- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കർണ്ണാടകയിൽ അരങ്ങേറുന്ന പൊറാട്ട് നാടകങ്ങളുടെ പേരിൽ അമിതാവേശ ഹിസ്റ്റീരിയ പ്രകടിപ്പിക്കുന്ന ഫേസ്‌ബുക്ക് സുഹൃത്തുക്കൾ ജനാധിപത്യത്തിന്റെ ചരിത്രം പരിശോധിക്കുക; നെഹ്രൂവിയൻ രാഷ്ട്രീയത്തിന് സംഭവിച്ച അപചയം വംശാധിപത്യത്തിന് വഴിയൊരുക്കി; രാജ്യതന്ത്രജ്ഞരുടെ ടീമായിരുന്നു നെഹ്റുവിന്റേതെങ്കിൽ ഇന്ദിരയുടേത് സ്തുതിപാഠകരുടെയും അവസരവാദികളുടേതുമായിരുന്നു
ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ജനാധിപത്യസമ്പ്രദായത്തിന് ഫേസ്‌ബുക്ക് സുഹൃത്തുക്കൾ കരുതുന്നത്ര മഹത്വം വല്ലതുമുണ്ടോ? ഇല്ലെന്നാണ് ആറുപതിറ്റാണ്ടുകളായി അതിനെ അടുത്തുനിന്ന് നിരീക്ഷിച്ചുപോരുന്ന ഒരാളെന്ന നിലയിൽ എനിക്കുതോന്നുന്നത്. ആർക്കൊക്കെയോ വേണ്ടി കൊല്ലാനും ചാവാനും സ്വപക്ഷക്കാരല്ലാത്തവരെ തെറിവിളിക്കാനും മാത്രമുള്ള ആദർശപരതയൊന്നും ഏതായാലുമില്ല അതിന്. ഇപ്പോൾ കർണ്ണാടകയിൽ അരങ്ങേറുന്ന പൊറാട്ട്‌നാടകങ്ങളുടെപേരിൽ ഫേസ്‌ബുക്കിൽ അമിതാവേശഹിസ്റ്റീരിയ പ്രകടിപ്പിക്കുന്ന സുഹൃത്തുക്കൾ നമ്മുടെ ജനാധിപത്യത്തിന്റെ ചരിത്രം പരിശോധിക്കുക. 1952-ൽ രൂപംകൊണ്ട നമ്മുടെ ആദ്യ ലോക്‌സഭയിൽ 364 സീറ്റുകൾ നേടിക്കൊണ്ട് നെഹ്റുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് അധികാരമേറ്റു. രാജേന്ദ്രപ്രസാദും അംബേദ്കറും അബ്ദുൽക്കലാം ആസാദും സർദാർ പട്ടേലും സി.രാജഗോപാലാചാരിയും മറ്റുമടങ്ങിയ ആ മന്ത്രിസഭ സ്വാതന്ത്ര്യസമരനായകരായ മഹാപുരുഷന്മാരുടേതായിരുന്നു. പിന്നീട് 1964-ൽ നെഹ്റു മരിക്കുന്നതുവരെയുള്ള മൂന്ന് ലോക്‌സഭകളിലും അദ്ദേഹമായിരുന്നു നമ്മുടെ പ്രധാനമന്ത്രി. ആ വ്യ
ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ജനാധിപത്യസമ്പ്രദായത്തിന് ഫേസ്‌ബുക്ക് സുഹൃത്തുക്കൾ കരുതുന്നത്ര മഹത്വം വല്ലതുമുണ്ടോ? ഇല്ലെന്നാണ് ആറുപതിറ്റാണ്ടുകളായി അതിനെ അടുത്തുനിന്ന് നിരീക്ഷിച്ചുപോരുന്ന ഒരാളെന്ന നിലയിൽ എനിക്കുതോന്നുന്നത്. ആർക്കൊക്കെയോ വേണ്ടി കൊല്ലാനും ചാവാനും സ്വപക്ഷക്കാരല്ലാത്തവരെ തെറിവിളിക്കാനും മാത്രമുള്ള ആദർശപരതയൊന്നും ഏതായാലുമില്ല അതിന്. ഇപ്പോൾ കർണ്ണാടകയിൽ അരങ്ങേറുന്ന പൊറാട്ട്‌നാടകങ്ങളുടെപേരിൽ ഫേസ്‌ബുക്കിൽ അമിതാവേശഹിസ്റ്റീരിയ പ്രകടിപ്പിക്കുന്ന സുഹൃത്തുക്കൾ നമ്മുടെ ജനാധിപത്യത്തിന്റെ ചരിത്രം പരിശോധിക്കുക.
1952-ൽ രൂപംകൊണ്ട നമ്മുടെ ആദ്യ ലോക്‌സഭയിൽ 364 സീറ്റുകൾ നേടിക്കൊണ്ട് നെഹ്റുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് അധികാരമേറ്റു. രാജേന്ദ്രപ്രസാദും അംബേദ്കറും അബ്ദുൽക്കലാം ആസാദും സർദാർ പട്ടേലും സി.രാജഗോപാലാചാരിയും മറ്റുമടങ്ങിയ ആ മന്ത്രിസഭ സ്വാതന്ത്ര്യസമരനായകരായ മഹാപുരുഷന്മാരുടേതായിരുന്നു. പിന്നീട് 1964-ൽ നെഹ്റു മരിക്കുന്നതുവരെയുള്ള മൂന്ന് ലോക്‌സഭകളിലും അദ്ദേഹമായിരുന്നു നമ്മുടെ പ്രധാനമന്ത്രി. ആ വ്യാഴവട്ടം ഇപ്പോൾ പലരും പ്രചരിപ്പിക്കുന്നതുപോലെ അത്ര മോശമായതായിരുന്നില്ല. ചേരിചേരാനയം, മതനിരപേക്ഷത, മിശ്രസമ്പദ്ഘടനയോടുള്ള ആഭിമുഖ്യം, പുരോഗമനചിന്താഗതികളോടുള്ള ഐക്യപ്പെടൽ, ശാസ്ത്രാഭിമുഖ്യം, അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടുമുള്ള എതിർപ്പ്, പൗരാവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള സന്നദ്ധത, അങ്ങനെ പലതുകൊണ്ടും 'നെഹ്റുയുഗം' ഇന്ത്യാചരിത്രത്തിലെ സംഭവബഹുലമായ ഒരു കാലംതന്നെയായിരുന്നു. ഗാന്ധിജി കഴിഞ്ഞാൽ ഇന്ത്യകണ്ട ഏറ്റവും മഹാനായ ജനനേതാവും അദ്ദേഹംതന്നെയായിരുന്നു. 'അന്ന് ദാരിദ്ര്യവും കഷ്ടപ്പാടും കലശലായിരുന്നില്ലേ?', എന്ന ചോദ്യം പ്രസക്തമാണ്. രണ്ട് ലോകമഹായുദ്ധങ്ങൾ തകർത്തുകളഞ്ഞ ലോകസമ്പദ്ഘടനയുടെ അനുരണനം മറ്റെവിടെയുമെന്നപോലെതന്നെ ഇന്ത്യയിലും പ്രകടമായി, എന്നതാണ് അതിനുള്ള മറുപടി.
നെഹ്രൂവിയൻ രാഷ്ട്രീയത്തിന് സംഭവിച്ച ഏറ്റവും വലിയ അപചയം അത് വംശാധിപത്യത്തിന് വഴിയൊരുക്കി എന്നതാണ്. അതിശക്തരായ രാജ്യതന്ത്രജ്ഞരുടെ ഒരു ടീമായിരുന്നു നെഹ്റുവിന്റേതെങ്കിൽ, അദ്ദേഹത്തിന്റെ പിൻഗാമിയായ ഇന്ദിരാഗാന്ധി ഒപ്പംകൂട്ടിയത് സ്തുതിപാഠകരെയും അവസരവാദികളെയുമായിരുന്നു. അവരുടെ ഉപജാപങ്ങളെത്തുടർന്ന് 1969-ൽ കോൺഗ്രസ്സ് പിളരാനിടയായി. 1971-ലെ ലോക്‌സഭാതെരഞ്ഞെടുപ്പിൽ 352 സീറ്റുകളുടെ വൻഭൂരിപക്ഷവുമായി ഇന്ദിര അധികാരത്തിലേറി. അതോടെ ഇന്ത്യൻരാഷ്ട്രീയത്തിൽ ജീർണ്ണതയുടെയും സ്വജനപക്ഷപാതത്തിന്റെയും നാളുകൾക്ക് തുടക്കവുമായി. അനർഹനായ ജസ്റ്റിസ് A.N.റെയെ മുതിർന്ന ന്യാധിപന്മാരുടെ തലയ്ക്കുമുകളിലൂടെ ചീഫ്ജസ്റ്റിസായി നിയമിച്ചുകൊണ്ടായിരുന്നു അതിന്റെ തുടക്കം. പി.എൻ.ഹക്‌സറെപ്പോലുള്ള ഉപദേശകർ അവരെ തെറ്റായ പാതയിലൂടെ നയിച്ചു. ദേവ്കാന്ത് ബറുവയെപ്പോലുള്ള അവസരവാദികൾ പറഞ്ഞുപരത്തിയ 'ഇന്ത്യ ഇന്ദിരയാണ്' എന്നതുപോലുള്ള നുണകളെ അവരും വിശ്വസിക്കാൻതുടങ്ങി! സ്വേച്ഛാധിപത്യപ്രവണതകളിൽ സഹികെട്ട് ജയപ്രകാശ് നാരായൺ തുടങ്ങിവച്ച 'സമ്പൂർണ്ണ വിപ്ലവം' രാജ്യത്തെ വിദ്യാർത്ഥികളും തൊഴിലാളികളും കർഷകരും ഏറ്റെടുത്തു. തുടർന്നുണ്ടായ അഖിലേന്ത്യാ റെയിൽസമരത്തെ ഇന്ദിര നേരിട്ട രീതി കുപ്രസിദ്ധമാണ്. അതിനിടെ, രാജ്‌നാരായൺ ഇന്ദിരയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന ഒരു തെരഞ്ഞെടുപ്പുഹർജിയിൽ ജസ്റ്റിസ് J.L സിൻഹ അവരെ അയോഗ്യയാക്കി. സുപ്രീംകോടതിയിൽ അപ്പീൽപോയെങ്കിലും ജസ്റ്റിസ് കൃഷ്ണയ്യർ സിൻഹയുടെ വിധി ശരിവയ്ക്കുകയായിരുന്നു.
സിദ്ധാർത്ഥശങ്കർറേയുടെ ഉപദേശം സ്വീകരിച്ച് 1975 ജൂൺ 25-ന് ഇന്ദിര രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അന്നത്തെ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് എല്ലാത്തിനും അരുനിൽക്കാൻ തയ്യാറുമായിരുന്നു. പാർലിമെന്റ് തീരുമാനങ്ങൾക്കുപകരം ഇന്ദിര തന്നിഷ്ടപ്രകാരം ഇറക്കിയ ഓർഡിനൻസുകളിൽ അദ്ദേഹം നിർലജ്ജം ഒപ്പിട്ടുകൊണ്ടേയിരുന്നു. തമിഴ്‌നാട്ടിലെയും ഗുജറാത്തിലെയും സംസ്ഥാനസർക്കാരുകൾ പിരിച്ചുവിടപ്പെട്ടു. നാടെമ്പാടും പതിനായിരക്കണക്കിന് പൊതുപ്രവർത്തകരെയും രാഷ്ട്രീയനേതാക്കളെയും തടവിലിട്ടു. പൗരാവകാശങ്ങളും ജനാധിപത്യവും 'കൊലചെയ്യപ്പെട്ടു'. ഭരണഘടനയെത്തന്നെ ഇഷ്ടപ്പടി മാറ്റിക്കുറിച്ചു. ഈ അമിതാധികാര വിളയാട്ടങ്ങൾക്കെതിരെ രാജ്യത്തെ 9 ഹൈക്കോടതികൾ വിധിതീർപ്പുകൾ പ്രഖ്യാപിച്ചു. പക്ഷേ, അവയെല്ലാം വഴിവിട്ടുനിയമനംനൽകിയ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഏ.എൻ.റെയെക്കൊണ്ട് ഇന്ദിര റദ്ദാക്കിക്കുകയായിരുന്നു. അവരുടെ ഇളയ മകൻ സഞ്ജയ്ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്ത് മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത ഭീകരാവസ്ഥയാണ് നടപ്പാക്കപ്പെട്ടത്.
കേരളത്തിലും അടിയന്തിരാവസ്ഥയുടെ ക്രൂരതകൾ നടമാടുകയുണ്ടായി. അന്ന് സർവ്വശക്തനായിരുന്ന കെ.കരുണാകരൻ സി.അച്യുതമേനോനെ പാവമുഖ്യമന്ത്രിയാക്കിക്കൊണ്ട് ഇവിടെ നടത്തിക്കൂട്ടിയ തിന്മകൾ ഓർക്കുമല്ലൊ.
തുടർന്ന് 1977 മാർച്ചിൽ നടന്ന ആറാം ലോക്‌സഭാതെരഞ്ഞെടുപ്പിൽ ഇന്ദിര വീണു. 153 സീറ്റുകൾ മാത്രമാണ് അവർക്ക് നേടാൻകഴിഞ്ഞത്. അതിൽ 92-ഉം തെക്കേയിന്ത്യയിൽ നിന്നായിരുന്നു! കേരളം അന്ന് അടിയന്തിരാവസ്ഥയ്ക്ക് അനുകൂലമായാണ് വിധിയെഴുതിയത് എന്ന സത്യം മലയാളിയുടെ രാഷ്ട്രീയബോധത്തെനോക്കി എക്കാലവും പരിഹാസച്ചിരിപൊഴിക്കാതിരിക്കില്ല. അത്തവണ 298 സീറ്റുകൾ നേടാൻകഴിഞ്ഞ ജനതാപ്പാർട്ടി അധികാരത്തിലേറി. മൊറാർജി ദേശായിയുടെ പ്രധാനമന്ത്രിപദത്തിന് രണ്ടുകൊല്ലംപോലും ആയുസ്സുണ്ടായില്ല. ഇന്ദിരയ്‌ക്കെതിരെയുള്ള ഷാക്കമ്മീഷൻ അന്വേഷണം, അവരുടെ അറസ്റ്റ്, എന്നിവയല്ലാതെ കാര്യമായ ഒരു ചലനവുമുണ്ടാക്കാൻ ആ മന്ത്രിസഭയ്ക്ക് കഴിഞ്ഞതുമില്ല. ചൗധരി ചരൺസിംഗിന്റെ അധികാരാർത്തി മൊറാർജിമന്ത്രിസഭയുടെ അന്ത്യംകുറിച്ചു. ഒരിടവേള പ്രധാനമന്ത്രിപദമേറ്റ ചരൺസിങ് അതോടെ വിസ്മൃതിയിലാണ്ടുപോയി. ഈ സംഭവവികാസങ്ങൾക്കിടയിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് ജനതാപ്പാർട്ടിയിൽ വിലയിച്ചിരുന്ന ഭാരതീയ ജനസംഘത്തിനായിരുന്നു. 1952-ൽ ശ്യാമപ്രസാദ് മുക്കർജി സ്ഥാപിച്ച ജനസംഘ് എന്ന ഹിന്ദുത്വപ്പാർട്ടി അന്നോളം ഇന്ത്യൻ രാഷ്ട്രീയത്തിലെ ലോക്‌സഭയിൽ വിരലിലെണ്ണാന്മാത്രം സീറ്റുകൾ നേടുന്ന ഒരു ചെറുമത്സ്യം മാത്രമായിരുന്നു. ഇന്നത്തെ BJP യുടെ തുടക്കവും വളർച്ചയും ആ ജനതാപ്പാർട്ടി ഭരണത്തിന്റെ തകർച്ചയോടെയായിരുന്നു ആരംഭിച്ചത്.
ജനതാഭരണപരീക്ഷണത്തിന്റെ പരാജയത്തെത്തുടർന്ന് ഏഴാംലോക്‌സഭാതെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിക്ക് ശക്തമായി തിരിച്ചുവരാൻകഴിഞ്ഞെങ്കിലും പിന്നീട് സിക്ക് കലാപത്തെത്തുടർന്ന് സ്വന്തം അംഗരക്ഷരുടെ വെടിയേറ്റ് അവർ കൊല്ലപ്പെട്ടു. തുടർന്നാണ് രാജീവ്ഗാന്ധിയുടെ കാലം തുടങ്ങുന്നത്. എട്ടാം ലോക്‌സഭയിൽ രാജീവിന്റെ നേതൃത്വത്തിൽ വൻഭൂരിപക്ഷത്തോടെ കോൺഗ്രസ്സിന് ഭരണംനേടാൻ കഴിഞ്ഞു. പക്ഷേ, അടുത്ത തെരഞ്ഞെടുപ്പിൽ (1991) BJP പിന്തുണയോടെ അധികാരത്തിലെത്തിയത് V.P.സിങ് ആയിരുന്നു. ആ ഭരണത്തിനും ആയുസ്സുണ്ടായില്ല. ഒരു ചെറിയ ഇടവേളയിൽ ചന്ദ്രശേഖർ പ്രധാനമന്ത്രിയായത് അങ്ങനെയാണ്. പത്താം ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്തായിരുന്നു രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. അത്തവണ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് മന്ത്രിസഭയാണ് ഉണ്ടായത്. പതിനൊന്നാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷംനേടാൻകഴിഞ്ഞില്ല. അങ്ങനെ അന്ന് മൂന്ന് കൂട്ടുകക്ഷിമന്ത്രിസഭകൾ ഉണ്ടാവുകയും, യഥാക്രമം വാജ്പേയി, ദേവഗൗഡ, ഗുജ്‌റാൾ, എന്നിവർ പ്രധാനമാന്ത്രിമാരാവുകയുംചെയ്തു. 1999-ലെ പതിമൂന്നാം ലോക്‌സഭയിൽ വാജ്പേയിയുടെ നേതൃത്വത്തിൽ BJP നയിച്ച NDA അധികാരത്തിലെത്തി. പതിന്നാലും പതിനഞ്ചും ലോക്‌സഭകളിൽ വിജയംകണ്ടത് കോൺഗ്രസ്സ് നയിച്ച UPA ആയിരുന്നു. മന്മോഹൻസിങ് ആയിരുന്നു രണ്ടുതവണയും പ്രധാനമന്ത്രി (2004 & 2009). ഇന്ത്യയിൽ ഇന്നുകാണുന്നതരത്തിലുള്ള വിവേകശൂന്യമായ കുത്തകപ്രീണനനയം അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയത് അക്കാലത്തായിരുന്നു. ഇന്ന് നാം അനുഭവിക്കുന്ന ഏതാണ്ട് എല്ലാ വികലനയപരിപാടികൾക്കും തുടക്കംകുറിച്ചതും അക്കാലത്തായിരുന്നു. ഏറ്റവുമൊടുവിൽ 2014-ൽ നടന്ന പതിനഞ്ചാം ലോക്‌സഭാതെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അധികാരത്തിൽവന്ന NDA മുൻ UPA സർക്കാരുകളുടെ വികല സാമ്പത്തികനയം കൂടുതൽ രൂക്ഷതയോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സങ്കടകരമായ അവസ്ഥയിൽ എത്തിനിൽക്കുന്നു ഇന്ത്യയുടെ ജനാധിപത്യചരിത്രം.
ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കഥകൾ. എങ്കിലും എഴുതുന്നയാൾക്കും ആരെങ്കിലും ഇത് വായിക്കാൻതയ്യാറാവുന്നെങ്കിൽ അവർക്കും ഒരു ഓർമ്മപുതുക്കലിന് ഉപകരിച്ചേക്കാം. കഴിഞ്ഞ 66 വർഷത്തെ ചരിത്രത്തിൽ ഇന്ത്യൻ ജനതയ്ക്ക് ഉള്ളഴിഞ്ഞ് അഭിമാനിക്കാനുള്ള വകയൊന്നും ഇന്ത്യൻ ജനാധിപത്യം സംഭാവനചെയ്തിട്ടില്ല എന്നതാണ് വസ്തുത. സംസ്ഥാനങ്ങളിലെ ജനാധിപത്യപ്രക്രിയയുടെ കഥയും മറ്റൊന്നല്ല. സ്വജനപക്ഷപാതവും രാഷ്ട്രീയ അഴിമതിയും കെടുകാര്യസ്ഥതയും എവിടെയും കൊടികുത്തിവാഴുന്നു. അത്തരം തിന്മകൾക്കെതിരെ നിലകൊള്ളാൻ ബാദ്ധ്യതയുള്ള പ്രസ്ഥാനങ്ങൾപോലും വേറിട്ടൊരു നയംസ്വീകരിക്കാൻ ശ്രമിക്കുന്നതേയില്ല. അതുകൊണ്ടുതന്നെ അവർക്ക് ഒരു ദേശീയബദൽശക്തിയായി വളരാൻകഴിയുന്നില്ല എന്നുമാത്രമല്ല, സ്വാധീനമുള്ള ചെറുമേഖലകൾകൂടി നഷ്ടമായിക്കൊണ്ടുമിരിക്കുന്നു! ദേശീയസമ്പത്തിന്റെ 58 ശതമാനവും വെറും ഒന്നര ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിൽ അകപ്പെട്ടിരിക്കുന്നു. പുറമേക്ക് എന്തൊക്കെ പറഞ്ഞാലും അക്കൂട്ടർ കൂടുതൽ തടിച്ചുകൊഴുക്കുന്നതിനും ദരിദ്രരും ഇടത്തരക്കാരും കടക്കെണിയിൽ ഇനിയുമിനിയും കുരുങ്ങിപ്പോകുന്നതിനും മാത്രമേ നമ്മുടെ 'ജനാധിപത്യ'ഭരണക്രമം സ്വീകരിച്ചുപോരുന്ന ഓരോ കർമ്മപരിപാടിയും ഇടയാക്കുന്നുള്ളൂ എന്നത് സ്വന്തം കണ്ണുകൾ തുറന്നുവയ്ക്കുന്ന ഏതൊരാൾക്കും കാണാൻ പ്രയാസമുണ്ടെന്നുതോന്നുന്നില്ല. കർണ്ണാടകത്തിൽ ഇപ്പോൾ നടക്കുന്ന നാണംകെട്ട രാഷ്ട്രീയക്കളികളും ഈ പണാധിപത്യ രാഷ്ട്രീയവ്യവസ്ഥയുടെ പ്രതിഫലനങ്ങൾ മാത്രമാണ്. നമ്മുടെ ജനപ്രതിനിധികളിൽ ഭൂരിഭാഗവും ഇപ്പോൾ ശതകോടീശ്വരന്മാരാണ്.
കള്ളവോട്ടും ബൂത്തുപിടുത്തവും പണാധിപത്യവും മണി/മസിൽ പവറും നമ്മുടെ ജനാധിപത്യത്തിന്റെ മുഖമുദ്രകളായി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പുദിനം വരെ തനിക്കുവേണ്ടി ജീവൻകളയാൻപോലും തയ്യാറായിരുന്ന സ്വന്തം കക്ഷിക്കാരായ അനുയായികളെ വഞ്ചിച്ചുകൊണ്ട്, വോട്ടെണ്ണൽ പൂർത്തിയാവുന്നനിമിഷം അതുവരെ തന്റെ ചോരയ്ക്കുവേണ്ടി ദാഹിച്ചിരുന്നവരുടെ പാർട്ടിയിലേക്ക് കാലുമാറുന്ന MLA-മാരാണ് നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും വലിയ അശ്ലീലക്കാഴ്ച! കള്ളപ്പണത്തിന്റെ ദു:സ്വാധീനം 'പ്രബുദ്ധകേരള'ത്തിനുപോലും അന്യമല്ല. സംശയമുള്ളവർ ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തെ CPM എംഎൽഎ ആയിരുന്ന സെൽവരാജിനെ ഓർക്കുക. ബംഗാളിൽ ഇപ്പോൾ നടന്ന സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംഭവിച്ചത് ശ്രദ്ധിച്ചിരിക്കുമല്ലൊ. രാജ്യംഭരിക്കുന്ന കക്ഷിയായ BJPയുടെ പ്രവർത്തകരെപ്പോലും തൃണമൂൽകാർ തെരുവിൽ തല്ലിക്കൊല്ലുന്ന അവസ്ഥയാണ് അവിടെയുള്ളത്. എല്ലാക്കക്ഷികളും അവരവരുടെ സ്വാധീനമേഖലകളിൽ ഏറെക്കുറെ ഇതേ മോഡസ് ഓപ്പറാൻഡിതന്നെയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ, അതിരുവിട്ടുള്ള രാഷ്ട്രീയാവേശപ്രകടനങ്ങളും നേതാക്കളെ നെഞ്ചേറ്റലുമൊക്കെ ഒരു തമാശക്കളിമാത്രമായി കാണേണ്ടിവരുന്നതിൽ പൊറുക്കുക.