- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിൽ എല്ലാ വീടുകളിലും 300 യൂണിറ്റ് സൗജന്യവൈദ്യുതി; വാഗ്ദാനം നിറവേറ്റി ആംആദ്മി സർക്കാർ
ചണ്ഡിഗഡ്: പഞ്ചാബിൽ എല്ലാ വീടുകളിലും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് ആംആദ്മി സർക്കാർ. ജൂലൈ 1 മുതൽ എല്ലാ മാസവും ഈ ആനുകൂല്യം ലഭ്യമാകും. പഞ്ചാബിൽ ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഒരു മാസം പൂർത്തിയാക്കിയ വേളയിലാണ് പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയിരിക്കുന്നത്. ജനങ്ങളെ തേടി അടുത്തുതന്നെ ഒരു ശുഭവാർത്ത എത്തുമെന്ന് മൻ പ്രഖ്യാപിച്ചിരുന്നു.
പത്ര പരസ്യങ്ങളിലൂടെയാണ് എഎപി സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഏത് രീതിയിലാകും ഇത് നടപ്പാക്കുക എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഭഗവന്ത് മൻ ശനിയാഴ്ച വിശദീകരിച്ചേക്കും. പഞ്ചാബിൽ നിലവിൽ കാർഷിക മേഖലയ്ക്ക് വൈദ്യുതി സൗജന്യമാണ്. കൂടാതെ, പട്ടികജാതി, പിന്നാക്ക-ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗങ്ങളിലെ എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യമായി നൽകുന്നുണ്ട്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മൻ ഇപ്രകാരം പറഞ്ഞത്. പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങൾക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് ആംആദ്മി പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളാണ് ഈ നയം പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന് ആവശ്യമായതിലും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചിട്ടും പവർക്കട്ട് അടക്കം ഊർജപ്രതിസന്ധി നിലനിൽക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. നിരവധി പേർക്ക് ഉയർന്ന വൈദ്യുതി ബിൽ ലഭിക്കുന്നതും സംസ്ഥാനത്ത് സർവസാധാരണമാണ്.
'പഞ്ചാബിൽ ഒട്ടേറെ പാവപ്പെട്ട കുടുംബങ്ങൾക്ക് തെറ്റായ വൈദ്യുതി ബിൽ ആണ് നൽകിവരുന്നത്, പണമടച്ചില്ലെന്ന കാരണം പറഞ്ഞതു പല വീടുകളിലെയും വൈദ്യുതിബന്ധം വിച്ഛേദിച്ചു. പല ആളുകളും വൈദ്യുതി മോഷ്ടിക്കേണ്ട ഗതികേടിലാണ് ഇപ്പോഴുള്ളത്'- കേജ്രിവാൾ കൂട്ടിച്ചേർത്തു. അതേസമയം കാർഡുടമകളുടെ വീട്ടുപടിക്കൽ റേഷൻ സൗജന്യമായി എത്തിക്കുന്ന പദ്ധതിക്ക് പഞ്ചാബ് സർക്കാർ കഴിഞ്ഞ മാസം രൂപം കൊടുത്തിരുന്നു. ഇതുകൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നായി 25,000 തൊഴിൽ അവസരങ്ങൾ സംസ്ഥാനത്തെ തൊഴിൽരഹിതർക്കായി കഴിഞ്ഞമാസം തുറന്നുകൊടുത്തു. ഇതിൽ 10,000 ഒഴിവുകൾ പൊലീസ് മേഖലയിൽ നിന്നാണ്.
മാർച്ചിൽ നടന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയും ബിജെപി-പഞ്ചാബ് ലോക് കോൺഗ്രസ്- എസ്എഡി കൂട്ടുകെട്ടും ശിരോമണി അകാലി ദൾ - ബിഎസ്പി കൂട്ടുകെട്ടും ഭേദിച്ച് സംസ്ഥാന ഭരണം ആംആദ്മി പാർട്ടി സ്വന്തമാക്കിയിരുന്നു. 92 സീറ്റുകൾ നേടിയാണ് പാർട്ടി അധികാരത്തിലെത്തിയത്. രണ്ടാമതെത്തിയ കോൺഗ്രസിന് 18 സീറ്റ് നേടാനേ കഴിഞ്ഞുള്ളു. സംസ്ഥാനത്ത് ആകെ 117 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
ന്യൂസ് ഡെസ്ക്