മേരിക്കയിലേക്ക് കുടിയേറിയ ബംഗാളി ദമ്പതികളുടെ മകളായി ജനിച്ച് അമേരിക്കയിലെ തിളങ്ങുന്ന താരമായി മാറിയ ചരിത്രമാണ് ആരതി മജുംദാർക്കുള്ളത്. ആരതി മൻ എന്ന സ്റ്റേജ് നെയിമിലാണ് അവർ പൊതുവെ അറിയപ്പെടുന്നത്. 1978 മാർച്ച് മൂന്നിന് യുഎസിലെ കണക്ടിക്കട്ടിലാണ് ആരതി ജനിച്ചത്. ജനപ്രിയമായ നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയുമാണ് അവർ ശ്രദ്ധേയയായത്. സയൻസ്ഫിക്ഷൻ ഡ്രാമയായ ഹീറോസിലെ ഒരു ഭാഗത്തിലെ ഇവരുടെ പ്രകടനം പ്രശംസാർഹമായിരുന്നു. ദി ബിഗ് ബാംഗ് തിയറിയിലെ പ്രിയ കൂത്ത്രപ്പലിയെന്ന റോൾ ആരതിയുടെ മികച്ച വേഷങ്ങളിലൊന്നാണ്.

ആരതി കൈക്കുഞ്ഞായിരിക്കുമ്പോൾ അവരുടെ കുടുംബം പെൻസിൽവാനിയക്ക് ചുറ്റുമുള്ള നിരവധി പ്രദേശങ്ങളിൽ മാറിമാറിത്താമസിച്ചിരുന്നു. തൽഫലമായി കുഞ്ഞുനാളുകളിൽ ആരതി പിറ്റ്‌സ്ബർഗ്, എംടി. ലെബനോണൻ, വെക്‌സ്‌ഫോർഡ് എന്നിവിടങ്ങളിൽ കഴിഞ്ഞിരുന്നു. തുടർന്ന് അവർ ഫോക്‌സ് ചാപ്പലിൽ സെറ്റിൽ ചെയ്യുകയായിരുന്നു. അവരുടെ മാതാവായ വാസന്തി മജുംദാർ യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്ബർഗ് മെഡിക്കൽ സെന്ററിൽ നിന്ന് ബിരുദം നേടിയിരുന്നു. ഇപ്പോൾ ഫോക്‌സ് ചാപ്പലിൽ ഗൈനക്കോളജിസ്‌ററായി സേവനമനുഷ്ഠിക്കുന്നു. ആരതിയുടെ പിതാവും ഒരു ഡോക്ടറായിരുന്നു. നിർഭാഗ്യവശാൽ ആർത്തി ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ അവർക്ക് പിതാവിനെ നഷ്ടപ്പെട്ടു. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഒരു നാടകത്തിൽ പോലും ആരതി അഭിനയിച്ചിരുന്നില്ല. എന്നാൽ പിൽക്കാലത്ത് ഫോക്‌സ് ചാപ്പലിലെ ഷാഡി സൈഡ് അക്കാദമിയിൽ നിന്ന് അവർ ഫിലിം റൈറ്റിംഗിലും സംവിധാനത്തിലും ഡിഗ്രിയെടുത്തിരുന്നു. തുടർന്ന് അവർ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും അഭിനയം പഠിക്കുകയും ചെയ്തു.

2000ത്തിന്റെ മധ്യത്തിലാണ് ആരതി അഭിനയരംഗത്തെത്തിയത്. തുടക്കത്തിൽ ചെറിയ വേഷങ്ങളായിരുന്നു അവർക്ക് ലഭിച്ചിരുന്നത്. ആരതി മജുംദാർ, ആരതി മൻ എന്നീ രണ്ട് പേരുകളും അവർ തന്റെ പ്രൊഫഷനിൽ ഉപയോഗിച്ചിരുന്നു. ഡോക്ടർ ദമ്പതികളുടെ മകളായിരുന്നിട്ട് പോലും അഭിനയത്തെ പ്രൊഫഷനാക്കാനുള്ള ആരതിയുടെ തീരുമാനത്തിന് കുടുംബത്തിൽ നിന്നും നല്ല പിന്തുണയാണ് ലഭിച്ചിരുന്നത്. തന്റെ മൂത്ത സഹോദരിയും ഫിലിം മെയ്ക്കറുമായ കുർത്തിയിൽ നിന്ന് ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ തനിക്ക് ലഭിച്ചിരുന്നതായി ആരതി വെളിപ്പെടുത്തിയിട്ടുണ്ട്. അവർ 2006ൽ പുറത്തിറക്കിയ സിനിമയായ ദി മെംസാഹിബിൽ ആരതിക്ക് ഒരു വേഷം നൽകിയിരുന്നു. തുടർന്ന് വോൾവോയുടെ ഒരു നാഷണൽ കമേഴ്‌സ്യലിൽ അഭിനയിക്കാൻ ആരതിക്ക് അവസരം ലഭിച്ചു. വെബ്/ ടിവി സീരീയാ ക്വാർട്ടർലൈഫിലെ ആരതിയുടെ വേഷവും ശ്രദ്ധേയമായിരുന്നു. 2008ൽ എൻബിസിയിലാണ് അത് പ്രക്ഷേപണം ചെയതത്. യുഎസ്എ നെറ്റ്‌വർക്കിലെ സ്യൂട്ട്‌സ് സീസൺ ടുവിന്റർ പ്രീമിയറിൽ അവർ ഭാഗഭാക്കായിരുന്നു.

മേം സാഹിബിന് പുറമെ ടുഡേസ് സ്‌പെഷ്യൽ, പോക്‌സ്, ദി മൊണൊഗാമി എക്‌സ്പിരിമെന്റ്, ഷാരോൺ 1.2.3, ഡാനി കോളിൻസ് എന്നീ ചലച്ചിത്രങ്ങളിലും ആരതി അഭിനയിച്ചിട്ടുണ്ട്. മൺസൂൺ, ദി പഞ്ചിങ് ഡമ്മി, നെൽ താമിഡ്, വർക്കർ ഡ്രോൺ എന്നീ ഷോർട്ട് ഫിലിമുകളിലും അവർ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ദി യംഗ് ആൻഡ് ദി റസ്റ്റലെസ്, ലിവറേജ്, വെൻഡെൽ ആൻഡ് വിന്നി, സ്‌കാൻഡൽ എന്നിവ ആരതിയുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായ ടെലിവിഷൻ പ്രോഗ്രാമുകളാണ്. ഫിനാൻസ് മേഖലയിൽ പ്രവർത്തിക്കുന്ന പർവേഷിനെയാണ് ആരതി ജീവിതപങ്കാളിയാക്കിയത്. നികിത എന്നൊരു മകളുണ്ട്. ലോസ് എയ്ഞ്ചൽസിലാണിവർ സെറ്റിൽ ചെയ്തിരിക്കുന്നത്.