കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ഇന്നലെയാണ് പിടിയിലായത്. സുനിക്കൊപ്പം കൂട്ടാളി വിജീഷും അറസ്റ്റിലായത് ഇന്നലെയാണ്. ഇതോടെ കേസിലെ പൊലീസ് അന്വേഷണം ക്വട്ടേഷൻ നൽകിയത് ആരെന്ന വിധത്തിലേക്ക് നീങ്ങിയിരിക്കയാണ്. ഇതിനിടെ എങ്ങനെയാണ് നടി ആക്രമിക്കപ്പെട്ടതെന്ന് വ്യക്തമാക്കുന്ന മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. ആസൂത്രിതമായി കാർ അപകടം ഉണ്ടാക്കി സീൻ ക്രിയേറ്റ് ചെയ്ത ശേഷം കാറിൽ മാറി മാറിക്കയറി നടിയെ ഉപദ്രവിച്ചു എന്ന വിവരമാണ് നടിയുടെ മൊഴിയിൽ ഉള്ളത്.

കാറിനുള്ളിലേക്ക് അതിക്രമിച്ചു കയറിയവർ ഇരുവശങ്ങളിലുമായി ഇരുന്ന കൈകൾ കൂട്ടിപ്പിടിച്ച് വായ പൊത്തി. ലൊക്കേഷൻ ആർക്കൊക്കെയോ പറഞ്ഞു കൊടുത്തുവെന്നും പറയുന്നു. ക്വട്ടേഷനാണെന്ന് പറഞ്ഞാണ് തന്നെ ആക്രമിച്ചതെന്നും നടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. നേക്കഡ് വീഡിയോ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഡിഡി റിട്രീട്ട് ഫ്ലാറ്റിൽ ഒരുപാട് ആളുകളുണ്ട്. അവിടെ കൊണ്ടുപോയി ആക്കും. അവർ എന്താണ് ചെയ്യുക എന്ന് പറയാൻ പറ്റില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. രണ്ടര മണിക്കൂർ നീണ്ട പീഡന വിവരങ്ങൾ വിവരിച്ചു കൊണ്ടാണ് തട്ടിക്കൊണ്ടുപോകലിന് ഇരയാക്കപ്പെട്ട സംഭവത്തെ കുറിച്ച് നടി മൊഴി നൽകിയിരിക്കുന്നത്. നടി നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത് മംഗളം പത്രമാണ്.

അക്രമത്തിനിരയായ നടിയുടെ മൊഴിയുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:

17.2.17:
ഏകദേശം വൈകുന്നേരം ഏഴു മണിയോടെ ഷൂട്ടിങ്ങിനായി ഞാൻ ലാൽ ക്രിയേഷൻസ് അയച്ചുതന്ന കെ.എൽ.- 39 എഫ്. 5744 മഹീന്ദ്ര എക്സ്.യു.വി. വാഹനത്തിൽ എന്റെ വീട്ടിൽനിന്ന് എറണാകുളത്തേക്ക് പോന്നു. എന്നെ കൊണ്ടുപോരാൻ വന്ന ഡ്രൈവറെ എനിക്കു മുൻപരിചയമില്ല. ഞാൻ തനിച്ചാണ് ഷൂട്ടിങ്ങിന് പോകാറുള്ളത്. ഞാൻ വണ്ടിയിൽ കയറിക്കഴിഞ്ഞപ്പോൾ ഹൈവേ എത്തുന്നതുവരെ വഴി പറഞ്ഞുതരണമെന്ന് ഡ്രൈവർ എന്നോട് പറഞ്ഞ പ്രകാരം ഞാൻ വഴി പറഞ്ഞുകൊടുത്തു. പതിയെ പോയാൽ മതിയോ എന്ന് ഡ്രൈവർ എന്നോടു ചോദിച്ചു.

ലാൽ മീഡിയയിലേക്കാണോ പോകേണ്ടത് എന്ന് എന്നോട് ചോദിച്ചു. അല്ല, പനമ്പള്ളി നഗറിലുള്ള എന്റെ ഫ്രണ്ടിന്റെ വീട്ടിലേക്കാണ് പോകേണ്ടതെന്ന് ഞാൻ മറുപടി പറഞ്ഞു. ഞങ്ങൾ ഹൈവേയിൽ കയറിക്കഴിഞ്ഞപ്പോൾ മുതൽ ഡ്രൈവർ മൊബൈലിൽ മെസേജ് അയയ്ക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. അയാളെ പരിചയമില്ലാത്തതുകൊണ്ട് ഞാൻ അയാളോട് ഒന്നും ചോദിച്ചില്ല.

ഞാൻ സഞ്ചരിച്ച കാർ നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുന്ന ജങ്ഷൻ കഴിഞ്ഞ് അൽപം മുമ്പോട്ടെത്തിയപ്പോൾ 8.30 മണിയോടെ ഒരു വാൻ വന്ന് ഞങ്ങളുടെ കാറിന്റെ പുറകിൽ ഇടിച്ചു. ഞങ്ങൾ തിരിഞ്ഞുനോക്കിയപ്പോൾ വാൻ മുന്നിൽ കയറ്റി ഇടതുസൈഡിൽ ഒതുക്കി നിർത്തി. കാർ നിർത്തി ഡ്രൈവറും ഇറങ്ങിച്ചെന്നു. അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു. ഉടനെതന്നെ എന്റെ കാറിന്റെ ഡ്രൈവർ വന്ന് വണ്ടിയിൽ കയറുകയും അതോടൊപ്പംതന്നെ വാനിൽ വന്ന രണ്ടുപേർ കാറിലേക്ക് കയറുകയും ചെയ്തു. എന്നെ നടുക്കിരുത്തി അവർ രണ്ടുപേരും രണ്ടു സൈഡിലുമായി ഇരിക്കുകയും എന്റെ രണ്ടു കൈയിലും രണ്ടുപേരും ബലമായി പിടിച്ച് വലതുസൈഡിൽ ഇരുന്നയാൾ അയാളുടെ കൈകൊണ്ട് എന്റെ വായ പൊത്തിപ്പിടിക്കുകയും എന്റെ കൈയിലിരുന്ന മൊബൈൽഫോൺ തട്ടിപ്പറിച്ച് വാങ്ങിയിട്ട് മിണ്ടരുത്, ഒച്ചവയ്ക്കരുത് എന്ന് എന്നോട് പറഞ്ഞു. നിങ്ങളുടെ പ്രശ്നം നിങ്ങൾതന്നെ പറഞ്ഞുതീർക്ക്, എന്നെ വിട് എന്ന് ഞാൻ പറഞ്ഞെങ്കിലും എന്നെ അവർ വിട്ടില്ല.

മാഡത്തിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇത് ഇങ്ങനെയാവുമെന്ന് പ്രതീക്ഷിച്ചില്ല എന്ന് എന്റെ വലതുസൈഡിൽ ഇരുന്നയാൾ പറഞ്ഞു. മാഡത്തിനെ ലാൽ മീഡിയയിൽ എത്തിക്കാം. ഈ ഡ്രൈവറെയാണ് ഞങ്ങൾക്ക് ആവശ്യം എന്നും പറഞ്ഞു. വലതുഭാഗത്തിരുന്നയാൾ ഞങ്ങളുടെ ലൊക്കേഷൻ മറ്റാർക്കോ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. കളമശേരി എത്തിയപ്പോൾ വണ്ടിനിർത്തി വലതുസൈഡിൽ ഇരുന്നയാൾ ഇറങ്ങുകയും വലതുഭാഗത്തുകൂടി മറ്റൊരാൾ കയറുകയും ചെയ്തു. അയാൾ ഒരു കറുത്ത ടീഷർട്ട് ധരിച്ച കറുത്ത നിറമുള്ള ആളായിരുന്നു. വീണ്ടും എന്നെ അവരുടെ രണ്ടുപേരുടെയും നടുവിൽ ഇരുത്തി. എന്നെ ഉപദ്രവിക്കരുതെന്ന് അവരോട് ഞാൻ പറഞ്ഞു. എന്റെ ഫോൺ ഒന്ന് തരാമോ എന്ന് ചോദിച്ചെങ്കിലും അവർ തന്നില്ല.

ആദ്യം കയറിയ ആൾ ഞങ്ങൾ ഇടപ്പള്ളി കഴിഞ്ഞു എന്നും മറ്റും മറ്റാരോടോ വിളിച്ചുപറയുന്നതുകേട്ടു. പാലാരിവട്ടം എത്താറായപ്പോൾ വണ്ടി നിർത്തി കളമശേരിയിൽനിന്നും കയറിയ ആൾ ഇറങ്ങുകയും എന്റെ ഇടതുവശത്തും വേറെയൊരാൾ ഡ്രൈവർ സീറ്റിന്റെ ഇപ്പുറത്തും കയറുകയും ചെയ്തു. ഫ്രണ്ടിൽ കയറിയ ആൾ എന്നോട് 15 മിനിറ്റിനകം മാഡത്തിനെ ലാൽ മീഡിയയിൽ എത്തിക്കാമെന്നും ഞങ്ങൾക്ക് ഈ ഡ്രൈവറെമാത്രം മതിയെന്നും പറഞ്ഞു. പാലാരിവട്ടത്തേക്ക് പോകാതെ തന്നെ മറ്റൊരു വഴിയെ പോയി ലെഫ്റ്റ് തിരിഞ്ഞ് ഗ്രില്ലിട്ട ഗേറ്റിനുള്ളിലേക്ക് വണ്ടി കയറ്റിനിർത്തി മുന്നിലിരുന്നയാൾ ഇറങ്ങുകയും മറ്റൊരാൾ വന്ന് ഡ്രൈവറെ ഇറക്കിക്കൊണ്ടു പോവുകയും ചെയ്തു.

ടവ്വൽകൊണ്ട് മുഖം മറച്ച ഒരാൾ ഡ്രൈവർ സീറ്റിൽ കയറി. അയാൾ വണ്ടി കാക്കനാട് ഭാഗത്തേക്ക് ഓടിച്ചുകൊണ്ടുപോയി. വലിയ ഒരു ബ്രിഡ്ജിന്റെ ഭാഗത്ത് എത്തിയപ്പോൾ വണ്ടി നിർത്തി. ഈ സമയങ്ങളിലൊക്കെ ഞങ്ങളുടെ വണ്ടിയിലിടിപ്പിച്ച വാൻ ഞങ്ങളുടെ കാറിനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. വണ്ടി നിർത്തി വണ്ടിയോടിച്ചിരുന്ന ആൾ പിറകിൽ വന്ന് ഞാൻ ഇരുന്ന സീറ്റിൽ കയറുകയും പിറകിലിരുന്ന ആളെ നീ പൊയ്ക്കോ എന്നു പറഞ്ഞ് മറ്റേ വണ്ടിയിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. പുറകിൽവന്ന് കയറിയ ആളെ എനിക്ക് മുമ്പ് പരിചയമുണ്ട്.

ഷൂട്ടിങ്ങിനായി ജനുവരിയിൽ ഗോവയിൽ പോയപ്പോൾ എയർപോർട്ടിൽനിന്ന് എന്നെ പിക്ക് ചെയ്യാൻ വന്നതും പിന്നീട് ഷൂട്ടിങ്ങ് തീരുന്നതുവരെ വണ്ടിയോടിച്ചതും അയാളായിരുന്നു. എന്റെ വണ്ടിയിൽ വാനിടിപ്പിച്ച സ്ഥലത്തുനിന്നും കയറിയ ആൾ കാറിന്റെ മുൻസീറ്റിൽ കയറി വണ്ടി തിരിച്ച് റോഡിലൂടെ ചുറ്റിക്കറങ്ങി ഓടിച്ചുകൊണ്ടിരുന്നു. പുറകിൽ എന്നോടൊപ്പം ഇരുന്നയാൾ എനിക്ക് ഒരു ക്വട്ടേഷൻ ഉണ്ട് ....(നടി)യുടെ നേക്കഡ് വീഡിയോ എടുത്തുകൊടുക്കണം. അല്ലെങ്കിൽ എനിക്ക് പ്രശ്നമാണ്. സഹകരിച്ചാൽ 23 മിനിറ്റ് നീളമുള്ള വീഡിയോ എടുത്തശേഷം എത്തേണ്ട സ്ഥലത്തുകൊണ്ടുചെന്നുവിടാം. അല്ലെങ്കിൽ ഡിഡി റിട്രീട്ട് ഫ്ളാറ്റിൽ ഒരുപാട് ആളുകളുണ്ട്. അവിടെ കൊണ്ടുപോയി ആക്കും. അവർ എന്താണ് ചെയ്യുക എന്ന് പറയാൻ പറ്റില്ല. ഇൻജക്ഷൻ കൊടുത്ത് മയക്കാനാണ് അവർ എന്റെ അടുത്ത് പറഞ്ഞിരുന്നത്. ഞാൻ അതൊന്നും ചെയ്യുന്നില്ല. അതുകൊണ്ട് പെട്ടെന്ന് സഹകരിക്കണം എന്ന് എന്നെ ഭീഷണിപ്പെടുത്തി. എന്റെ ജീവിതം തകർക്കല്ലേ എന്നു പറഞ്ഞ് ഞാൻ കരഞ്ഞു. സെന്റിമെൻസ് ഒന്നും എന്റെയടുത്ത് കാണിക്കേണ്ട. അതൊന്നും എന്റെ തലയിൽ കയറില്ല എന്നുപറഞ്ഞ് വീണ്ടും എന്നെ ഭീഷണിപ്പെടുത്തി.

നിങ്ങളെ ഇറക്കിവിട്ടശേഷം ഇത് (ചിത്രീകരിച്ച വീഡിയോ) എത്തേണ്ട സ്ഥലത്ത് ഞാൻ എത്തിച്ചുകൊള്ളാം. നാളെ രാവിലെ 10 മണിക്കുശേഷം അവർ വിളിച്ചുകൊള്ളും. ബാക്കി ഡീലിങ്സൊക്കെ അവർ സംസാരിച്ചുകൊള്ളും എന്നും അയാൾ എന്നോടു പറഞ്ഞു. എന്നോട് എന്റെ മൊബൈൽ നമ്പർ അയാൾ കൊടുക്കാൻ ആവശ്യപ്പെട്ടു. ഞാൻ കൊടുക്കാതിരുന്നപ്പോൾ അയാളുടെ ഫോണിൽ എന്റെ നമ്പർ എന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ടൈപ്പ് ചെയ്യിപ്പിച്ചു. എന്നോട് എവിടെ പോകണമെന്ന് ചോദിച്ചപ്പോൾ പടമുകളിൽ വിട്ടാൽ മതിയെന്ന് ഞാൻ പറഞ്ഞു. അവിടെയാരാണുള്ളത് എന്ന് ചോദിച്ചു. എന്റെ ഫ്രണ്ട് ...........ചേച്ചി ഉണ്ടെന്ന് ഞാൻ പറഞ്ഞു. രാത്രി 11 മണിയോടെ കാർ അവിടെ നിർത്തിച്ച് അവർ വന്ന വാനിൽ അവർ കയറുകയും എന്റെ ഡ്രൈവർ വന്ന് എന്റെ വണ്ടിയിൽ കയറുകയും ചെയ്തു.

വണ്ടി പടമുകളിലുള്ള ലാലേട്ടന്റെ വീട്ടിലേക്ക് വിടാൻ പറഞ്ഞു. ഞാൻ ഇവിടെ വന്നപ്പോൾ ലാലേട്ടനും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഞാൻ അവരോട് ഉണ്ടായ വിവരങ്ങൾ പറഞ്ഞ് കരഞ്ഞു. ലാലേട്ടനാണ് പൊലീസിൽ വിവരം പറഞ്ഞത്. എന്റെ വണ്ടിയെ ഫോളോ ചെയ്തുവന്ന വാനിന്റെ നമ്പർ കെ.എൽ.8 എ. 9338 ആണെന്നാണ് എന്റെ ഓർമ്മ. അതൊരു കാറ്ററിങ് വാനായിരുന്നു. മുൻഭാഗം വെള്ളയും ബാക്കി മഞ്ഞ കളറുമായിരുന്നു. എന്റെ വണ്ടിയോടിച്ചിരുന്ന കമ്പനിയുടെ ഡ്രൈവറോട് പേര് ചോദിച്ചപ്പോൾ മാർട്ടിൻ എന്നാണ് പേരെന്ന് പറഞ്ഞു. മാർട്ടിനുംകൂടി അറിഞ്ഞാണോ ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോൾ എനിക്കൊന്നും അറിയില്ല എന്നു പറഞ്ഞു. ഞാൻ ലാലേട്ടനോട് വിവരങ്ങൾ പറഞ്ഞപ്പോഴാണ് എന്നെ ഉപദ്രവിച്ച ആളിന്റെ പേര് സുനിൽ എന്നാണെന്ന് അറിഞ്ഞത്.

വണ്ടിയിൽ കയറിയ ആളുകൾ തമ്മിൽ തമ്മിൽ സംസാരിച്ചതിൽനിന്നും ഒരാളുടെ പേര് പ്രദീപ് എന്നും മറ്റൊരാളുടെ പേര് അരുൺ എന്നും പിന്നീട് അയാളെ സലീം എന്നും വിളിക്കുന്നുണ്ടായിരുന്നു. ആസിഫ് എന്ന് ഒരാൾ എന്നോട് പേര് പറഞ്ഞയാളെ ഉണ്ണീ എന്നും അവർ വിളിക്കുന്നുണ്ടായിരുന്നു. ഇവരെയെല്ലാം എനിക്ക് ഇനിയും കണ്ടാൽ അറിയാം. ഷൂട്ടിങ്ങിനായി വീട്ടിൽനിന്നും പുറപ്പെട്ട എന്നെ വഴിയിൽ തടഞ്ഞുനിർത്തി എന്റെ കാറിൽ ബലമായി അതിക്രമിച്ച് കയറി എന്നെ ഭീഷണിപ്പെടുത്തിയ ആളുകൾക്കെതിരേ നിയമനടപടി സ്വീകരിക്കണം.