- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്വാസം കിട്ടുന്നില്ല; ഇനി വെറും മൂന്ന് മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രം; അത് ഇല്ലാതെയായാൽ വെള്ളം ലഭിക്കാതെ മീനുകൾ ചത്ത് പൊങ്ങുന്നതുപോലെ മനുഷ്യരും മരിക്കും; ജീവന് വേണ്ടി കേണപേക്ഷിച്ച് എഎപി എംഎൽഎ; ഹൃദയം തകർക്കുന്ന വീഡിയോ
ന്യൂഡൽഹി: 'ശ്വാസത്തിനായി പിടയുകയാണ്. ഈ ആശുപത്രിയിൽ ഇനി വെറും മൂന്ന് മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമേ ബാക്കിയുള്ളൂ. മാസ്ക് മാറ്റിയാൽ നീന്തൽ അറിയാത്ത ആളെ കുളത്തിലേക്ക് തള്ളിയിട്ട അവസ്ഥയാണ്.' ആശുപത്രി കിടക്കയിലുള്ള രോഗികളുടെ ജീവന് വേണ്ടി അപേക്ഷിച്ചുകൊണ്ട് ഡൽഹിയിൽ നിന്നുമൊരു വേദനിപ്പിക്കുന്ന വീഡിയോ. ഡൽഹിയിലെ ആംആദ്മി പാർട്ടി എംഎൽഎ ആയ സൗരഭ് ഭരദ്വാജ് ആണ് ആശുപത്രി കിടക്കയിൽ നിന്നും രോഗികളുടെ ദുരിതാവസ്ഥ പങ്കുവച്ചുകൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
രാജ്യം കോവിഡിന്റെ പിടിയിൽ അമരുകയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിലെ സ്ഥിതി അതിരൂക്ഷമാണ്. ആശുപത്രികളിൽ രോഗികൾ നിറഞ്ഞ അവസ്ഥ. ഈ സാഹചര്യത്തിൽ രോഗികൾക്ക് ആവശ്യംവേണ്ട ഓക്സിജന്റെ ക്ഷാമം രോഗികളെ ദുരിതകയത്തിലേയ്ക്ക് തള്ളിവിട്ടിരിക്കുകയാണ്.
താൻ അഡ്മിറ്റായിരിക്കുന്ന ആശുപത്രിയിൽ ഇനി മൂന്ന് മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമേ ബാക്കിയുള്ളൂ എന്നാണ് കോവിഡ് ബാധിതനായി ചികിൽസയിൽ കഴിയുന്ന സൗരഭ് പറയുന്നത്. നിറയെപ്പേരാണ് ഓക്സിജന്റെ ബലത്തിൽ മാത്രം ജീവിക്കുന്നത്. അത് ഇല്ലാതെയായാൽ വെള്ളം ലഭിക്കാതെ മീനുകൾ ചത്ത് പൊങ്ങുന്നതുപോലെ മനുഷ്യരും മരിക്കും. എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിരോധം തീർക്കേണ്ടതുണ്ടെന്നും എംഎൽഎ വീഡിയോയിൽ പറയുന്നു.
അതേസമയം ഡൽഹിയിലെ ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. ഓക്സിജൻ തീരുകയാണെന്നും 140 കോവിഡ് രോഗികളുടെ ജീവൻ അപകടത്തിലാണെന്നും ഡൽഹി സരോജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി അറിയിച്ചു. ഓക്സിജന്റെ ആവശ്യം കൂടിവരികയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പറഞ്ഞു.
ഡിസ്ചാർജ് ചെയ്യാൻ കഴിയുന്ന രോഗികളെയൊക്കെ ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയതായി ശാന്തിമുകുന്ദ് ആശുപത്രി സിഇഒ അറിയിച്ചു. പുതിയ രോഗികളെ എടുക്കേണ്ടതില്ലെന്നും അവർ തീരുമാനിച്ചിട്ടുണ്ട്. നോയിഡ കൈലാഷ് ആശുപത്രിയിൽ പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിർത്തി.
വിവിധ ആശുപത്രികൾ തങ്ങൾക്ക് മണിക്കൂറുകൾ പിടിച്ചുനിൽക്കാനുള്ള ഓക്സിജൻ മാത്രമേയുള്ളൂ എന്നറിയിച്ച് രംഗത്തെത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം, അടിയന്തരാവശ്യങ്ങൾക്കുള്ള ഓക്സിജൻ എത്തിക്കുകയാണ് ചെയ്തിരുന്നത്. ഇപ്പോൾ അത് പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്.
ഓക്സിജൻ, വാക്സിനേഷൻ, അവശ്യമരുന്നുകളുടെ ലഭ്യത, ലോക്ക് ഡൗൺ എന്നിവയിൽ ദേശീയ നയം വ്യക്തമാക്കാനുള്ള സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് ദ്കുതിഗതിയിലുള്ള നടപടികൾ കൈകൊള്ളാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഓക്സിജൻ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് യാതൊരു വിധ തടസ്സങ്ങളും ഉണ്ടാക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഉത്തരവു നൽകിയിട്ടുണ്ട്.