കണ്ണൂർ: പെരുമ്പാവൂരിൽ വിജിലൻസ് ചമഞ്ഞ് കവർച്ച നടത്തിയ കേസിലെ പ്രതി അബ്ദുൾ ഹാലിം പാക്ക് തീവ്രവാദ സംഘടനയായ ലഷ്‌കറെ തൊയ്ബയിലെ പ്രധാനിയാണെന്ന് രഹസ്യാന്വേഷണ വിഭാഗം. തീവ്രവാദിനേതാവ് തടിയന്റവിടെ നസീറിന്റെ പ്രധാനസഹായിയായ ഹാലിം ബോംബ് സ്ഫോടനങ്ങൾ ആസൂത്രണം നടത്തുന്നതിൽ വിദഗ്ധനാണ്. മാത്രമല്ല കണ്ണൂർ കൊച്ചിപ്പള്ളിസ്വദേശിയും ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചുവരുന്ന തീവ്രവാദിയുമായ സാബിറിന്റെ ഏറ്റവും അടുത്ത വിശ്വസ്തനാണ് ഹാലിം.

ലഷ്‌കർ തീവ്രവാദികൾ അയൂബ് എന്നു വിളിക്കുന്ന സാബിർ 2008 ൽ മുംബൈയിൽ നിന്ന് ഇറാനിലേക്ക് പോവുകയും അവിടെനിന്ന് അഫ്ഗാനിസ്ഥാനിൽ പ്രവേശിക്കുകയും ചെയ്തു. പിന്നീട് അഫ്ഗാനിസ്ഥാൻ തട്ടകമാക്കി തീവ്രവാദികൾക്ക് ധനസഹായം ചെയ്യുന്ന പ്രധാനിയായി മാറി. തീവ്രവാദ പ്രവർത്തനത്തിനായി അബ്ദുൾ ഹാലിമിന്റെ പേരിൽ സാബിർ എന്ന അയൂബ് പണം അയയ്ക്കാറുണ്ട്. അത് ഹാലിമാണ് സ്വീകരിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ തന്നെ വ്യക്തമായിട്ടുണ്ട്.

കളമശേരി ബസ് കത്തിക്കൽ കേസിൽ നിലവിൽ പ്രതിയാണ് ഹാലിം. കോഴിക്കോട് മൊഫ്യൂസൽ ബസ്സ് സ്റ്റാൻഡിൽ ടൈമർ ഘടിപ്പിച്ച് ബോംബ് സ്ഫോടനം നടത്തിയത് ഹാലിമിന്റെ നേതൃത്വത്തിലായിരുന്നു. ഇലക്ട്രോണിക്ക് സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും ഹാലിമിന്റെ അറിവാണ് കേരളത്തിൽ ടൈമർ ബോംബുകൾ തീവ്രവാദികൾ ഉപയോഗിക്കാൻ തുടങ്ങിയതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരമുണ്ട്. 2014 ൽ ഹവാലക്കാരെ വലവീശി 24 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും അബ്ദുൾ ഹാലിമിന്റെ പങ്ക് വളരെ വലുതാണ്.

എന്നാൽ തെളിവ് അവശേഷിപ്പിക്കാതെ നടത്തുന്ന പ്രവർത്തനങ്ങളിൽ നിന്നും കേസിൽ കുടുങ്ങാതെ രക്ഷപ്പെടാൻ ഹാലിമിനാവുന്നു. തീവ്രവാദ പ്രവർത്തനത്തിനായി കള്ളനോട്ടുപയോഗിച്ച കേസിലും തുമ്പുണ്ടായില്ല. കണ്ണൂർ തയ്യിലെ വിനോദ് വധക്കേസിലെ പ്രധാന പ്രതിസ്ഥാനത്തും ഹാലിമിന്റെ പേരാണ് ഉയർന്നു വന്നത്. ഒരു മുസ്ലിം സ്ത്രീയുമായി വിനോദിനുള്ള ബന്ധമായിരുന്നു കടലിൽ മുക്കി കൊല്ലാൻ കാരണമായത്. ഇതൊരു തീവ്രവാദ കൊലയായിരുന്നുവെന്നത് പൊലീസ് റിക്കാർഡിലുണ്ട്.

ലഷ്‌ക്കറെ തൊയ്ബ നേതാവ് തടിയന്റവിടെ നസീർ ഇപ്പോൾ ബംഗളൂരു ജയിലിൽ കഴിയുകയാണ്. കൂടെ കൂട്ടുപ്രതികളുമുണ്ട്. അവരുടെ കേസ് ചെലവിനും കുടുംബങ്ങളുടെ ഉപജീവനത്തിനുമാണ് ഇത്തരം കവർച്ചക്ക് ഇവരെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത്തരം പ്രവൃത്തികൾ നിരവധി നടത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. പൊലീസ് പിടിയിലായ അബ്ദുൾ ഹാലിമിന് ലഷ്‌ക്കറെ തൊയ്ബയുടെ ഫണ്ട് ശേഖരണത്തിന്റെ ചുമതല കൂടി ഉണ്ടെന്നാണ് അറിയുന്നത്. ഇലക്ട്രോണിക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്ന ഹാലിം ബോംബ് സ്ഫോടനങ്ങളുടെ മാസ്റ്റർ എന്നാണ് തീവ്രവാദികളുടെ ഇടയിൽ അറിയപ്പെടുന്നത്.