തിരുവനന്തപുരം:അഴിമതിയും തട്ടിപ്പും പെൺവിഷയവും മാത്രമല്ല മന്ത്രിമാരെ രാജിയിലേക്ക് നയിക്കുന്നത്. കാര്യക്ഷമതയില്ലായ്മയും പ്രധാന ഘടകമാണ്. ലോകത്തിന്റെ ചരിത്രം അങ്ങനെയാണ്. സ്വന്തം ഉത്തരവാദിത്തം നിറവേറ്റാൻ കഴിയാത്ത മന്ത്രി ഒരു നിമിഷം പോലും ഈ സ്ഥാനത്ത് ഇരിക്കാൻ പാടില്ല. എന്നും ആരോപണങ്ങളും നാണക്കേടുകളും ആവർത്തിച്ചിട്ടും ഒന്നും നന്നാക്കാൻ കഴിയാത്ത വിദ്യാഭ്യാസമന്ത്രിയാണ് രാജി വയ്ക്കാൻ ബാധ്യസ്ഥനായിരിക്കുന്നത്. ഓണം കഴിഞ്ഞാലും പാഠപുസ്തകം അടിച്ചു തീരത്തില്ലെന്നതിനാൽ ഓണപ്പരീക്ഷ മാറ്റി വച്ചാണ് വിദ്യാഭ്യാസ വകുപ്പ് താൽകാലിക പരിഹാരം കണ്ടെത്തിയത്.

സ്‌കൂളുകളിൽ പാഠപുസ്തകം വിതരണത്തിനെത്താൻ വൈകുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ഓണപ്പരീക്ഷ ഓണം കഴിഞ്ഞ് സെപ്റ്റംബർ ഒൻപതു മുതൽ 18 വരെ നടത്താൻ ക്യുഐപി മോനിട്ടറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഓണപ്പരീക്ഷ അടുക്കാറായിട്ടും സംസ്ഥാനത്തെ സ്‌കൂളുകളിൽ പാഠപുസ്തകങ്ങൾ ലഭിക്കാത്തത് ഗൗരവതരമെന്ന് ഹൈക്കോടതി ഇന്നു പറഞ്ഞിരുന്നു. അച്ചടി വൈകിയതിനേക്കുറിച്ച് കോടതി സർക്കാരിനോട് വിശദീകരണവും തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് തടിതപ്പാൻ പരീക്ഷ മാറ്റി വച്ചത്. എന്നാൽ ഓണപ്പരീക്ഷ കഴിഞ്ഞാലും പാഠപുസ്തക അച്ചടി തീരുമെന്ന് ഉറപ്പില്ല. അങ്ങനെ വന്നാൽ ഓണപ്പരീക്ഷ തന്നെ വേണ്ടെന്ന് വച്ചേക്കും.

ഓണാവധിക്കു ശേഷം സെപ്റ്റംബർ ഒൻപത് മുതലാകും പരീക്ഷ നടത്തുക. ഓഗസ്റ്റിൽ പരീക്ഷ നടത്താനാണു നേരത്തേ തീരുമാനിച്ചിരുന്നത്. ജൂലൈ അവസാനത്തോടെ മാത്രമേ പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയാകൂ. അതു വിദ്യാർത്ഥികളുടെ കൈയിലെത്താൻ വീണ്ടും സമയമെടുക്കും. പുസ്തകവിതരണം പൂർത്തിയാക്കാതെ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുമെന്നു യോഗം വിലയിരുത്തി. ഓഗസ്റ്റ് ആദ്യ ആഴ്ച പുസ്തകം ലഭ്യമാക്കുകയും ഒരു മാസത്തിനു ശേഷം പരീക്ഷ നടത്തുകയും ചെയ്യാമെന്ന അഭിപ്രായം അംഗീകരിക്കുകയായിരുന്നു. ഇതു നടന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തും. പക്ഷേ ഈ ഗുരുതരമായ തെറ്റിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നുമില്ല.

ഇന്റർനെറ്റിൽ നിന്നു പാഠഭാഗങ്ങൾ ഡൗൺലോഡ് ചെയ്‌തെടുത്തും ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്തുമൊക്കെയാണ് നിലവിൽ അദ്ധ്യാപകർ ക്ലാസ് എടുക്കുന്നത്. പുതിയ പുസ്തകങ്ങൾ കിട്ടാത്തതിനാൽ പല കുട്ടികളും പുസ്തകത്തിന്റെ പകർപ്പ് എടുത്താണു പഠിക്കുന്നത്. ഇതിനു നല്ല ചെലവു വരുമെന്നതിനാൽ ഒട്ടേറെപ്പേർ പാഠപുസ്തകം എത്താനായി കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അക്കാദമിക് കലണ്ടർ അനുസരിച്ച് ഓഗസ്റ്റിൽ ഓണപ്പരീക്ഷ നടത്തുന്നത് ഉചിതമല്ലെന്ന് അദ്ധ്യാപക സംഘടനാ പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.

കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്കാണ് പാഠപുസ്തക അച്ചടിയുടെ ചുമതല. വിതരണച്ചുമതലയാകട്ടെ തപാൽ വകുപ്പിനും. മുഴുവൻ പാഠപുസ്തകങ്ങളും ജൂലൈ പകുതിയോടെ അച്ചടിച്ചു നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ അടിച്ചതിനു പുറമെ ശേഷിക്കുന്ന 43 ലക്ഷം പുസ്തകങ്ങൾ കൂടി കെബിപിഎസിനെ ഏൽപ്പിക്കുന്നതിനു സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ അവർ അതിന്റെ അച്ചടി തുടങ്ങിയതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചിരുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചയാണ് പാഠപുസ്തക അച്ചടി വൈകാൻ കാരണം. ഏപ്രിലിൽ അച്ചടി പൂർത്തിയാക്കി മേയിൽ സ്‌കൂളുകളിൽ പുസ്തകം എത്തിക്കേണ്ടതാണ്. എന്നാൽ ഫയൽ വിദ്യാഭ്യാസ വകുപ്പ് ആറു മാസം പൂഴ്‌ത്തിവച്ചതോടെ അച്ചടി താളംതെറ്റി. ഇതോടെ കെ.ബി.പി.എസിനെയും സർക്കാർ പ്രസിനെയും ഒഴിവാക്കി 43 ലക്ഷം പുസ്തകങ്ങൾ അച്ചടിക്കാനുള്ള കരാർ കർണാടകയിലെ സ്വകാര്യ പ്രസിനു നൽകാൻ തീരുമാനിച്ചു. ഇതു വിവാദമായതോടെ മന്ത്രിസഭ ഇടപെട്ട് ടെൻഡർ റദ്ദാക്കി കെ.ബി.പി.എസിനെ അച്ചടിച്ചുമതല ഏൽപിക്കുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിന്റെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു കള്ളകളികൾ നടന്നത്.

ഇതിൽ പ്രതിപക്ഷത്ത് മാത്രമല്ല ഭരണപക്ഷത്തും അതൃപ്തി വ്യാപകമാണ്. മുസ്ലിംലീഗിലെ ഒരു വിഭാഗം പോലും മന്ത്രിയ്‌ക്കെതിരെ രംഗത്തുണ്ട്. എന്നാൽ അബ്ദു റബ്ബിന് മാത്രം ഇതിലൊന്നും കുഴപ്പമില്ല.