ന്യൂഡൽഹി: ഡൽഹി നിയമസഭയിലെ എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം കുത്തനെ വർദ്ധിപ്പിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തീരുമാനിച്ച നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്നും ശക്തമായ വിമർശനമാണ് ഉണ്ടായിരുന്നത്. എന്നാൽ, ഡൽഹിപോലൊരു മെട്രോ നഗരത്തിൽ ജീവിക്കുമ്പോൾ അതിന് വേണ്ട ചെലവ് വൻതോതിലാണ്. ഇക്കാര്യം കൂടി പരിഗണിക്കുമ്പോൾ കെജ്രിവാൾ ചെയ്ത നടപടി അധികം വിമർശിക്കേണ്ട കാര്യമില്ലെന്ന് തോന്നും. കാരണം ഉയർന്ന ജീവിത ചിലവും ഇതിനൊപ്പം രാഷ്ട്രീയ പ്രവർത്തനങ്ങളും കൂടി ഒരുമിച്ച് കൊണ്ടുപോകാൻ പല എംഎൽഎമാരും ബുദ്ധിമുട്ടുകയാണ്. ഇക്കാര്യം വ്യക്തമായി പഠിച്ചാണ് കെജ്രിവാൾ എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം 400 ശതമാനം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

ഇങ്ങനെ ഡൽഹി സർക്കാർ ഒരു തീരുമാനം കൈക്കൊണ്ടന്നതിന്റെ പിന്നാലെയാണ് ഒരു എംഎൽഎയുടെ ദുരന്തകഥയും വാർത്തകളിൽ നിറഞ്ഞത്. ആറ് മാസമായി മക്കളുടെ സ്‌കൂൾ ഫീസ് അടയ്ക്കാൻ സാധിക്കാത്തതിനാൽ എംഎൽഎയുടെ മക്കളെ സ്‌കൂളിൽ നിന്നും പുറത്താക്കുകയായിരുന്നു. ഓഖ്‌ല മണ്ഡലത്തിന്റെ പ്രതിനിധിയായ അമാനത്തുള്ള ഖാനാണ് കുട്ടികളുടെ ഫീസ് അടയ്ക്കാൻ കഴിയാതെ വന്നത്. ഇതോടെ കുടുംബത്തിന്റ മുഖത്ത് പോലും നോക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് അമാനുള്ള ഖാൻ.

ഏതൊരു കുടുംബത്തെയും അസഹ്യപ്പെടുത്തുന്നതും അപാമനപ്പെടുത്തുന്നതുമായ അവസ്ഥയാണ് താനും തന്റെ കുടുംബലവും അകപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. എന്റെ ഭാര്യയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ല. അവസാന അവസരം എന്ന നിലയ്ക്ക് ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സ്‌കൂൾ അധികൃതരുടെ അറിയിപ്പ് വന്ന കാര്യം അറിയിക്കാൻ എന്റെ ഭാര്യ ഒത്തിരി ശ്രമിച്ചിരുന്നു. നിർഭാഗ്യത്തിന് ഞാനിന്നലെ നിയമസഭയിൽ കുടുങ്ങി. ഇന്നാണെങ്കിൽ പാർട്ടിയുടെ ഒരു പ്രതിഷേധ പരിപാടിയിലും പങ്കെടുക്കേണ്ടതായുണ്ടായിരുന്നു. പിന്നീട് എനിക്ക് കിട്ടുന്നത് കുട്ടികളുടെ പേര് രജിസ്റ്ററിൽ നിന്നും നീക്കം ചെയ്തതായുള്ള ഫോൺ സന്ദേശമാണ്. സത്യം പറഞ്ഞാൽ എന്റെ കുട്ടികളുടെ സ്‌കൂൾ ഫീസ് എനിക്ക് താങ്ങാൻ കഴിയുന്നതല്ല, ആവുമായിരുന്നെങ്കിൽ ഇത്രയും നാളത്തെ ഡ്യൂസ് ഇടില്ലായിരുന്നു. നിങ്ങൾ സത്യസന്ധനായൊരു ജനപ്രതിനിധിയാണെങ്കിൽ ഇപ്പോൾ കിട്ടുന്ന തീർത്തും അപര്യാപ്തമായ വേതനം കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല- അമാനത്തുള്ള ഖാൻ പറയുന്നു.

അമാനത്തുള്ളയുടെ മകൻ ഏഴാം ക്ലാസിലും മകൾ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. ഹംദർദ് പബ്ലിക് സ്‌കൂളിലാണ് ഇരുവരും പഠിക്കുന്നത്. കുട്ടികളെ പുറത്താക്കിയതിനെ തുടർന്ന് അവർക്ക് അതേ സ്‌കൂളിൽ തന്നെ പുനപ്രവേശനം കിട്ടുമോയെന്നറിയാൻ ശ്രമിക്കുകയാണ് അമാനത്തുള്ള. വീണ്ടും പ്രവേശനം കിട്ടണമെങ്കിൽ നിലവിലുള്ള ഫീസ് കുടിശ്ശിക കൂടാതെ മറ്റൊരു തുക കൂടി കൊടുക്കേണ്ടി വരും. അതിനുള്ള നിവൃത്തി എനിക്കില്ലായിരുന്നുവെന്നാണ് ആം ആദ്മി എംഎൽഎ പറയുന്നത്.

83,500 രൂപയാണ് ഒരു മാസം എനിക്ക് എംഎൽഎ എന്ന നിലയിൽ ലഭിക്കുന്നത്. ഇതിൽ 62,000 രൂപ എന്റെ ഓഫിസ് നടത്തിക്കൊണ്ടുപോകാൻ തന്നെ ചെലവാകും. ഓഫിസിൽ രണ്ട് ഡേറ്റ ഓപ്പറേറ്റർമാരുണ്ട്, അവർക്ക് മാസം 30,000 രൂപ ശമ്പളയിനത്തിൽ കൊടുക്കണം. 12,000 രൂപയാണ് ഡ്രൈവറുടെ ശമ്പളം, രണ്ട് ഓഫീസ് ബോയ്‌സ് ഉണ്ട്; അവർക്കായി 20,000 ഓരോ മാസവും മാറ്റിവയ്ക്കണം. ഇതെല്ലാം കഴിഞ്ഞു കിട്ടുന്നതുകൊണ്ടുവേണം എനിക്കും കുടുംബത്തിനും കഴിയാൻ. വീടിന്റെ ഗ്രൗണ്ട് ഫ്‌ളോറാണ് ഞാൻ ഓഫിസായി ഉപയോഗിക്കുന്നത്. വളരെ സുതാര്യമാണ് എന്റെ സാമ്പത്തിക ഇടപാടുകളെല്ലാം. പക്ഷെ ഒരു കുടുംബനാഥനെന്ന നിലയിലും പിതാവെന്ന നിലയിലും എനിക്കെന്റെ ഭാര്യയുടെയും കുട്ടികളുടെയും മുഖത്തുപോലും നോക്കാൻ കഴിയാത്ത നിലയാണ്. എംഎൽഎമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ നിയമസഭ പാസ്സാക്കിയ ബില്ലിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകുന്നതിലാണ് ഇപ്പോൾ തന്റെ പ്രതീക്ഷയെന്നും ഖാൻ പറഞ്ഞു.

നേരത്തെ കെജ്രിവാൾ കൈക്കൊണ്ട തീരുമാനം അനുസരിച്ച് വർധിപ്പിച്ച നിരക്കനുസരിച്ച് എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം 12,000ൽനിന്ന് 50,000മായാണു വർധിക്കുക. മറ്റ് ആനുകൂല്യങ്ങൾ ഉൾപ്പെടെ മാസത്തിൽ എംഎൽഎമാരുടെ ശമ്പളം 2.1 ലക്ഷമായിരിക്കും. ഇതുവരെ അത് 80,000 രൂപയായിരുന്നു. 20,000 രൂപയായിരുന്ന മന്ത്രിമാരുടെ അടിസ്ഥാന ശമ്പളം 80,000 രൂപയായും ഉയർത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന നിയമസഭാ സാമാജികരായിരിക്കും ഡൽഹി എംഎൽഎമാർ. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും അമാനുള്ളയുടെ കഥ രാഷ്ട്രീയ ആർഭാഡങ്ങൾക്കിടയിൽ വ്യത്യസ്തമാണ്.