മെൽബൺ: സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏഴു ഡോളർ ജിപി കോ പേയ്‌മെന്റുമായി സഹകരിക്കാൻ ലേബർ പാർട്ടിയോടും ക്രോസ്‌ബെഞ്ച് എംപിമാരോടും പ്രധാനമന്ത്രി ടോണി അബോട്ട് ആഹ്വാനം ചെയ്തു. സിഡ്‌നി വെസ്റ്റിൽ 110 മില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച മെഡിക്കൽ റിസർച്ച് സെന്ററിന്റെ  ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാഷ്ട്രീയവും ജിപി കോ പേയ്‌മെന്റും തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെന്നും രാഷ്ട്രീയം മാറ്റിവച്ച് കോ പേയ്‌മെന്റ് നടപ്പാക്കുന്നതിൽ സർക്കാരിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നാണ് ടോണി അബോട്ട് ചൂണ്ടിക്കാട്ടിയത്. ഓസ്‌ട്രേലിയയുടെ മെഡിക്കൽ മേഖലയ്ക്ക് ഗുണകരമാകുന്ന ജിപി കോ പേയ്‌മെന്റിന് എല്ലാ വിധ പിന്തുണയും ലേബർ പാർട്ടിയിൽ നിന്നും ക്രോസ് ബെഞ്ച് എംപിമാരിൽ നിന്നും പ്രതീക്ഷിക്കുന്നതായും അബോട്ട് വ്യക്തമാക്കി.

ആരോഗ്യമേഖലയിൽ ഇനിയും വികസനം വരണമെങ്കിൽ ഏഴു ഡോളർ ജിപി കോ പേയ്‌മെന്റ് നടപ്പാക്കിയാലേ സാധ്യമാകൂ. ഇനിയും നടപ്പാക്കാനുള്ള 20 ബില്യൺ ഡോളറിന്റെ മെഡിക്കൽ റിസർച്ച് ഫ്യൂച്ചർ ഫണ്ട് ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഓസ്‌ട്രേലിയൻ  ആരോഗ്യമേഖല ഇപ്പോൾ വേണ്ടത്ര ശക്തിപ്രാപിച്ചിട്ടില്ലെന്നും ഹെൽത്ത്, മെഡിക്കൽ റിസർച്ച് മേഖല ശക്തിപ്പെടുത്താൻ ഇത്തരത്തിലുള്ള കോ പേയ്‌മെന്റ് സംവിധാനം അത്യാവശ്യമാണെന്നും അബോട്ട് കൂട്ടിച്ചേർത്തു.

എന്നാൽ അടുത്ത ബജറ്റിൽ അബോട്ട് നടപ്പാക്കാൻ പോകുന്ന ഏഴു ഡോളർ ജിപി കോ പേയ്‌മെന്റിന് ലേബർ പാർട്ടിയിൽ നിന്നും ഗ്രീൻസ് പാർട്ടിയിൽ നിന്നും പാമർ യൂണൈറ്റഡ് പാർട്ടിയിൽ നിന്നുമെല്ലാം ശക്തമായ എതിർപ്പാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പദ്ധതി നടപ്പാകുമോയെന്ന കാര്യത്തിൽ ഇപ്പോഴും സംശയമുള്ള സ്ഥിതിക്കാണ് പ്രധാനമന്ത്രി പരസ്യമായി ഇക്കാര്യത്തിൽ പിന്തുണ ആവശ്യപ്പെട്ടത്. അതേസമയം കോ പേയ്‌മെന്റ് നടപ്പാക്കിയാൽ ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിൽ അധിക തിരക്ക് അനുഭവപ്പെടുമെന്നുള്ള വാദവും പ്രധാനമന്ത്രി തള്ളി. ജിപി കോ പേയ്‌മെന്റിനു ശേഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മറ്റൊരു മെഡിക്കൽ കോ പേയ്‌മെന്റ് സ്‌കീമായ ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ് സ്‌കീം കാരണം ഇത്തരം ആശങ്കകൾക്ക് ഇടയില്ലെന്നാണ് അബോട്ട് ചൂണ്ടിക്കാട്ടുന്നത്.

ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ് സ്‌കീം നടപ്പാക്കുമ്പോൾ ആശുപത്രിയിൽ നിന്നു തന്നെ മരുന്നുകൾ സൗജന്യമായി ലഭിക്കുകയാണ് ചെയ്യുന്നത്. ഇനി ഏതെങ്കിലും കാരണവശാൽ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ അമിത തിരക്ക് അനുഭവപ്പെടുന്ന സാഹചര്യമുണ്ടായാൽ അതുമായി സഹകരിച്ചുപോകാനുള്ള സംവിധാനവും സർക്കാർ ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.