ഡൽഹി: പാർലമെന്റ് സെക്രട്ടറി പദവി വഹിച്ച ആം ആദ്മി പാർട്ടിയുടെ 20 എംഎൽഎമാർ അയോഗ്യർ തന്നെ. എംഎൽഎമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള ശുപാർശയിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പു വെച്ചു.

ഒറ്റയടിക്ക് 20 എംഎൽഎമാർ പോയാലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മുഖ്യമന്ത്രി കസേര ഭദ്രം തന്നെയാണ്. 66ൽ നിന്നും 20 എംഎൽഎമാർ പോയതോടെ കെജ്രിവാളിന്റെ ഭൂരിപക്ഷം 46ആയാണ് കുറഞ്ഞത്.

അതേസമയം അടുത്ത ആറുമാസത്തിനുള്ളിൽ ഡൽഹിയിലെ 20 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതാണെന്ന് ഉന്നെതവൃത്തങ്ങൾ അറിയിച്ചു. എംഎ‍ൽഎ മാർ ഇരട്ടപ്പദവി വഹിച്ചതാണ് അയോഗ്യരാക്കാനുള്ള പ്രധാനകാരണമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിച്ചത്.

നിലവിൽ എംഎ‍ൽഎ പദവിയിലിരിക്കെത്തന്നെ പ്രതിഫലം പറ്റുന്ന പാർലമെന്ററി സെക്രട്ടറി സ്ഥാനം ഇവർ വഹിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് പ്രതിപക്ഷവും ഡൽഹിയിലെ പ്രമുഖ അഭിഭാഷകനും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

വെള്ളിയാഴ്ച രാവിലെ ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിൽ ആരോപണവിധേയരായ എംഎ‍ൽഎ മാരെ അയോഗ്യരാക്കാൻ തീരുമാനമെടുത്തിരുന്നു. ഡൽഹി രാജ്യസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് കമ്മീഷൻ ഈ നടപടിയിലേക്ക് കടന്നത്.

എഴുപതംഗ മന്ത്രിസഭയിൽ 66 പേരുടെ ഭൂരിപക്ഷമുള്ള പാർട്ടിയാണ് ആം ആദ്മി. 20 പേർ അയോഗ്യരാക്കപ്പെട്ടാലും 46 പേരുടെ പിന്തുണ പാർട്ടിക്കുണ്ടാകും. ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ ഒരുപക്ഷെ പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾക്ക് അത് ഇടയാക്കും.