കോഴിക്കോട്: പെൺമക്കളെ കെട്ടിച്ചയക്കുക എന്നത് ഏതൊരു വീട്ടുകാരെയും സംബന്ധിച്ചിടത്തോളവും ശ്രമകരമായ കാര്യമാണ്. ചെലവ് അനുദിനം വർദ്ധിച്ചു വരുമ്പോൾ ഭാരം താങ്ങാൻ കഴിയാത്ത വിധം ആളുകൾ കഷ്ടപ്പെടും. ഇവിടെയാണ് സഹായവുമായി ആങ്ങളമാർ എത്തുന്നത്. പാവപ്പെട്ട പെൺകുട്ടികളെ വിവാഹത്തിന് ഒരു കൈ സഹായം എത്തിക്കുന്നവരുടെ കൂട്ടായ്മയാണ് ആങ്ങളമാർ എന്നത്. ഇവർ നേതൃത്വം വൽകുന് വിവാഹം ഈ വരുന്ന ഞായറാഴ്ച മണ്ണാർക്കാട് കക്കുപ്പടി മഹാദേവ ക്ഷേത്രത്തിൽ ഒരു വിവാഹം നടക്കും.

രാവിലെ 9.30നും 10 നും ഇടയ്ക്ക്. ബന്ധുക്കളല്ലാത്ത ഏതാനും ആങ്ങളമാർ യഥാസമയം ഇടപെട്ടതുകൊണ്ടാണ് വിവാഹം നടക്കുന്നത്. മണ്ണാർക്കാട് മുക്കാലിയിലെ കാട്ടുശ്ശേരി നരിയൻപറമ്പിൽ പരേതനായ അളകേശന്റെയും ശാരദയുടെയും മകൾ പ്രിയയും കപ്രാട്ടിൽ വീട്ടിൽ പരേതനായ നാരായണന്റെയും ശാരദയുടെയും മകൻ കൃഷ്ണകുമാറുമാണ് വിവാഹിതരാവുന്നത്. അതൊരു കൂട്ടായ്മയാണ്.

ആളും അർത്ഥവുമില്ലാതെ വിവാഹം മുടങ്ങുന്ന പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കാൻ ഉണ്ടാക്കിയ കൂട്ടായ്മയാണ് ആങ്ങളമാർ. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ഏറ്റെടുത്ത് നടത്തുന്ന ഈ സംഘം ആങ്ങളമാരുടെ നേതൃത്വത്തിലുള്ള ആദ്യവിവാഹമാണ് ഫെബ്രുവരി 11ന് മണ്ണാർക്കാട്ട് നടക്കുന്നത്. വിവാഹഭാഗ്യം കൈവരാതെ ജീവിതം തള്ളിനീക്കുന്ന നിരാശ്രയരായ സഹോദരിമാർ നിങ്ങളുടെ അറിവിലോ പരിചയത്തിലോ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന സഹോദരിമാരുടെ മംഗല്യത്തിന് സാമ്പത്തികം ഒരു തടസമാവില്ല. ഞങ്ങളുണ്ട് കൂടെ

ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് അർഹരായവരെ കണ്ടെത്തിയാൽ പിന്നെ ആങ്ങളമാർ രംഗത്തിറങ്ങുകയായി. വിവാഹക്ഷണക്കത്ത് തയ്യാറാക്കുക, പത്തു പവന്റെ ആഭരണം വാങ്ങിക്കൊടുക്കുക, വധുവിനും കുടുംബത്തിനും കല്യാണ വസ്ത്രങ്ങൾ വാങ്ങുക, കതിർമണ്ഡപമൊരുക്കുക, തലേദിവസത്തെ സൽക്കാരത്തിന് ഭക്ഷണമൊരുക്കുക, കല്യാണസദ്യയൊരുക്കുക തുടങ്ങി സദ്യ വിളമ്പൽ വരെ ആങ്ങളമാരാണ് നടത്തുക. എല്ലാ ചെലവും ആങ്ങളമാർ സ്വന്തം കൈയിൽ നിന്ന് എടുക്കും. വിവാഹച്ചടങ്ങിന് കൊഴുപ്പു കൂട്ടാൻ തലേദിവസം വധുവിന്റെ വീട്ടിൽ ഗാനമേളയും സംഘടിപ്പിക്കും. ഒന്നിനും ഒരു കുറവുമില്ല! സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ആങ്ങളമാർക്ക് ഒരു വ്യവസ്ഥയുണ്ട്. വരനെ കണ്ടെത്തേണ്ടത് പെൺവീട്ടുകാരുടെ ഉത്തരവാദിത്വമാണ്.

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 14 ചെറുപ്പക്കാരാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെ വിവാഹത്തിനായി മുണ്ടു മടക്കിക്കുത്തി തയ്യാറെടുത്തിരിക്കുന്നത്. 'മോശമായ സാമ്പത്തിക ചുടുപാടുകൾ കാരണം വിവാഹിതരാകാൻ കഴിയാതെ നിൽക്കുന്ന പെൺകുട്ടികൾ നിങ്ങളുടെ പരിചയത്തിൽ ഉണ്ടെങ്കിൽ അവരെ സഹായിക്കാൻ ആങ്ങളമാരുടെ സ്ഥാനത്ത് ഞങ്ങളുണ്ടാകും', സംഘാംഗങ്ങൾ ഗ്രൂപ്പിന്റെ ലക്ഷ്യം ഒറ്റവാചകത്തിൽ അവതരിപ്പിക്കുന്നതിങ്ങനെ. ജീവിതചെലവ് തന്നെ താങ്ങാനാവാത്തവിധം കൂടിവരുമ്പോൾ പെൺമക്കളുടെ വിവാഹചെലവ് വഹിക്കാൻ കഴിയാത്തതിനാൽ മക്കളുടെ വിവാഹം മനഃപൂർവ്വം വൈകിപ്പിക്കുന്ന ഒരുപാട് മാതാപിതാക്കൾ ഇന്നുണ്ട്. അവർക്കിടയിലേക്ക് ആങ്ങളമാരുടെ സ്ഥാനത്ത് ഇവർ തങ്ങളെ സ്വയം സമർപ്പിക്കുന്നു.

വരനെ കണ്ടെത്തിയിട്ടും വിവാഹം നടത്താൻ വിഷമിക്കുന്നവരോട് മടികൂടാതെ തങ്ങളെ സമീപിക്കാനാണ് ഇവരുടെ വാക്ക്. ആങ്ങളമാർ എന്ന പേരിൽ ഇവർ ഒരു ഫേസ്‌ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്. ദൈവം നൽകിയ അനുഗ്രഹങ്ങൾ ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാനുള്ളതാണെന്ന തിരിച്ചറിവാണ് ഇത്തരത്തിലൊരു ദൗത്യം ഏറ്റെടുക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഇവർ പറയുന്നു.

ജൂവലേഴ്സിലെ ജീവനക്കാരായ 14 പേരാണ് ഈ ഉദ്യമത്തിൽ കൈകോർക്കുന്നവർ. അനിൽ, ഷാജി, ബിജു ജോർജ്, സെബാസ്റ്റ്യൻ, ഗോകുൽദാസ്, ജോജി, ജിജോ, നിഷാദ്, ജിയോ ഡാർവിൻ, മഹേഷ്, പ്രജീഷ്, സുധീഷ്, ബഷീർ, അരുൺ എന്നീ പതിന്നാലു സുമനസുകളാണ് ആങ്ങളമാരായി കൈകോർത്തിരിക്കുന്നത്. സ്വന്തം വരുമാനത്തിൽ നിന്നാണ് ഇവർ ഇതിനായുള്ള പണം കണ്ടെത്തുന്നത്.

ആങ്ങളമാരുടെ നമ്പർ: 9645324587, 989561248, 7558040898
ഇ.മെയിൽ ഐ.ഡി: aanglamaar@gmail.com
ഫേസ്‌ബുക്ക് അക്കൗണ്ട്: www.facebook.com/aanglamaar