- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നാ പിടിച്ചോ നമ്മുടെ വിന്റേജ് ലാലേട്ടനെ..! ലാലേട്ടനെ നമുക്ക് മുന്നിലേക്കിട്ട് തന്നിരിക്കിയാണ് ഉദയകൃഷ്ണയും ഉണ്ണികൃഷ്ണനും ആറാട്ടിലൂടെ; നെയ്യാറ്റിൻകര ഗോപനെ ആഘോഷിക്കാൻ തയ്യാറെടുക്കുക; ആറാട്ട് കണ്ട സംവിധായൻ വ്യാസന്റെ കുറിപ്പിങ്ങനെ
തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് ഇന്നാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. തീയറ്ററുകൾ ഇരമ്പിയാർക്കുന്ന സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പൂർണമായും ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയാണ് പുറത്തിറങ്ങിയിരിക്കുന്നത് എന്നാണ് അറിയുന്നത്. ഇപ്പോൾ ചിത്രം ഇന്റസ്ട്രിയൽ ഹിറ്റാകുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വ്യാസൻ. തിയറ്ററിൽ എത്തുന്നതിന് മുൻപ് ചിത്രം കണ്ടതിനു പിന്നാലെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. വിന്റേജ് മോഹൻലാലിനെ കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് ചിത്രമൊരു ആറാട്ട് തന്നെയായിരിക്കും എന്നാണ് വ്യാസൻ പറയുന്നത്.
വ്യാസന്റെ കുറിപ്പ് വായിക്കാം:
നാളെ ഈ സമയത്ത് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ആദ്യ പ്രദർശനം നിങ്ങൾ കണ്ടു കഴിഞ്ഞിരിക്കും. അപ്പോഴേക്കും കേരളത്തിലെ ബോക്‌സ് ഓഫീസ്. നെയ്യാറ്റിൻകര ഗോപൻ കൈയടക്കിയും കഴിഞ്ഞിരിക്കും. ഇതൊരു ഉറപ്പാണ് ഒരു ആരാധകൻ എന്നുള്ള രീതിയിൽ ഈ ചിത്രം കണ്ട ആദ്യ പ്രേക്ഷകരിൽ ഒരാൾ എന്ന നിലയിൽ എന്റെ ഉറപ്പ്. ഒരു കാര്യം പറയാം മോഹൻലാൽ എന്ന മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ സൂപ്പർതാരത്തിന് വൻ ഹിറ്റ് നൽകും ആറാട്ട്. വിന്റേജ് മോഹൻലാലിനെ കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് തീർച്ചയായും ഒരു ആറാട്ട് തന്നെയായിരിക്കും ഈ സിനിമ. നെയ്യാറ്റിൻകര ഗോപനെ ആഘോഷിക്കാൻ തയ്യാറെടുക്കുക.
ഇതുവരെ നിങ്ങൾ ഉണ്ണികൃഷ്ണൻ ബി എന്ന സംവിധായകനിൽ നിന്ന് എന്തൊക്കെയാണ് പ്രതീക്ഷിച്ചത്? അതിനൊക്കെ അപ്പുറത്തായിരിക്കും ഈ സിനിമ നിങ്ങൾക്ക് നൽകുന്നത് മോഹൻലാൽ എന്ന സൂപ്പർ താരത്തെ ഏതാണ്ട് അദ്ദേഹത്തിന്റെ എല്ലാ സൂപ്പർ താര മാനറിസങ്ങളും അതിവിദഗ്ധമായി സംയോജിപ്പിച്ച് ഒരു മോഹൻലാൽ ആരാധകൻ എന്താണോ കാണാൻ ആഗ്രഹിക്കുന്നത് അതെല്ലാം ഒരൊറ്റ സിനിമയിൽ കൊണ്ടുവന്നിരിക്കുന്ന അതിമനോഹരമായ ഒരു മേക്കിങ് ശൈലിയാണ് ഉണ്ണികൃഷ്ണൻ ബി ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതായത് ഭാവിയിൽ ഉണ്ണികൃഷ്ണൻ ബി എന്ന സംവിധായകൻ ആറാട്ടിന് മുന്പും ആറാട്ടിന് ശേഷവും എന്ന് അടയാളപ്പെടുത്തും എന്നത് അവിതർക്കിതമാണ്.
മറ്റൊരുപേര് സാക്ഷാൽ ഉദയകൃഷ്ണയുടെതാണ്. മലയാളത്തിൽ സൂപ്പർതാരങ്ങൾക്ക് ഇണങ്ങുന്ന വിധം അവർക്ക് അനുയോജ്യമായ കുപ്പായം തയ്ക്കാൻ ഇത്രയും മികച്ച ഒരു ടെയ്‌ലർ. തിരക്കഥാ രംഗത്ത് മലയാളത്തിൽ ഇന്ന് വരേയ്ക്കും ഉണ്ടായിട്ടില്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാം. ട്വന്റി 20 എന്ന ചിത്രത്തിന്റെ തിരക്കഥാ ചർച്ചകളിൽ അദ്ദേഹത്തിനൊപ്പം സഹകരിച്ച ഒരാളാണ് ഞാൻ,ഇന്നും ശ്രീ ഉദയകൃഷ്ണയുടെ കഥകളുടെ ആദ്യ കേൾവിക്കാരിൽ ഒരാൾ കൂടിയായ ഞാൻ ഒന്ന് ഉറപ്പിച്ചു പറയുന്നു 20/20, പുലി മുരുകൻ എന്നീ ചിത്രങ്ങളിൽ നിന്ന്, നമുക്ക് പ്രേക്ഷകർക്ക് ലഭിച്ച അൾട്ടിമേറ്റ് എന്റർ ടൈനർ എന്നുപറയാവുന്ന റിസൾട്ട് ഉണ്ടല്ലോ അത് തന്നെയായിരിക്കും ആറാട്ടും നമുക്ക് നൽകാൻ പോകുന്നത്.
ഉദയ് കൃഷ്ണ എന്ന തിരക്കഥാകൃത്തിന്റെ മാത്രം ഒരു മാജിക്കാണ് തിരക്കഥയിൽ സൂപ്പർ താരങ്ങളെ കോർത്തിണക്കി എങ്ങനെ അനുയോജ്യമായ രീതിയിൽ മാറ്റി മറിക്കണം, സിനിമയെ ഏതൊക്കെ രീതിയിൽ കൊണ്ടുപോകണമെന്നത്. അദ്ദേഹത്തിന്റെ മാത്രമായ ഒരു മാജിക്കൽ ശൈലിയാണ് ആ ശൈലിയുടെ അൾട്ടിമേറ്റ് പ്രതിരൂപം ആയിരിക്കും ആറാട്ട്. എന്ന് കരുതി ഇത് ഉദാത്ത സിനിമയാണെന്ന് അല്ല പറഞ്ഞ് വന്നത്. പ്രേക്ഷകർക്ക് വിരുന്നൊരുക്കുന്ന 100% എന്റെർടെയിനർ എന്ന് മാത്രമാണ് വിവക്ഷ.
ഓർത്തു വെച്ചുകൊള്ളുക നാളെ വെള്ളിയാഴ്ച ആറാട്ട് എന്ന സിനിമ വെറുമൊരു ഹിറ്റ് അല്ല ഒരു ഇൻഡസ്ട്രിയൽ ഹിറ്റ് ആവാനാണ് സാധ്യത മാത്രമല്ല മലയാളസിനിമയുടെ പ്രതിസന്ധിക്ക് കൃത്യമായ ഒരു പരിഹാരം കൂടിയായിരിക്കും ഈ സിനിമ, കാത്തിരിക്കുക. മണിച്ചിത്രത്താഴിലെ അവസാന രംഗത്ത് നാഗവല്ലിയിൽ നിന്നും പൂർണ്ണമായും ഒഴിപ്പിച്ച ഗംഗയെ നകുലന്റെ മാറിലേക്ക് ചേർത്ത് നിറുത്തി കൊണ്ട് ഡോക്ടർ സണ്ണി പറയുന്ന ഒരു ഡയലോഗ് ഉണ്ട് 'മനസ്സിന്റെ ഓരോ പരമാണുകൊണ്ടും നിന്നേ സ്‌നേഹിക്കുന്ന ജീവസ്സും, ഓജസ്സും ഉള്ള ഈ ഗംഗയെ നിനക്ക് തിരിച്ച് തരാം എന്നാണ് ഞാൻ ഏറ്റത് , ഞാൻ ആഗ്രഹിച്ചത്, ഇന്നാ പിടിച്ചോടാ' നമ്മുടെ വിന്റേജ് ലാലേട്ടനെ നമുക്ക് മുന്നിലേക്കിട്ട് ഉദയകൃഷ്ണയും,ഉണ്ണികൃഷ്ണനും ആറാട്ടിലൂടെ പ്രേക്ഷകരോട് പറയുന്നതും ഇത് തന്നെയാണ്.
ശേഷം സ്‌ക്രീനിൽ
NB; തള്ളു കൊണ്ട് ഒരു സിനിമയും ഓടില്ലെന്ന് നമ്മൾ മനസ്സിലാക്കി കഴിഞ്ഞു. പ്രദർശന ശാലകളിൽ പ്രേക്ഷകരുടെ 'തള്ളുണ്ടാവുമ്പോൾ' മാത്രമാണ് ഒരു ഹിറ്റ് ഉണ്ടാവുക.അതുകൊണ്ടാണ് ഉറപ്പുണ്ടായിട്ടും, കോടികളുടെ ബിസിനസ് നടന്നിട്ടും, ഉണ്ണിയും ഉദയനും ശതകോടികളുടെ തള്ളുമായ് വരാത്തത്.