ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് ഡൽഹി ഹൈക്കോടതിയുടെ ആശ്വാസ വിധി. 20 ആപ്പ് എംഎൽഎമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ഡൽഹി ഹൈക്കോടതി റദ്ദാക്കിയതാണ് കെജ്രിവാളിനും സംഘത്തിനും ആശ്വാസം പകർന്നിരിക്കുന്നത്. ആദായകരമായ പദവി വഹിച്ചതിനെ തുടർന്നായിരുന്നു കഴിഞ്ഞ മാസം 20 ആപ് എംഎൽഎമാരെ ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയത്.

എംഎ‍ൽഎമാരെ അയോഗ്യരാക്കിയത് രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല. എംഎ‍ൽഎമാരുടെ വാദം കേൾക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരട്ട പദവി കേസ് കമ്മിഷൻ വീണ്ടും പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

20 ആപ്പ് എംഎൽഎമാർ പാർലമെന്ററി സെക്രട്ടറിമാരായി 2015 മാർച്ച് 13 മുതൽ 2016 സെപ്റ്റംബർ 8 വരെ പദവി വഹിച്ചു. ഇതാണ് അയോഗ്യരാക്കാൻ ഇടയാക്കിയത്. കഴിഞ്ഞ ജനുവരി 19നാണ് 20 എംഎൽഎമാർക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത കൽപ്പിച്ചത്. ഇത് ഇരട്ടപ്പദവിയാണെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് പട്ടേൽ ആണ് കമ്മിഷന് പരാതി നൽകിയത്.

തുടർന്ന് ഇക്കാര്യത്തിൽ പരാതി സ്വീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ജനുവരി 19ന് 20 എംഎ‍ൽഎമാർക്കും അയോഗ്യത കൽപ്പിച്ചത് ആം ആദ്മിക്ക് കനത്ത തിരിച്ചടിയായിരുന്നു. കമ്മിഷൻ നൽകിയ ശുപാർശ രണ്ട് ദിവസത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചതോടെ ആം ആദ്മി പരാതിയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കമ്മിഷൻ തീരുമാനമെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു ഹർജിയിലെ ആരോപണം. തുടർന്ന് ഇക്കാര്യത്തിൽ വാദം കേട്ട കോടതി എംഎ‍ൽഎമാരുടെ ഭാഗം കൂടി കേൾക്കണമെന്നും ഇതിന് ശേഷം തീരുമാനമെടുക്കണമെന്നും കമ്മിഷനോട് നിർദ്ദേശിക്കുകയായിരുന്നു.