നെയാണ് ഇനി സിനിമയിറങ്ങുമ്പോഴും സംഭവിക്കാൻ പോകുന്നതെന്നാണ് പുറത്തിറങ്ങിയ പോസ്റ്ററുകളിൽ അനൂപ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ രൂപസാദൃശ്യത്തിലും മനസ്സിലാകുന്നത്.

മാധവിക്കുട്ടിയുടെ സൃഹൃത്തും മാധ്യമ പ്രവർത്തകയുമായിരുന്ന മെറിലി വെയ്സ്ബോർഡ് മാധവിക്കുട്ടിയെ കുറിച്ചുള്ള അവരുടെ പുസ്തകമായ ദ ലവ് ക്യൂൻ ഓഫ് മലബാർ എന്ന പുസ്തകത്തിൽ സാദിക്കലി എന്ന് പേരുള്ളൊരാളുടെ പ്രേരണയാലാണ് അവർ മതം മാറി കമലാസുരയ്യായതെന്ന് പറഞ്ഞാണ് ഇത്തരമൊരു വിവാദത്തിന്് തുടക്കമിട്ടത്്. മാധവിക്കുട്ടി മെറിലിക്കെഴുതിയ കത്തുകളിൽ അത്തരമൊരു സാദിക്കലിയെ കുറിച്ചുള്ള പരാമർശങ്ങളുണ്ടായിരുന്നതായും മെറിലി തന്റെ പുസ്തകത്തിൽ പറയുന്നു.

പിന്നീട് ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന ലീലാമോനോണ് ആ സാദിക്കലി സമദാനിയാണെന്ന രീതിയിലേക്ക് ചർച്ചകളെ കൊണ്ട് വരുന്നത്. മാത്രവുമല്ല കേരളത്തിലെ ആദ്യത്തെ ലൗജിഹാദായും മാധവിക്കുട്ടിയുടെ കമലാസുരയ്യയിലേക്കുള്ള പരിവർത്തനത്തെ വ്യഖ്യാനിച്ചത് ലീലാമേനോനായിരുന്നു. പിന്നീട് പലരും ഇതേറ്റെടുത്ത് ചർച്ചകളും തുടങ്ങി. സമദാനി വിവാഹം വാഗ്ദാനം നൽകിയതിന്റെ പേരിലാണ് അവർ മാതം മാറിയതെന്നും പിന്നീട് സമദാനി അവരെ പറ്റിക്കുകയായിരുന്നു എന്നുള്ള രീതിയിലെല്ലാം വാർത്തകൾ വന്നു.

പിൽകാലത്ത് അവർ തിരിച്ച് മാധവിക്കുട്ടിയാകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ മതതീവ്രവാദികളെ ഭയന്നാണ് അവർ പിന്നീട് ഹിന്ദുമതത്തിലേക്ക് തിരിച്ച് വരാതിരുന്നതെന്നും വാർത്തകൾ വന്നു. ഇതൊക്കെയാണങ്കിലും ജീവിച്ചിരുന്ന സമയത്ത് മാധവിക്കുട്ടിയോ മരണ ശേഷം അവരുടെ ബന്ധുക്കളോ അടുത്തറിയാവുന്നവരോ ഒന്നും ഇത്തരം വാർത്തകളും ചർച്ചകളും അംഗീകരിച്ചിരുന്നില്ല.

തന്റെ ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇസ്ലാം മത സ്വീകരിക്കുന്നതെന്നാണ് ജീവിച്ചിരുന്ന സമയത്ത് അവർ പറഞ്ഞിരുന്നത്. ഏറ്റവും കൂടുതൽ സ്നേഹിക്കാനറിയാവുന്നവർ ഇസ്ലാംമതവിശ്വാസികളാണ് അതിനാലാണ് താൻ മുസ്ലിമായതെന്നും അല്ലാതെ ആരുടെയും പ്രേരണയാലല്ലെന്നും അവരന്ന് തന്നെ വ്യക്തമാക്കിയിരുന്നതാണ്.

പിൽകാലത്ത് അവരുടെ ബന്ധുക്കളും മക്കളുമെല്ലാം ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞിട്ടുള്ളത്. മാത്രവുമല്ല അവസാന സമയത്ത് ഹിന്ദുമതത്തിലേക്ക് തിരികെപോരണമെന്ന് അവർ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും അങ്ങനെയൊരാഗ്രഹം അവർക്കുണ്ടായിരുന്നെങ്കിൽ മേൽപറഞ്ഞ മതതീവ്രവാദികളെ ഭയന്ന് തീരുമാനത്തിൽ നിന്ന് പിന്മാറുന്ന ആളുമല്ലായിരുന്നു മാധവിക്കുട്ടിയെന്നും അവരുടെ ബന്ധുക്കൾ വ്യക്തമാക്കിയതാണ്.

ഏതായാലും നിലവിൽ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിലും, മതപ്രഭാഷണ വേദികളിലും പഴയ പോലെ സ്ഥാനമില്ലാത്ത അബ്ദുൾ സമദ് സമദാനിക്കായിരിക്കും മറ്റാരേക്കാളധികം ആമിയെന്ന സിനിമയുടെ റിലീസടുക്കുന്തോറും നെഞ്ചിടിപ്പ് കൂടുന്നത്. കഴിഞ്ഞ തവണ താൻ പ്രതിനിധീകരിച്ച കോട്ടക്കൽ മണ്ഡലത്തിൽ ഒരിക്കൽ കൂടി മത്സരിച്ചാൽ കെട്ടിവെച്ചകാശ് പോലും കിട്ടില്ലെന്ന് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗും യുഡിഎഫും അദ്ദേഹത്തിന് ഇക്കുറി സീറ്റി നിഷേധിച്ചത്.

മറ്റാരേക്കാളുമധികം അല്ലാമാ ഇഖ്ബാലിന്റെ വരികളെ മലയാളിക്ക് പരിചയപ്പെടുത്തിയ പ്രാസംഗികനായിരുന്നു സമദാനി. ഒരുകാലത്ത് കോഴിക്കോട് കടപ്പുറത്ത് വർഷാവർഷങ്ങളിൽ നടന്നിരുന്ന മദീനയിലേക്കുള്ള പാതയും, അതാണ് ഫാത്തിമയും എന്നൊക്കൊയുള്ള പ്രഭാഷണ പരമ്പരകൾക്ക് മലബാറിലെ മുസ്ലിം സമുദായം ഒന്നാകെ ഓടിയെത്തിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ ഓഡിയോ കാസറ്റുകളെല്ലാം ചൂടപ്പം പോലെ വിറ്റ് പോയിരുന്ന കാലവുമുണ്ടായിരുന്നു.

ഇന്ന് അതിൽ നിന്നെല്ലാം മാറി പാർലമെന്ററി ജീവിതവും മതിയാക്കി കോഴിക്കോട്ടെ അല്ലാമാ ഇഖ്ബാൽ പഠനകേന്ദ്രത്തിന് നേതൃത്വം നൽകി വരുന്ന സമദാനിയെ വീണ്ടും കേരളത്തിന്റെ പൊതുമണ്ഡലങ്ങളിൽ ചർച്ചക്ക് പാത്രമാക്കാൻ ആമിയെന്ന സിനിമക്കും, അനൂപ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനുമായേക്കും.