കൊച്ചി: ബാർ കോഴ കേസിലും ബജറ്റ് വിറ്റതിലും പ്രതിഷേധിച്ചു മാണിയെ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാൻ പോലും എൽ.ഡി.എഫ് അനുവദിക്കാതിരുന്നതും നിയമസഭയിൽ നടത്തിയ കയ്യാങ്കളിയിൽ പൊതു മുതൽ നശിപ്പിച്ചതും നാല് മാസങ്ങൾക്ക് മുമ്പാണ്. ഇത് പൊതു ജനം മറന്നിട്ടില്ല. എന്നാൽ ഇപ്പോൾ സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കെ.എം മാണിക്ക് ഇടതു മുന്നണിയിലേക്ക് പ്രശ്‌നാധിഷ്ടിത ക്ഷണം നൽകിയിരിക്കുന്നു.

മാണിക്കെതിരെ നടന്ന സമരാഭാസങ്ങൾക്ക് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ കേരള ജനതയോട് മാണി അഴിമാതിക്കാരൻ ആണോ എന്ന് തുറന്നു പറയണം. ആ സമരങ്ങൾ മൂലം പൊതു ഖജനാവിന് വന്ന കോടിക്കണക്കിനു രൂപയുടെ നഷ്ടങ്ങൾക്കും പൊതു ജനങ്ങൾക്ക് ഉണ്ടായ കഷ്ടങ്ങൾക്കും ആരാണ് സമാധാനം പറയുക. ചൂൽ വിപ്ലവം 2019 പ്രചരണ പരിപാടിയുടെ ഭാഗമായി ആം ആദ്മി പാർട്ടി ജില്ല കമ്മിറ്റി പാതാളത്ത് സംഘടിപ്പിച്ച പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു സീ.ആർ നീലകണ്ഠൻ. യോഗത്തിൽ പ്രസിദ്ധ വിവരാവകാശ പ്രവർത്തകൻ ജോയ് കൈതാരത്ത്, ഷാജഹാൻ പെരുമ്പാവൂർ, അബ്ദുൽ സലാം, ജില്ല ട്രഷറർ അലിയാർ, പോൾ തോമസ് കളമശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.