കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നിന്നും കടത്തിക്കൊണ്ടുപോയ നവജാത ശിശുവിനെ തിരിച്ചു കിട്ടിയതിൽ നിർണായകമായത് ടാക്‌സി ഡ്രൈവറുടെ ഇടപെടൽ. തട്ടിയെടുത്ത കുഞ്ഞുമായി സമീപത്തെ ഹോട്ടലിൽ എത്തിയ യുവതി ഇവിടെ നിന്നും ടാക്‌സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നതിനിടെയാണ് പിടിയിലായത്.

കുഞ്ഞുമായി ഹോട്ടലിൽ എത്തിയ യുവതി റിസപ്ഷനിലേക്ക് വിളിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകാൻ ഒരു ടാക്‌സി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഹോട്ടൽ ജീവനക്കാർ സമീപത്തെ ടാക്‌സി സ്റ്റാൻഡിൽ നിന്നും അലക്‌സ് എന്നയാളുടെ ടാക്‌സി വിളിച്ചു വരുത്തി. അമൃതയിലേക്കാണ് യാത്രയെന്നും ഒരുനവജാത ശിശുവിനെ കൊണ്ടു പോകാനാണെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞതോടെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഒരു നവജാത ശിശുവിനെ കാണാതായിട്ടുണ്ടെന്ന വിവരം അലക്‌സ് ഇവരെ അറിയിച്ചു.

തുടർന്ന് അലക്‌സ് ഹോട്ടൽ മാനേജറേയും മാനേജർ പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ ഹോട്ടലിൽ എത്തിയ പൊലീസ് സംഘം കുഞ്ഞിനെ വീണ്ടെടുക്കുകയും യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് ഗാന്ധിനഗർ പൊലീസ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് അമ്മയ്ക്ക് കൈമാറി.

കളമശ്ശേരി സ്വദേശിനിയായ നീതു (23 വയസ്സ്) ആണ് കസ്റ്റഡിയിലുള്ളത് എന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. ഇവരെ കോട്ടയം എസ്‌പി ഡി.ശിൽപയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്യുകയാണ്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറയുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവർക്കൊപ്പം ഒരു ആൺകുട്ടിയും ഉണ്ടായിരുന്നു.

സംഭവം പുറത്തറിഞ്ഞ് ഒരുമണിക്കൂറിനകം കുഞ്ഞിനെ ആശുപത്രിക്ക് മുന്നിലുള്ള ഹോട്ടലിൽ നിന്നും കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കടത്തിക്കൊണ്ടു പോയത്.

സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് ആശുപത്രി പരിസരത്തും മറ്റും അന്വേഷണം വ്യാപകമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിന് മുന്നിൽനിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ പൊലീസ് കുട്ടിയെ തിരികെ ആശുപത്രിയിലേക്ക് എത്തിച്ച് അമ്മയ്ക്ക് കൈമാറുകയും ചെയ്തു.

വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കുഞ്ഞിനെ ചോദിച്ചുകൊണ്ട് ഗൈനക്കോളജി വാർഡിൽ നഴ്സിന്റെ വസ്ത്രം ധരിച്ച് ഒരു സ്ത്രീ എത്തിയത്. കുട്ടിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും ഡോക്ടർ പരിശോധിക്കണമെന്നും അറിയിച്ചാണ് കുട്ടിയുടെ അമ്മയിൽ നിന്നും ഇവർ കുഞ്ഞിനെ വാങ്ങിയത്. തുടർന്ന് ഈ സ്ത്രീ കുഞ്ഞിനേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോവുകയായിരുന്നു.

ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് കുട്ടിയുടെ അമ്മ നഴ്സിങ് സ്റ്റേഷനിലെത്തി കാര്യങ്ങൾ തിരക്കിയപ്പോൾ നഴ്സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

അലക്‌സ് പറയുന്നത്
ഹോട്ടലിൽ നിന്നും സ്റ്റാൻഡിലേക്ക് വിളി വന്നത് അനുസരിച്ചാണ് ഞാൻ ചെന്നത്. ചെന്നപ്പോൾ തന്നെ ആശുപത്രി റിസപ്ഷനിൽ ആളോട് എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ചു. താമസക്കാർക്ക് പോകേണ്ടത് അമൃതയിലേക്ക് ആണെന്ന് പറഞ്ഞു. ആരാണ് യാത്രക്കാർ എന്നു ചോദിച്ചപ്പോൾ ഒരു കുഞ്ഞിനേയും കൊണ്ടു പോകാനാണെന്ന് പറഞ്ഞു. അന്നേരം ആണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഒരു കുഞ്ഞിനെ മിസ്സായ വിവരം ഞാൻ അവരോട് പറഞ്ഞത്. കൂടുതൽ ചോദിച്ചതിൽ തടിച്ച ഒരു സ്ത്രീയാണ് ടാക്‌സി ആവശ്യപ്പെട്ടതെന്നും കൂടെ ഒരു ആൺകുട്ടിയും ഉണ്ടെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. യുവതിയുടെ കൈയിലുള്ളത് ഒരു നവജാത ശിശുവാണെന്നും റിസപ്ഷനിലുണ്ടായിരുന്ന പെൺകുട്ടി എന്നോട് പറഞ്ഞു. ആശുപത്രിയിൽ നിന്നും കാണാതായ കുട്ടി തന്നെയാണ് ഇതെന്ന് എനിക്ക് സംശയം തോന്നി. അപ്പോൾ തന്നെ വിവരം ഹോട്ടൽ മാനേജറെ അറിയിച്ചു. അദ്ദേഹം പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് എത്തിയതോടെ കുഞ്ഞ് ഇതു തന്നെയാണെന്ന് ഉറപ്പായി.

കളമശ്ശേരിയിലെ ഒരു ഫ്‌ളാറ്റിലാണ് താൻ താമസിക്കുന്നത് എന്നാണ് യുവതി പറയുന്നതെന്നും ഇവർ പറയുന്നത് മൊത്തം കള്ളമാണെന്നാണ് പ്രാഥമിക നിഗമനമെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. യുവതി ഒറ്റയ്ക്കാണ് ഇത് ചെയ്യുന്നത് എന്ന് കരുതുന്നില്ലെന്നും പിന്നിൽ റാക്കറ്റുണ്ടോയെന്ന് സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.