കൊച്ചി: 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയെ നിർത്തിയ ആം ആദ്മി ഇക്കുറി മത്സരത്തിനില്ല. പകരം അഴിമതിക്കാരായവരെ തെരഞ്ഞുപിടിച്ച് അവരെ തോൽപ്പിക്കുന്ന പ്രചാരണത്തിനാകും ആം ആദ്മി ഇക്കുറി ശ്രദ്ധിക്കുക.

അഴിമതിക്കാരായ 12 പേരെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രചാരണം നടത്തുമെന്നാണ് ആം ആദ്മി നേതാക്കൾ പറയുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവും ഉൾപ്പെടെയുള്ളവരെ തോൽപ്പിക്കുമെന്നാണ് അവകാശവാദം.

ഡൽഹി ഭരിക്കുന്ന പാർട്ടി കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നു പറഞ്ഞപ്പോൾ അരാഷ്ട്രീയ വാദത്തിന്റെ
രാഷ്ട്രീയ സന്തതി എന്ന് പല രാഷ്ട്രീയ നിരീക്ഷകരും എഎപിയെ വിമർശിച്ചിരുന്നു. പാർട്ടി പൂർണമായും അന്യം നിന്നുവെന്നാണു പലരും വിലയിരുത്തിയത്. മത്സരിക്കാൻ ഇല്ലെന്നു വെളിപ്പെടുത്തിയെങ്കിലും അഴിമതിക്കെതിരെ ശക്തമായ പ്രചാരണം നടത്താനാണു തീരുമാനം.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളി, കെ ബാബുവിന്റെ മണ്ഡലമായ തൃപ്പൂണിത്തുറ, അടൂർ പ്രകാശ് മത്സരിക്കുന്ന കോന്നി, കെ എം മാണി മത്സരിക്കുന്ന പാലാ, ഇബ്രാഹിം കുഞ്ഞ് മത്സരിക്കുന്ന കളമശേരി, അനൂപ് ജേക്കബ് മത്സരിക്കുന്ന പിറവം, തോമസ് ഉണ്ണിയാടൻ മത്സരിക്കുന്ന ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ യുഡിഎഫിനെതിരെ ആം ആദ്മി പാർട്ടി പ്രചാരണം നടത്തുമെന്നു കൺവീനർ സി ആർ നീലകണ്ഠൻ പറഞ്ഞു.

പിണറായി വിജയൻ സ്ഥാനാർത്ഥിയാകുന്ന ധർമ്മടത്തും ഇ പി ജയരാജൻ മത്സരിക്കുന്ന മട്ടന്നൂരിലും എൽഡിഎഫിനെ തോൽപ്പിക്കാൻ ചൂലെടുക്കുമെന്നും ആം ആദ്മി നേതാക്കൾ പറയുന്നത്. ചില ഭൂമി ഇടപാടുകൾ നടന്നത് ഇടതു സർക്കാരിന്റെ കാലത്താണെന്നും ഇതിന്റെ സൂത്രധാരന്മാർ പിണറായി അടക്കമുള്ള നേതാക്കൾ ആണെന്നും ആരോപിച്ചാണു ഇവർക്കെതിരെയും നിലപാടെടുക്കാൻ ആം ആദ്മിയുടെ തീരുമാനം.

വർഗീയതയ്‌ക്കെതിരെയും നിലപാടു സ്വീകരിക്കാനാണു എഎപി തീരുമാനം. വർഗീയതയ്‌ക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി ബിജെപിക്കെതിരെയും പ്രചാരണ പരിപാടികൾ നടത്തും. നേമത്ത് രാജഗോപാലിനെതിരെയും വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെതിരെയും മഞ്ചേശ്വരത്തു കെ സുരേന്ദ്രനെതിരെയും പ്രചാരണം നടത്തും. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനായി വർഗീയ വിഷം ചീറ്റുകയാണ് ബിജെപി എന്നും എഎപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതിനെ തുറന്നു കാണിക്കാൻ കൂടിയാണ് ഇവർക്കെതിരെ ചൂലെടുക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വേരുള്ള ഒട്ടുമിക്ക ജനാധിപത്യ രാഷ്ട്രീയ പാർട്ടികളും ഒന്നിലധികം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തുമ്പോൾ കേരളത്തിന്റെ പ്രമുഖ നഗരങ്ങളിൽ പോലും ഒരു ആം ആദ്മി സ്ഥാനാർത്ഥി ഉണ്ടാകില്ല. ജയസാധ്യത ഇല്ല എന്നതിനാലാണ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാത്തതെന്നാണ് ഇതിനു കാരണമായി നേതാക്കൾ പറയുന്നത്.

കിട്ടുന്ന വോട്ടുകൾ വളരെ കുറവായിരിക്കും എന്നും അത് പാർട്ടിക്ക് തിരഞ്ഞെടുപ്പിന് ശേഷവും ഗുണം ചെയ്യില്ല എന്നുമുറപ്പാണ്. ഇപ്പോഴത്തെ അവസ്ഥയെക്കാൾ പരിതാപകരമാകും അതെന്നും ആം ആദ്മി പാർട്ടി കേരളം ഘടകം മനസിലാക്കുന്നുണ്ട്. എന്നാൽ പാർട്ടി നശിച്ചിട്ടില്ല എന്ന് കാണിക്കാനാണ് ഇപ്പോൾ ഉള്ള ഈ അഴിമതി, വർഗീയ വിമുഖത നാടകം എന്നാണ് ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് നയത്തിന്റെ പുതിയ രീതിക്കെതിരെ ഉയർന്നു വരുന്ന ആരോപണം.