തിരുവനന്തപുരം: നെടുമങ്ങാടുള്ള ഫ്ളാറ്റിൽ യുവാവും യുവതിയും മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തപ്പോൾ പ്രതിസന്ധിയിലാകുന്നത് ആറു വയസ്സുകാരിയുടെ ജീവിതം. ആനാട് സ്വദേശികളായ ബിന്ദു (29), അഭിലാഷ് (38) എന്നിവരാണ് മരിച്ചത്. ആനാട് കാർഷിക വികസന ബാങ്കിനു എതിർവശത്തായാണ് ഫ്ളാറ്റ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

വിവാഹമോചനം നേടാനുള്ള നോട്ടീസ് നൽകിയ ശേഷമാണ് ബിന്ദു അഭിലാഷിനൊപ്പം താമസം ആരംഭിച്ചത്. അഭിലാഷ് അവിവാഹിതനാണ്. ആദ്യവിവാഹത്തിൽ ബിന്ദുവിന് ആറര വയസ്സുള്ള മകളുണ്ട്. സംഭവസമയത്ത് മകൾ പുറത്തേയ്ക്ക് ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിദേശത്തായിരുന്ന അഭിലാഷ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്.

ഇരുവരും മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പുറത്ത് വരുന്ന വിവരം. രണ്ട് വർഷം മുൻപായിരുന്നു ഇവരുടെയും വിവാഹം എന്നും സൂചനയുണ്ട്. എന്നാൽ വിവാഹക്കാര്യം അഭിലാഷിന്റെ വീട്ടിൽ അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പ്രവാസിയായ അഭിലാഷ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.തുടർന്ന് ഇവർ തമ്മിൽ ഉണ്ടായ വാക്കേറ്റത്തിൽ ബിന്ദു ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ അഭിലാഷിനും പൊള്ളലേറ്റു.

ഫയർ ഫോഴ്സും നാട്ടുകാരും വീട്ടിലെത്തിയപ്പോഴേക്കും ഇരുവരും മരിച്ചു.രണ്ടു പേരുടെയും മൃതദേഹം രണ്ടു മുറിയിലായാണ് കാണപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മകളുടെ ദേഹത്ത് മണ്ണെണ ഒഴിച്ചെങ്കിലും കുട്ടി ഓടി രക്ഷപ്പെട്ടു. വൈകിട്ട് നാലരയോടെയാണ് നെടുമങ്ങാട് നളന്ദ ടവറിൽ ദാരുണമായ സംഭവം നന്നത്. ആറുവയസുള്ള പെൺകുട്ടി കരഞ്ഞ് വിളിച്ചത് കേട്ടെത്തിയ അയൽവാസികൾ കണ്ടത് വീട്ടിനകത്ത് നിന്ന് കത്തുന്ന അഭിലാഷിനേയും ബിന്ദുവിനേയുമാണ്.

കശുവണ്ടി കമ്പനിയിൽ തൊഴിലാളിയായ ബിന്ദു വിവാഹ മോചിതയാണ്. ബിന്ദുവും അഭിലാഷും കഴിഞ്ഞ മൂന്നുവർഷമായി ഒരുമിച്ചാണ് കഴിയുന്നത്. വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് അഭിലാഷ് വേറെ വിവാഹം കഴിക്കുമെന്ന ബിന്ദുവിന്റെ സംശയത്തെ തുടർന്ന് ഇരുവർക്കുമിടയിൽ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അമ്മയും വളർത്തച്ഛനും മരിച്ചതോട ആറുവയസ്സുകാരിയുടെ ഭാവി അനിശ്ചിതത്വത്തിലായി.