പെരുമ്പാവൂർ: രഹസ്യാന്വേഷണവിഭാഗം അതീവഗൗരവത്തോടെ കാണുകയാണ് പെരുമ്പാവൂരിലെ വിജിലൻസ് ചമഞ്ഞുള്ള കവർച്ച. തീവ്രവാദബന്ധമില്ലെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ പരമാവധി കരുതലോടെയാണ് കവർച്ച നടത്തിയത്. കണ്ണൂർ സിറ്റിയിലെ താഴകത്ത് അബ്ദുൾ ഹാലിം പ്രതിസ്ഥാനത്തുള്ളതു കൊണ്ടു തന്നെ ഈ കേസ് രഹസ്യന്വേഷണവിഭാഗം പ്രത്യേകം നിരീക്ഷിക്കുകയാണ്.

ഹാലിമിന്റെ എല്ലാ തീവ്രവാദ ഇടപെടലുകളും തെളിവുകൾ അവശേഷിപ്പിക്കാതെ നടത്താൻ അയാൾക്ക് പ്രത്യേക കഴിവുണ്ട്. 2006 ൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലും മൊഫ്യൂസൽ ബസ് സ്റ്റാൻഡ് പരിസരത്തും ടൈമർ ഘടിപ്പിച്ച ബോംബുകൾ വച്ചതിനു പിന്നിൽ ഹാലിമായിരുന്നു. കോഴിക്കോട്ടെ ഒരു ലോഡ്ജിൽ നിന്നും എല്ലാം ആസൂത്രണം ചെയ്തശേഷം കൂട്ടാളികളെക്കൊണ്ട് ബോംബുകൾ വയ്‌പ്പിക്കുകയായിരുന്നു.

ആദ്യത്തെ ബോംബു സ്ഫോടനം നടന്നയുടനെതന്നെ രണ്ടാമതും ഒന്നു വച്ചിട്ടുണ്ടെന്ന് കലക്ടറ്റിൽ വിളിച്ചു പറഞ്ഞു. രണ്ടാമത്തെ ബോംബ് വച്ച കെ.എസ്. ആർ.ടി.സി. സ്ഥലം പരിശോധിക്കവേ സേർച്ച് ചെയ്യുന്ന പൊലീസുകാരന് സ്ഫോടനത്തിൽ പരിക്കേറ്റു. ഈ കേസിൽ മറ്റുള്ളവർ കുടുങ്ങിയപ്പോഴും ഹാലിം രക്ഷപ്പെടുകയായിരുന്നു. ഇലക്ട്രോണിക് വിദഗ്ദ്ധൻ കൂടിയായിരുന്ന ഹാലിം ആണ് ടൈമിങ് സെറ്റു ചെയ്യുന്ന ബോംബു നിർമ്മാണത്തിലെ വിദഗ്ദ്ധൻ. ഹാലിമാണ് ബോംബുണ്ടാക്കിയതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഈ കേസിന്റെ വിധിയിൽ ജഡ്ജി തന്നെ പരാമർശിക്കുന്നത്, ആവശ്യമായ തെളിവില്ലാത്തതിനാൽ കോടതി വിട്ടയയ്ക്കുന്നുവെന്നാണ്. തെളിവ് അവശേഷിപ്പിക്കാതെ നടത്തുന്ന ഹാലിമിന്റെ ഓപ്പറേഷൻ ഇപ്പോഴും തുടരുന്നുവെന്നാണ് സൂചന.

2008 ലെ ബംഗളൂരു ബോംബ് സ്ഫോടനത്തിലെ ആസൂത്രണത്തിന് പിന്നിലും ഹാലിമിന്റെ പങ്ക് നിസ്സാരമല്ല. ബംഗളൂരുവിൽ തുടർ സ്ഫോടനം നടത്താൻ തടിയന്റവിടെ നസീറും പ്രധാന കൂട്ടാളിയായ ഹാലിമും തീരുമാനിക്കുകയായിരുന്നു. അതിനു വേണ്ടി പെരുമ്പാവൂരിനടുത്ത ഒരു കെമിക്കൽ കടയിൽ നിന്നും കവർച്ച നടത്താൻ ഈ സംഘം തീരുമാനിച്ചു. ഒരു രാത്രി കെമിക്കൽ കടയിൽ നിന്നും പൂട്ടുപൊളിച്ച് 200 കിലോ ഗ്രാം അമോണിയം നൈട്രേറ്റ്, ജലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റനേറ്ററുകൾ എന്നിവ കവർച്ച ചെയ്തു. കവർച്ച ചെയ്ത സ്ഫോടക വസ്തുക്കൾ തടിയന്റവിടെ നസീർ താമസിക്കുന്ന ആലുവയിലെ വീട്ടിലെത്തിച്ചു. അവിടുന്ന് ബംഗളൂരുവിലെത്തിക്കാൻ ഇടത്താവളമൊരുക്കിയത് കണ്ണൂരിലായിരുന്നു. കാശ്മീർ തീവ്രവാദസംഭവത്തിൽ കുപ്‌വാര വനത്തിൽ വച്ച് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച കണ്ണൂരിലെ ഫായിസിന്റെ വീട്ടിലേക്കാണ് പിന്നീട് എത്തിച്ചത്.

ബംഗളൂരുവിലേക്ക് സ്ഫോടക വസ്തുക്കൾ കൊണ്ടുപോകാൻ വെള്ളനിറത്തിലുള്ള ഒരു ഓമ്നി വാൻ കണ്ടെത്തുകയായിരുന്നു അടുത്ത ലക്ഷ്യം. അങ്ങനെ വാടകയ്ക്ക് എടുത്ത ഒരു സുമോയിൽ നസീർ, സാബിർ, മനാഫ്, എന്നിവർക്കൊപ്പം രാത്രി ആലുവയിൽ തെരച്ചിൽ തുടങ്ങി. എന്നാൽ ഇതിനിടയിലാണ് ആലുവ പൊലീസിന്റെ പട്രോളിങ് ഗ്രൂപ്പിന്റെ പിടിയിലായത്. സുമോ ഡ്രൈവ് ചെയ്യുകയായിരുന്ന അബ്ദുൾ ഹാലിം ഒഴിച്ച് മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. പൊലീസ് ഹാലിമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും വഴിവിട്ടൊന്നും പറയാൻ അയാൾ തയ്യാറായില്ല. പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ ഹാലിം നട്ടെല്ലിന് ക്ഷതമേറ്റതോടെ ആശുപത്രിയിലായി. എന്നാൽ ഈ സമയം നസീറും കൂട്ടാളികളും കണ്ണൂരിൽ നിന്നും ബംഗളൂരുവിലേക്ക് സ്ഫോടക വസ്തുക്കൾ കടത്തിക്കഴിഞ്ഞിരുന്നു.

മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നതു പോലെത്തന്നെ ബംഗളൂരുവിലെ പത്ത് സുപ്രധാന സ്ഥലങ്ങളിൽ ബോംബുകൾ സ്ഥാപിച്ചു. എന്നാൽ സാങ്കേതിക പിഴവുകാരണം ഒൻപത് ബോംബുകളും നിർവ്വീര്യമാവുകയായിരുന്നു. പത്താമത്തെ ബോംബ് ഇരുമ്പു പെട്ടിയിൽ സെറ്റു ചെയ്താണ് വച്ചിരുന്നത്. ഈ ബോംബ് പൊട്ടി വെയ്റ്റിങ് ഷെൽട്ടറിൽ ഇരിക്കുകയായിരുന്ന ഒരു സ്ത്രീ മരിച്ചിരുന്നു. ഹാലിം ആശുപത്രിയിലായിരുന്നതിനാൽ സാങ്കേതികത കൈകാര്യം ചെയ്തിരുന്ന ആൾക്ക് പറ്റിയ കൈപ്പിഴവ് മൂലമാണ് ഒമ്പത് ബോംബുകളും പൊട്ടാതെ പോയത്. അതിലൂടെ ഒട്ടേറെ പേരുടെ ജീവൻ രക്ഷപ്പെടുകയും ചെയ്തു. ഹാലിമിനൊപ്പമുള്ളവരിൽ തടിയന്റവിടെ നസീർ ഉൾപ്പെടെ ഭൂരിഭാഗം പേരും ഇപ്പോൾ ജയിലിൽ കഴിയുകയാണ്. എന്നാൽ തെളിവുകളുടെ അഭാവം മൂലം ഹാലിമിന്റെ രക്ഷപ്പെടൽ തുടർക്കഥയാവുകയാണ്.