ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ആം ആദ്മി പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീൽ ഗുപ്ത, എൻ.ഡി ഗുപ്ത എന്നിവർ ആം ആദ്മിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലെത്തും. ജനുവരി 16നാണ് രാജ്യസഭതെരഞ്ഞെടുപ്പ് നടക്കുന്നത്. 70ത് അംഗ നിയമസഭയിൽ 67 അംഗങ്ങളുടെ പിന്തുണ നിലവിൽ ആം ആദ്മിക്കുണ്ട്.

എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതിയിൽ അംഗമായ സഞ്ജയ് സിങ് പാർട്ടിയുടെ വക്താവ് കൂടിയാണ്. 2017ൽ പഞ്ചാബ് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചുമതല വഹിച്ചിരുന്നത് സഞ്ജയ് സിങാണ്. കഴിഞ്ഞ 25വർഷമായി ഡൽഹിയിലെ പഞ്ചാബി ബാഗ് ക്ലബ് ചെയർമാനാണ് സുശീൽകുമാർ ഗുപ്ത. വ്യവസായി കൂടിയാണ് സുശീൽ. ഡൽഹിയിലെ ചാർട്ടേർഡ് അക്കൗണ്ടന്റായ എൻ.ഡി ഗുപ്ത നിരവധി ബിസിനസ് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

അതേ സമയം, പാർട്ടി സ്ഥാപകാംഗമായ കുമാർ ബിശ്വാസിനെ ഇത്തവണയും പരിഗണിച്ചില്ല. ഞാൻ സത്യം പറയുന്നതു കൊണ്ടാണ് എന്നെ തഴഞ്ഞതെന്ന് ബിശ്വാസ് പ്രതികരിച്ചു. ഈ രക്തസാക്ഷിത്വം താൻ സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ആർ.ബി.ഐ മുൻ ഗവർണർ രഘുറാം രാജൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി രാജ്യസഭയിലെത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. അശുതോഘോഷ് സ്ഥാനാർത്ഥിയാവുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

നേരത്തെ ആം ആദ്മി പാർട്ടി മുതിർന്ന നേതാക്കളായ അഷുതോഷ്, കുമാർ വിശ്വാസ് എന്നിവർ സീറ്റിനായി പാർട്ടിയിൽ സമ്മർദ്ദം ശക്തമാക്കിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പാർട്ടി രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളാണ് ഇരുവരും. സുശീൽ ഗുപ്തയും എൻ.ഡി ഗുപ്തയും പാർട്ടിയിൽ അത്ര പ്രശസ്തരല്ല. സുശീൽ ഗുപ്ത ഒരു ബിസിനസുകാരനാണ് എൻ.ഡി ഗുപ്തയാകട്ടെ ചാർട്ടേർഡ് അക്കൗണ്ടന്റുമാണ്.