- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആമി: ആത്മാവില്ലാത്ത അഭ്രാഭാസം! വ്യക്തിഹത്യയും വ്യാജ മതേതരത്വവും കുത്തിനിറച്ച് ഒരു വികല സൃഷ്ടി; മേക്കപ്പും മിമിക്രിയുമായി മഞ്ജുവാര്യരുടെ ഗിമ്മിക്ക്; കമൽ സാർ ഇത് ശരിക്കും നാണക്കേടാണ്
മാധവിക്കുട്ടിയുടെ 'എന്റെ കഥ' ഇറങ്ങിയപ്പോൾ എംപി നാരായണപ്പിള്ള എഴുതിയ ഒരു ക്‌ളാസിക്ക് ഡയലോഗുണ്ട്.'കപട സദാചാരവാദിയായ മലയാളിയുടെ മുഖത്തേക്ക് തീണ്ടാരിത്തുണികൊണ്ടുള്ള ഏറാണ് ഈ പുസ്തകമെന്ന്'. മഞ്ജുവാര്യരെ നായികയാക്കി, പ്രശസ്ത സംവിധായകൻ കമൽ എടുത്ത,മാധവിക്കുട്ടിയെന്ന കമലസുരയ്യയുടെ ജീവചരിത്രാധിഷ്ഠിതമായ ചിത്രം (ബയോപിക്ക്) 'ആമി' കണ്ടപ്പോൾ നാരായണപ്പിള്ള്ള എഴീതിയത് തിരിച്ചിടാൻ തോന്നി.'നല്ല സിനിമയെ സ്‌നേഹിക്കുന്നവരുടെ മുഖത്തേക്കുള്ള കാറിത്തുപ്പലായിപ്പോയി' കമൽ സാർ ഈ പടം. സത്യത്തിൽ ഈ ചിത്രം ഒരുഗവേഷണ വിഷയമായി ചലച്ചിത്ര അക്കാദമിയുടെ ആർക്കേവിൽ സൂക്ഷിക്കണം സർ. എങ്ങനെ ഒരു ബയോപിക്ക് എടുക്കരുതെന്ന് കുട്ടികളെ പഠിപ്പിക്കാൻ.അത്രക്ക് വികലവും അരോചകവും,വ്യക്തിഹത്യ നിറഞ്ഞതുമായ,വ്യാജമതേതര സന്ദേശം കൊടുക്കുന്ന അറുബോറൻ ചിത്രമായിപ്പോയി ഇത്.കമൽ സാർ, സെല്ലുലോയ്ഡ് എന്ന ബയോപിക്കിലൊക്കെ താങ്കൾ ചെയ്ത മാസ്റ്റർ ക്രാഫ്റ്റ് എവിടെപ്പോയി. ബോറടിയില്ലാതെ ഈ ചിത്രം കണ്ടിരിക്കാൻപോലും കഴിയില്ല. ആർക്കോവേണ്ടിയെന്നോണം യാതൊരു ഫോക്കസുമില്ലാതെ,
മാധവിക്കുട്ടിയുടെ 'എന്റെ കഥ' ഇറങ്ങിയപ്പോൾ എംപി നാരായണപ്പിള്ള എഴുതിയ ഒരു ക്‌ളാസിക്ക് ഡയലോഗുണ്ട്.'കപട സദാചാരവാദിയായ മലയാളിയുടെ മുഖത്തേക്ക് തീണ്ടാരിത്തുണികൊണ്ടുള്ള ഏറാണ് ഈ പുസ്തകമെന്ന്'. മഞ്ജുവാര്യരെ നായികയാക്കി, പ്രശസ്ത സംവിധായകൻ കമൽ എടുത്ത,മാധവിക്കുട്ടിയെന്ന കമലസുരയ്യയുടെ ജീവചരിത്രാധിഷ്ഠിതമായ ചിത്രം (ബയോപിക്ക്) 'ആമി' കണ്ടപ്പോൾ നാരായണപ്പിള്ള്ള എഴീതിയത് തിരിച്ചിടാൻ തോന്നി.'നല്ല സിനിമയെ സ്‌നേഹിക്കുന്നവരുടെ മുഖത്തേക്കുള്ള കാറിത്തുപ്പലായിപ്പോയി' കമൽ സാർ ഈ പടം.
സത്യത്തിൽ ഈ ചിത്രം ഒരുഗവേഷണ വിഷയമായി ചലച്ചിത്ര അക്കാദമിയുടെ ആർക്കേവിൽ സൂക്ഷിക്കണം സർ. എങ്ങനെ ഒരു ബയോപിക്ക് എടുക്കരുതെന്ന് കുട്ടികളെ പഠിപ്പിക്കാൻ.അത്രക്ക് വികലവും അരോചകവും,വ്യക്തിഹത്യ നിറഞ്ഞതുമായ,വ്യാജമതേതര സന്ദേശം കൊടുക്കുന്ന അറുബോറൻ ചിത്രമായിപ്പോയി ഇത്.കമൽ സാർ, സെല്ലുലോയ്ഡ് എന്ന ബയോപിക്കിലൊക്കെ താങ്കൾ ചെയ്ത മാസ്റ്റർ ക്രാഫ്റ്റ് എവിടെപ്പോയി. ബോറടിയില്ലാതെ ഈ ചിത്രം കണ്ടിരിക്കാൻപോലും കഴിയില്ല. ആർക്കോവേണ്ടിയെന്നോണം യാതൊരു ഫോക്കസുമില്ലാതെ,നാടക ഡയലോഗിൽ പടം അങ്ങനെ പമ്മിപ്പമ്മി പോവുന്നു.ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു ഷോട്ടുപോലും ചിത്രത്തിലില്ല.രണ്ടാം പകുതിയുടെ മധ്യത്തിലത്തെുമ്പോഴേക്കും, നീട്ടിവലിച്ചിൽ കാരണം ഈ പടപ്പ് എങ്ങനെയെങ്കിലും ഒന്ന് തീർന്ന് കിട്ടിയാൽ മതിയെന്ന് കരുതിപ്പോവും.
പക്ഷേ എന്തൊക്കെയായിരുന്നു തള്ളൽ. തുറന്നു പറയട്ടെ ആമിയായി മഞ്ജു സൂപ്പർ ബോറാണ്. ആകെ കൃതിമത്വം മുഴച്ചു നിൽക്കുന്നു. പക്ഷേ മഞ്ജുവല്ല, ഇത്രയും സംഭവ ബഹുലമായ ഒരു ജീവിതം കിട്ടിയിട്ടും അത് കുളം തോണ്ടിച്ച കമൽ തന്നെയാണ് ഈ ദുരന്തത്തിൽ ഒന്നാം പ്രതി. തിരക്കഥയിലോ ആഖ്യാനത്തിലോ പുതുമ എന്ന സാധനം കൊണ്ടുവരാൻ, എത്രയോ നല്ല ചിത്രങ്ങൾ എടുത്ത കമലിന് കഴിഞ്ഞിട്ടില്ല.ജീവിച്ചിരുന്ന പ്രശസ്ത വ്യക്തിത്വത്തെകുറിച്ചുള്ള ബയോപിക്ക് എടുക്കുമ്പോൾ പാലിക്കേണ്ട, അടിസ്ഥാനകാര്യങ്ങളായ വ്യക്തിഹത്യ നിരാസം, വസ്തുതാപരമായ സത്യസന്ധത എന്നിവപോലും കമൽ പാലിച്ചിട്ടില്ല.ആത്മകഥാനുഷ്ഠിയായ ഒരുപാട് ക്‌ളാസിക്ക് സിനിമകൾ ചലച്ചിത്രോൽസവങ്ങളിലും മറ്റും കണ്ടവരാണ് നാം.
മേരികോമിനെ കുറിച്ചും എന്തിന് നമ്മുടെ സച്ചിനെകുറിച്ചുമൊക്കെയിറങ്ങിയ ബയോപിക്കുകൾ കണ്ടുനോക്കുക. അതാക്കെ വെച്ചുനോക്കുമ്പോൾ ഈ പടത്തിന്റെ സ്ഥാനം എവിടെയാണ്. സംശയം വേണ്ട, ചവറ്റുകുട്ടയിൽ തന്നെ. പക്ഷേ ഈ പടം സാമൂഹിക വിരുദ്ധമാവുന്നത് വികലവും അപക്വവുമായ അതിന്റെ രാഷ്ട്രീയ-സാമൂഹിക ഉള്ളടക്കം കൊണ്ടാണ്.
വ്യക്തിഹത്യയും വ്യാജ മതേതരത്വവും
സ്‌നേഹത്തിനായി എപ്പോഴും ദാഹിച്ച, അരുതാത്തതെന്ന് സമൂഹം പറഞ്ഞതിനെയാക്കെ വരുതിയിലക്കാൻ ശ്രമിച്ച, ജീവിതാസ്‌കതിയുടെ കൊടുമുടിയായിരുന്ന അതിസങ്കീർണ്ണ വ്യക്തിത്വമായിരുന്നു കേരളീയർ മനസ്സിലാക്കിയ മാധവിക്കുട്ടി.എന്നാൽ ആമിയിൽ ആ സങ്കീർന്നതകൾ ഒന്നും പ്രതിഫലിക്കുന്നില്ല. ഫലത്തിൽ അവരും വെറും ഒരു കുലസ്ത്രീയായി ഒതുങ്ങുന്നു! തന്നെ പ്രണയിച്ച് കടൽ കടന്നത്തെിയ തൂലികാ സുഹൃത്തിനെ നിരാശനാക്കുന്ന, ഭർത്താവിനല്ലാതെ മറ്റൊരാൾക്കും ഒപ്പം ശയിക്കാത്ത കെട്ടിലമ്മ.വിധവയായതിന് ശേഷമേ അവർ ഒരാളുമായി കിടപ്പറ പങ്കിടുന്നുള്ളൂ.സരോജ് കുമാർ ചോദിച്ചപോലെ.അതല്ലേ തറവാടിത്തം..അതല്ലേ ഹീറോയിസം!
എന്റെ കഥയിടക്കം ആമി എഴുതിയതെല്ലാം വെറും ഭാവനകൾ.ഇനി അഥവാ അവർക്ക് ആരോടെങ്കിലും പ്രണയം ഉണ്ടായിരുന്നെങ്കിൽ കുട്ടിക്കാലം തൊട്ടേ അവർ സ്വപ്നങ്ങളിൽ കാണുന്ന കൃഷ്ണനുണ്ട് കൂടെ.ടൊവീനോ തോമസിന്റെ ,വേണുനാഗവള്ളിയുടെ നിരാശാകാമുകനെ ഓർമ്മിപ്പിക്കുന്ന കഥാപാത്രം ആമിയിലെ കൃഷ്ണനാണ്.ആദ്യ പ്രണയം തോന്നിയ ചിത്രകലാധ്യാപകൻ തൊട്ട് എല്ലാവരും കൃഷ്ണന്റെ പ്രതിരൂപങ്ങൾ മാത്രം.എല്ലാം മായ എന്ന സുരക്ഷിതമായ ലൈൻ!പക്ഷേ കമൽ സാർ മാധവിക്കുട്ടി അങ്ങനെയായിരുന്നില്ല. ഇഷ്ടങ്ങളിൽ അവർക്ക് സ്വന്തമായ തീർപ്പുണ്ടായിരുന്നു.തന്റെ ലൈംഗികത ഒരു സ്ത്രീ നിർണ്ണയിക്കുന്നതിൽ എന്താണിത്ര പേടി.മാധവിക്കുട്ടിയെപ്പോലൊരാളുടെ കഥ സിനിമയാക്കുമ്പോൾപോലും സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തെയും പ്രണയത്തേയും ചങ്ങലിക്കിടേണ്ടിവരുന്ന താങ്കളുടെ ധിഷണക്കുമുന്നിൽ നല്ല നമസ്‌ക്കാരം പറയാനേ തോനുന്നുള്ളൂ.
ആമിയെ കുലസ്ത്രീയും വിശുദ്ധമായ പളുങ്കുപാത്രവുമായി ഉയർത്തുന്ന കമൽ,അവരുടെ ഭർത്താവ് മാധവദാസിനെ ഹീനമായി വ്യക്തിഹത്യ ചെയ്യുന്നുണ്ട്.അയാൾ സ്വവർഗഭോഗത്തിൽ തൽപ്പരായ വ്യക്തിയാണെന്ന് ആത്കഥാനുഷ്ഠിതമായ ചിത്രത്തിൽ വരുന്നത്,തിരിച്ച് പ്രതികരിക്കാൻ ഈ ലോകത്ത് ഇല്ലാത്ത ഒരു മനുഷ്യനോട് ചെയ്യുന്ന എത്ര വലിയ ക്രൂരതയാണെന്ന് ചിന്തിച്ചിട്ടുണ്ടോ മിസ്റ്റർ കമൽ നിങ്ങൾ.'എന്റെ കഥയിലെയും',മാധവിക്കുട്ടിയുടെ ചില സ്വകാര്യ സംഭാഷണങ്ങളിലും അങ്ങനെയാരു പരാമർശം ഉണ്ടെന്നുതന്നെ വെക്കുക.ആ ഭാഗം ഡയറക്ടായി കാണിക്കാതെ വ്യംഗ്യമായി നിങ്ങൾക്ക് പറയാമായിരുന്നു.അതാണ് കല.പറയാനുള്ള ദ്യോതിപ്പിക്കുന്നതും ഒരു ആർട്ടാണ് സർ.ഇവിടെ മുരളിഗോപിയുടെ മാധവദാസും സ്വവർഗരതിയനായ സുഹൃത്തും ചുംബിക്കുന്ന രംഗംവരെ കാണിക്കുന്നുണ്ട്.
അതിലും ഭീകരം,തന്നേക്കാൾ 20വയസ്സ് കുറവായ, വെറും 15വയസ്സ്മാത്രമുള്ള ഭാര്യയെ കാമലീലകൾ പഠിപ്പിക്കാനായി മുംബൈ ചുവന്ന തെരുവിൽനിന്ന് ഒരു ലൈംഗിക തൊഴിലാളിയെ മാധവദാസ് വീട്ടിൽ കൊണ്ടുവരുന്ന രംഗമാണ്!ആമിയെ അവരെ എൽപ്പിച്ച് കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ പറഞ്ഞ് ഓഫീസിൽപോവുകയാണ് മാന്യനായ ആ ഭർത്താവ്.തിരിച്ചുവരുമ്പോഴേക്കും 'തൊഴിൽ' പഠിച്ച ആ 15വയസ്സുകാരി ഭർത്താവിനെ സന്തോഷിപ്പിക്കുന്നു! ഓർക്കുക,ഷക്കീലപ്പടത്തിൽ കാണുമോ ഇത്രയും അശ്‌ളീലമായ രംഗം.'രതിസാമ്രാജ്യം' എഴുതിയ നാലപ്പാട്ട് നാരയണമോനോന്റെ കൊച്ചുമകൾക്ക് ആ പുസ്തകമെങ്കിലും റഫർ ചെയ്യാമായിരുന്നില്ലേ മാധവദാസിന്.
ഇനി ഈ വിവരം എവിടെനിനാണ് കമലിന് കിട്ടിയത്. എന്റെ കഥയും ,നീർമാതളം പൂത്തകാലവും തൊട്ട് മാധവിക്കുട്ടിയെ മോശമില്ലാതെ വായിച്ച ഈ ലേഖകൻ അടക്കമുള്ളവർക്ക് ആമി എവിടെയും അത്തരം ഒരു ഗുരുതര ആരോപണം ഉന്നയിച്ചതായി അറിയില്ല.( മറിച്ച് വിവരമുള്ള വായനക്കാർ ലേഖകനെ തിരുത്തട്ടെ) ഇനിയുമുണ്ട് വ്യക്തിഹത്യകൾ. തിരുവനന്തപുരത്ത് താമസിക്കുമ്പോൾ തന്നെ കാണാനത്തെിയ ഒരു നിർധന കുടുംബത്തിലെ കവയത്രി കൂടിയായ പെൺകുട്ടിക്ക് ആമി തന്റെ സ്വർണവള ഊരി നൽകുന്നു. എന്നാൽ അവർ പുറത്തിറങ്ങവേ, ആമിയുടെ ഭർത്താവ് അത് സൂത്രത്തിൽ തിരിച്ചുവാങ്ങുന്നു. ആമിക്ക് ഇപ്പോൾ അൽപ്പം ഓർമ്മക്കുറവുണ്ടെന്നും അവർ നൽകിയത് മുക്കുപണ്ടമാണെന്നും നിങ്ങൾ അത് വിൽക്കാൻ ശ്രമിക്കുമ്പോൾ പ്രശ്‌നമാവുമെന്നും പറഞ്ഞാണ് മാധവദാസ് അത് കൈക്കലാക്കുന്നത്. പകരം അയാൾ അൽപ്പം പണം നൽകുന്നുണ്ട്.
ഈ സീൻ കാണുന്ന പ്രേക്ഷകന് മാധവദാസിനോട് തോനുന്ന അഭിപ്രായം എന്തായിരിക്കും. എന്നാൽ യാഥാർഥ്യമെന്താണ്? എന്തും ദാനം ചെയ്യുന്ന ശീലം പണ്ടേയുള്ള ആളാണ് മാധവിക്കുട്ടി. ഒരാൾ കൈയിലെ വാച്ച്‌നോക്കി 'നല്ലവാച്ച്' എന്ന് പറഞ്ഞാൽ ഉടനെ അത് ഊരിക്കൊടുക്കും. ഇങ്ങനെ സ്വർണ്ണമാലതൊട്ട് ഫ്രിഡ്ജ്വരെ അവർ 'ദാനം' ചെയ്തതിൽ പെട്ടിട്ടുണ്ട്. പലരും ഇല്ലാത്ത ബാധ്യതകൾ പറഞ്ഞ് അവരെ പറ്റിക്കാറുമുണ്ട്. ഇത് പതിവായപ്പോൾ മാധവദാസ് പുറത്തെടുത്ത ഒരു കൗശലമാണ് സിനിമയിൽ ചിത്രീകരിച്ചത്. പക്ഷേ ഈ ബാക്ക് ഗ്രൗണ്ട് ചിത്രത്തിലില്ല. പെട്ടന്ന് കാണുന്നവർക്ക് തോന്നുക ,മാധവിക്കുട്ടിയുടെ ഭർത്താവ് അറുത്ത കൈക്ക് ഉപ്പുതേക്കാത്തവനാണെന്നാണ്. (പക്ഷേ യഥാർഥത്തിൽ മാധവിക്കുട്ടിയുടെ ശക്തി, ബിരുദവും ബിരുദാനന്തര ബിരുദവുവുമൊക്കെ ഒന്നാറാങ്കിൽ നേടിയ റിസർവ് ബാങ്കിൽ ഉയർന്ന ഉദ്യോഗസ്ഥനായ ഭർത്താവ് മാധവദാസ് തന്നെയായിരുന്നെന്നാണ് എംപി നാരായണപ്പിള്ളയൊക്കെ എഴുതിയത്. 'എന്റെ കഥ' 90ശതമാനവും മാധവിക്കുട്ടിയുടെ ഭാവനയാണെന്നും). മാധവദാസും കമലയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം പറഞ്ഞു ഫലിപ്പിക്കാനൊന്നും കമലിന് കഴിഞ്ഞിട്ടില്ല.
ഇനി ഇതും കമലിന്റെ ഒരു ട്രിക്കാണോ എന്ന് സംശയമുണ്ട്. പടം കണ്ട് സഹിക്കാതെ മാധവദാസിന്റെ ബന്ധുക്കൾ ആരെങ്കിലും കേസുകൊടുത്താൽ അതാ വരുന്നു, സംഘപരിവാർ ഫാസിസവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും. വിവരമില്ലാത്ത ഏതെങ്കിലും സംഘികൾ നാല് കല്ലുകൾകൂടി തീയേറ്ററിലേക്ക് വലിച്ചെറിഞ്ഞാൽ സംഗതി ജോർ. അഞ്ചുപൈസക്ക് കൊള്ളാത്ത ഈ പടം ഹിറ്റാവും! അർഹിക്കുന്ന അവഗണനയല്ലാതെ ആ കെണിയിൽ ആരും തലവെച്ച് കൊടുക്കാതിരിക്കട്ടെ. അക്കാലത്തെ പ്രശസ്തവാരികയായ മലയാള നാടിന്റെ എഡിറ്ററെയും,വിടനും വേന്ദ്രനുമാക്കി അപമാനിക്കുന്നുണ്ട് കമൽ.
ഈ ചിത്രത്തിലൂടെ കമൽ ഉയർത്തുന്ന മതേതര സന്ദേശം കേട്ടാൽ ശരിക്കും ചിരിച്ചുപോവും.ഒരു മൊല്ലാക്കയും,പള്ളീലച്ചനും,പൂജാരിയും ഒന്നിച്ചുനിന്ന് കെട്ടിപ്പിടിച്ചാൽ മതേതരത്വമാവുന്ന എൽ.പികുട്ടികളുടെ സങ്കൽപ്പംപോലൊന്ന്. ഇഷ്ടപ്പെടുന്നവരിൽ ശ്രീകൃഷ്ണനെ കാണുന്ന ആമി, അവസാനം തന്റെ മതംമാറ്റത്തിന് കാരണമായ അക്‌ബർ അലി എന്ന പ്രാസംഗികനും എഴുത്തുകാരനുമായ സഹൃദയനിലും കാണുന്നത് ശ്രീകൃഷ്ണനെയാണ്.ടൊവീനോയുടെ കൃഷ്ണൻ, ഇനി പ്രവാചകനെ കൃഷ്ണനെന്ന് വിളിക്കാനുള്ള സമ്മതം ആമിക്ക് കൊടുക്കുന്നതു കണ്ടപ്പോൾ, കണ്ണുതള്ളിപ്പോയി.എന്റെ കൃഷ്ണാ..എന്തൊരു മതസൗഹാർദം!
അല്ല, അത് ലൗ ജിഹാദല്ല!
ഒരുകാര്യത്തിൽ സന്തോഷമുണ്ട്. മാധവിക്കുട്ടി മതംമാറി കമല സുരയ്യ ആയത് സംഘപരിവാർ ആരോപിക്കുന്നപോലെ ലൗ ജിഹാദല്ലെന്ന് ചിത്രവും പറയുന്നു.(കേരളത്തിലെ ആദ്യത്തെ ലൗ ജിഹാദാണ് മാധവിക്കുട്ടിയുടെ മതംമാറ്റമെന്നാണ് ശശികല ടീച്ചറൊക്കെ ആരോപിക്കുന്നത്) മാധവിക്കുട്ടിയുടെ മതംമാറ്റത്തിന് കാരണക്കാരനായി, ലീലാമേനോനെപ്പോലുള്ള ജേർണലിസ്റ്റുകൾ പിൽക്കാലത്ത് തുറന്നടിച്ച, മുസ്ലീലീഗ് നേതാവും പ്രമുഖ വാഗ്മിയുമായ അബ്ദുസമദ് സമദാനിയുടെ രൂപവും ഭാവവും അനുകരിച്ചുകൊണ്ട്, രോമത്തൊപ്പിയുംവെച്ച് 'പൊറാട്ട മൈദാ..' എന്ന മോഡലിൽ ഗീതയും ഖുർആനുമൊക്കെ ഉദ്ധരിച്ചാണ് അനൂപ്‌മേനോൻ അക്‌ബർ അലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും അവിടെ ഈ സിനിമയുടെ ട്രേഡ് മാർക്കായ വ്യക്തിഹത്യ കമൽ കയറ്റിയിട്ടില്ല.
ആരാധനമൂത്ത് ആമിയെ കാണാനത്തെുന്ന അക്‌ബർ അലി ആദ്യ അവരെ 'അമ്മ' എന്നാണ് വിളിക്കുന്നത്. പിന്നീട് ഒരുഘട്ടത്തിൽ അത് യാദൃശ്ചികമായി പ്രണയമായി വളരുന്നു. പക്ഷേ മാധവിക്കുട്ടിയുടെ കമല സുരയ്യയിലേക്കുള്ള മാറ്റം വലിയ വിവാദ കോലാഹലങ്ങൾ സൃഷ്ടിച്ചതോടെ അയാൾ അധീരനായിപ്പോവുകയും സ്വന്തം കർമ്മ മണ്ഡലമായ ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്യുന്നു. അല്ലാതെ സംഘികൾ ആരോപിക്കുന്നതുപോലെ ആദ്യമേ മതംമാറ്റം ഉറപ്പിച്ച് അതിനായി പ്രണയിച്ച്, ശേഷം അടിനെ മേക്കാൻ സിറിയക്ക് പോകുന്ന ടെക്ക്‌നിക്കല്ല! പക്ഷേ ഇസ്ലാമിസ്റ്റുകൾക്ക് ആഹ്‌ളാദിക്കാനുള്ള വകയും സംവിധായകൻ നൽകുന്നില്ല. മതം തീർക്കുന്ന തടവറ കൃത്യമായി ചിത്രം അടയാളപ്പെടുത്തുന്നുണ്ട്.
അവസാനം ഫ്‌ളാറ്റിനുമുന്നിൽ മുസ്ലിം ചെറുപ്പക്കാരുടെ കാവലും,മൗലവിമാരുടെ ഭീഷണി മുഴങ്ങുന്ന ആജ്ഞകളും അനുസരിക്കേണ്ടിവരുന്ന സുരയ്യയെും ചിത്രം എടുത്തുകാണിക്കുന്നു. ഈ ഘട്ടത്തിൽ മാത്രമാണ് സംവിധായകന്റെതായ എന്തെങ്കിലും ക്രാഫ്റ്റ് കാണുന്നത്. കടും നിറത്തിലുള്ള സാരിയും ചുവന്ന വലിയ പൊട്ടുംതൊട്ട് നിറയെ ആഭരണങ്ങൾ ധരിച്ച മാധവിക്കുട്ടിയിൽനിന്ന്, കറുത്ത പർദയും കട്ടിക്കണ്ണടയും ധരിച്ച് ചാക്കുകെട്ടുപോലെ തോന്നിക്കുന്ന കമലസുരയ്യയുടെ പുതിയ രൂപത്തിലേക്കുള്ള പരിവർത്തനത്തിലുണ്ട് മതംമാറ്റത്തിന്റെ വ്യർഥതകൾ എല്ലാം.
വിദ്യാബാലന് വെച്ചത് യോജിക്കാതെ മഞ്ജു
പലപ്പോഴും മാധവിക്കുട്ടിയുടെ ശരീരഭാഷയെ മിമിക്രി ചെയ്യാൻ ശ്രമിക്കുകയെന്നല്ലാതെ,ആ വിഭ്രമിപ്പിക്കുന്ന വ്യക്തിത്വത്തിന്റെ ഹൃദയത്തിലേക്ക് കയറാൻ മഞ്ജുവാര്യർക്ക് കഴിഞ്ഞിട്ടില്ല.കണ്ണെഴുതി പൊട്ടും തൊട്ട്,കന്മദം, ദയ എന്നീ മുൻകാല ചിത്രങ്ങളിലെ വേഷങ്ങളുടെ നിഴൽമാത്രമാണ് ഇപ്പോൾ മഞ്ജുവിൽ കാണുന്നത്.സ്വാഭാവിക അഭിനയത്തിന് പേരുകേട്ട മഞ്ജുവിന് ഇവിടെ അടിമുടി കൃത്രിമത്വമാണ്. മേക്കപ്പുകൊണ്ടുള്ള ബാഹ്യസാമ്യത്തിലൂടെ പിടച്ചുനിൽക്കാൻ ശ്രമിക്കുന്ന പച്ചാളം ഭാസി സ്‌റ്റൈൽ! മാധവിക്കുട്ടിയുടെ പ്രശസ്തമായ ചിരി അനുകരിച്ചുകൊണ്ട് സ്ഥാനത്തും അസഥാനത്തും മഞ്ജു ചിരിക്കുമ്പോൾ പ്രേക്ഷകർ കരഞ്ഞുപോവുകയാണ്. ഡബ്ബിങ്ങ്‌പോലും നന്നായിട്ടില്ല. നാടകംപോലത്തെ സംഭാഷണങ്ങൾ ഉള്ള ഫീലും നശിപ്പിച്ചു.
ഈ പടം വിദ്യാബാലൻ അഭിനയിക്കേണ്ടത് തന്നെയായിരുന്നു. അല്ലെങ്കിൽ നമ്മുടെ പാർവതിയയാപ്പോലും ഇതിനേക്കാൾ മെച്ചമായേനെ. ആമിയുടെ ബാല്യ-കൗമാരങ്ങൾ അഭിനയിച്ച കുട്ടികളൊക്കെ എത്ര സ്വാഭവികമായാണ് ക്യാമറയെ അഭിമൂഖീകരിക്കുന്നത് എന്ന് ഓർക്കുമ്പോഴാണ് ലേഡി സൂപ്പർ സ്റ്റാറിന്റെ പതനത്തിന്റെ ആഴം വ്യക്തമാവുക. രണ്ടാംവരവിൽ ഈ അനുഗൃഹീത നടിക്ക് കിട്ടിയ മിക്ക കഥാപാത്രങ്ങളിലും ആർട്ടിഫിഷ്യാലിറ്റി ശരിക്കും തോനുന്നുണ്ട്. എന്നിട്ടും ആരും മഞ്ജുവിന്റെ ശ്രദ്ധയിൽ മാത്രം പെടുത്തില്ല!
ആമിയുടെ ഭർത്താവായി വേഷമിട്ട മുരളിഗോപി പക്ഷേ വ്യതിരിക്തമായ കഥാപാത്രത്തെ ഉൾക്കൊണ്ടാണ് അഭിനയിച്ചത്. പിതാവ് ഭരത് ഗോപിയെപ്പോലെതന്നെ മലയാളത്തിന് ശരിക്കും മുതൽക്കുട്ടാണ് ഈ നടൻ. ആമിയുടെ സങ്കൽപ്പങ്ങളിലെ ശ്രീകൃഷ്ണനായി വന്ന ടൊവീനോ തോമസിന്റെ വേഷവും പാളി. അടിമുടി കൃത്രിമത്വമാണ് ഈ വേഷത്തിലും.
അടിക്കടി വിജയമായി വളർച്ചയുടെ പടവുകൾ താണ്ടിക്കൊണ്ടിരിക്കുന്ന അവസരത്തിൽ ഇതുപോലൊരു വേഷം ടൊവീനോക്ക് വേണ്ടായിരുന്നു. ആമിയുടെ അവസാന പ്രണയനായകനായി വരുന്ന അക്‌ബർ അലിയായ നമ്മുടെ അനൂപ് മേനോനും സാമാന്യം നന്നായി ബോറടിപ്പിച്ചു. കഥാപ്രസംഗത്തിലെന്ന പോലെ ജീവിതത്തിൽ സംസാരിക്കുന്ന ഒരാൾ. കഷ്ടം എന്നല്ലാതെന്തുപറയാൻ. പക്ഷേ കുറ്റംമാത്രം പറയരുതല്ലോ. ആമിയുടെ പിതാവ് വി എം നായരായി വരുന്ന അനിൽ നെടുമങ്ങാട്, പത്രാധിപരായ രഞ്ജി പണിക്കർ, സ്വർണ്ണപ്പണിക്കാരായി ഒരു സീനിൽ മാത്രം വരുന്ന ഇന്ദ്രൻസ്, വേലക്കാരിയുടെ വേഷമിട്ട കെ.പി.എ.എസി ലളിത, ആമിയുടെ അമ്മൂമ്മയായ ശ്രീദേവി എന്നിവരൊക്കെ തീർത്തും സ്വാഭാവികമായാണ് വേഷങ്ങൾ ചെയ്തിട്ടുള്ളത്. ആമിയുടെ അമ്മയായ ബാലാമണിയമ്മയുടെ വേഷമിട്ട നടി ശരിക്കും അഭിനന്ദനം അർഹിക്കുന്നുണ്ട്.
റിലീസിനുമുമ്പേ ഹിറ്റായ റഫീക്ക് അഹമ്മദ്-എം.ജയചന്ദ്രൻ ടീമിന്റെ ഇമ്പമാർന്ന നീർമാതളപ്പാട്ട് തന്നെയാണ് ചിത്രത്തിന്റെ തീം സോങ്ങ്. മൊത്തത്തിൽ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലവും കാതിനിമ്പമുള്ളതാണ്. ബ്രിട്ടീഷ് ഇന്ത്യതൊട്ട് ആധുനിക കേരളംവരെയുള്ള കാലം ഒരുക്കിയതിൽ കലാസംവിധായകനും ക്യാമറാനും അഭിമാനിക്കാം. പക്ഷേ ചോറെത്ര നന്നായിട്ടെന്താ, താളല്ലേ കറി എന്നു പറഞ്ഞപോലെ, ഇവരൊക്കെ എത്ര കഷ്ടപ്പെട്ടാലും സംവിധായകന്റെ തലച്ചോറിൽ വല്ലതുമില്ലെങ്കിൽ പടം നന്നാവുമോ? അനാവശ്യമായ ഒരു പാട് രംഗങ്ങൾ ചെത്തിക്കളഞ്ഞ് ചിത്രത്തിന്റെ നീളം അൽപ്പംകുറക്കാൻ എഡിറ്റർ ശ്രദ്ധിച്ചതുമില്ല. അങ്ങനെയാണെങ്കിൽ രണ്ടാംപകുതിയിലെ ഇഴച്ചിലിന് അൽപ്പം സമാധാനമായേനെ.
വാൽക്കഷ്ണം:
വിദ്യാബാലനെക്കുറിച്ച് കമൽ പറഞ്ഞത് അച്ചട്ടാണെന്ന് ചിത്രം കണ്ടപ്പോൾ തോന്നി. വിദ്യാബാലനായിരുന്നെങ്കിൽ ചിത്രത്തിൽ കൂടുതൽ ലൈംഗിക കടന്നുവരുമായിരുന്നെന്ന് ആദ്യം പറഞ്ഞ കമൽ, പിന്നീടത് വൻ വിവാദമായപ്പോൾ വിദ്യയായിരുന്നെങ്കിൽ ലൈംഗിക വിഷയങ്ങൾ ചിത്രീകരിക്കുമ്പോൾ തനിക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടുമായരിന്നു എന്നാണ് പറഞ്ഞിരുന്നതെന്ന് തിരുത്തിയിരുന്നു. സംഗതി ശരിയാണ്. ലൈംഗിക ചിത്രീകരിക്കുന്ന സീനുകളിൽ മഞ്ജു അസഹനീയ ബോറാണെന്ന് മാത്രമല്ല ഇമേജിന്റെ സമ്മർദ്ദവും പ്രകടമാണ്.
മാക്‌സിയുടത്താണ് ഭർത്താവുമായുള്ള അവരുടെ ഒരു കിടപ്പറ രംഗംപോലും കാണിക്കുന്നത്! ഇത്രമാത്രം സദാചാരബോധത്തിന്റെയും തറവാട്ടമ്മ ഇമേജിലും അഭിരമിക്കുന്നവർ ഇത്തരം അപകടം പിടിച്ച വേഷങ്ങൾക്കൊന്നും ഇറങ്ങിപ്പുറപ്പെടുരുതെന്നാണ് ഈ പടത്തിന്റെ ഗുണപാഠം! സൂർത്തുക്കളേ...ദൂരെ എവിടെനിന്നോ വിദ്യാബാലന്റെ ചിരി നിങ്ങൾ കേൾക്കുന്നില്ലേ.