കുവൈത്തിലെ അബ്ബാസിയയിലെ മലയാളി സമൂഹത്തിൽ ഭീതി വിതച്ച് അക്രമവും മോഷണവും പെരുകുകയാണ്. ഈ പ്രദേശത്ത് മലയാളികൾക്ക് നേരെയുള്ള അക്രമങ്ങൾ വർദ്ധിക്കുന്നതായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വാതിൽ തകർത്ത് താമസസ്ഥലത്ത് കയറിയ അജ്ഞാതരുടെ ആക്രമണത്തിൽ മലയാളിക്ക് കുത്തേൽക്കുകയും പണവും വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടമാവുകയും ചെയ്തതോടെ വീണ്ടും മലയാളികൾക്ക് ഉറക്കം നഷ്ടമായിരിക്കുകയാണ്.

മലയാളികൾ തിങ്ങിത്താമസിക്കുന്ന അബ്ബാസിയയിൽ തിങ്കളാഴ്ച അർധരാത്രി 12.30 ഓടെയാണ് പത്തനംതിട്ട സ്വദേശിയെ അക്രമിച്ച ശേഷം മോഷണം അരങ്ങേറിയത്. ജലീബ് അൽശുയൂഖ് പൊലീസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള കെട്ടിടത്തിലെ സ്റ്റുഡിയോ അപ്പാർട്ടുമെന്റിൽ താമസിക്കുന്ന പത്തനംതിട്ട കടമ്മനിട്ട സ്വദേശി റോസ് കാട്ടുകല്ലിൽ എന്ന ജോർജ് മാത്യു ആണ് ആക്രമണത്തിനിരയായത്. മുറിയിലുണ്ടായിരുന്ന പേഴ്‌സ്, മൊബൈൽ, ലാപ്‌ടോപ് എന്നിവയെല്ലാം കവർച്ചക്കാർ കൊണ്ടുപോയി.

പേഴ്‌സിലുണ്ടായിരുന്ന പണവും സിവിൽ ഐഡിയും ഡ്രൈവിങ് ലൈസൻസും ബാങ്ക് കാർഡുകളും നഷ്ടമായി. രാത്രി തന്നെ എ.ടി.എമ്മിൽനിന്ന് കാർഡ് ഉപയോഗിച്ച് 510 ദീനാർ പിൻവലിച്ചതായി മെസേജ് വന്നതായും അദ്ദേഹം പറഞ്ഞു . കൈത്തണ്ടക്കും വിരലുകൾക്കും ആഴത്തിലുള്ള മുറിവുണ്ട് അന്വേഷണത്തിന്റെ ഭാഗമായി മുറി പൊലീസ് അടച്ചിട്ടതിനാൽ സുഹൃത്തിന്റെ ഫ്‌ലാറ്റിലാണ് റോസ് ഇപ്പോൾ താമസിക്കുന്നത്.സംസ്‌കാരിക കൂട്ടായ്മയായ തനിമയുടെ സജീവപ്രവർത്തകനാണ് റോസ് .

സംഭവത്തിൽ നടപടിയെടുക്കാൻ കുവൈത്ത് അധികൃതരിൽ സമ്മർദം ചെലുത്തണമെന്നാ വശ്യപ്പെട്ട് തനിമ പ്രവർത്തകർ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിട്ടുണ്ട്.