മഞ്ചേശ്വരം: മലയാളികളും കന്നഡക്കാരും ഇടകലർന്ന് ജീവിക്കുന്ന ഗ്രാമമാണ് മഞ്ചേശ്വരത്തോട് ചേർന്നു കിടക്കുന്ന കറുപ്പാടി. കർണ്ണാടകത്തിൽ വർഗ്ഗീയത ഉറഞ്ഞാടുമ്പോഴും കറുവപ്പാടിയെ അതൊന്നും കാര്യമായി ബാധിച്ചിരുന്നില്ല. ഭാഷയുടേയും ജാതിയുടേയും മതത്തിന്റേയും വേർതിരിവില്ലാതെ കഴിയുന്ന കറുവപ്പാടിയിൽ യുവാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ ദാരുണമായ കൊലപാതകം ഞെട്ടൽ ഉളവാക്കിയിരിക്കയാണ്.

കോൺഗ്രസ്സ് നേതാവും ഊർജ്വസ്വലനുമായ ജനപ്രതിനിധിയായിരുന്നു അബ്ദുൾ ജലീൽ. അതുകൊണ്ടു തന്നെ മത്സരിച്ചപ്പോഴെല്ലാം ജയിച്ച ചരിത്രമേ ജലീലിനുള്ളൂ. കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡണ്ടായപ്പോൾ ജലീൽ അക്ഷരാർത്ഥത്തിൽ ജനസേവകനായി. അതുകൊണ്ടു തന്നെ രാഷ്ട്രീയത്തിന്റെ അതിരുകൾ ഭേദിച്ച് ജനങ്ങൾ ജലീലിന് സ്നേഹം ചൊരിഞ്ഞു. ഇത്തവണ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വനിതകൾക്ക് സംവരണം ചെയ്തതിനാൽ ജലീൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.

അബ്ദുൾ ജലീലിന്റെ പതിവ് പൊതു പ്രവർത്തന ശൈലി ഇങ്ങിനെ. എന്നും രാവിലെ പഞ്ചായത്ത് ഓഫീസിൽ എത്തും. കർഷകരും മറ്റ് ആവശ്യത്തിന് വരുന്നവരേയും അവരുടെ പ്രശ്നങ്ങളും പരാതികളും ചോദിച്ചറിഞ്ഞ് ജനങ്ങൾ ഏൽപ്പിക്കുന്ന അപേക്ഷകൾ ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് എത്തിക്കും. അതുകൊണ്ടു തന്നെ പ്രശ്നങ്ങൾക്കെല്ലാം മിന്നൽ വേഗതയിൽ പരിഹാരവും കാണും. ഇക്കാരണങ്ങളാൽ ജനങ്ങളുടെ ഇഷ്ടതോഴനാണ് ജലീൽ. ഇന്നലേയും പതിവു പോലെ അബ്ദുൾ ജലീൽ പഞ്ചായത്ത് ഓഫീസിൽ എത്തി. വൈസ് പ്രസിഡണ്ടിന്റെ മുറിയിൽ ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു.

പെട്ടെന്നായിരുന്നു രണ്ടു ബൈക്കുകളിലായി മുഖം മൂടി ധരിച്ച അക്രമി സംഘം മുറിയിലേക്ക് ഓടിക്കയറിയത്. മുളക് പൊടി മുഖത്ത് വിതറി ജലീലിനെ കീഴടക്കിയതിന് ശേഷം വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച ജലീൽ മുറിക്കകത്ത് കുഴഞ്ഞ് വീണു. പഞ്ചായത്ത് ജീവനക്കാരും ജനങ്ങളുമെത്തി നടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കും മുമ്പു തന്നെ മരണമടഞ്ഞിരുന്നു. അക്രമികൾ ജലീലിനെ അക്രമിക്കും മുമ്പ് ഓഫീസ് വരാന്തയിൽ നിൽക്കുകയായിരുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തി വിരട്ടി ഓടിച്ചിരുന്നു. സംശുദ്ദ രാഷ്ട്രീയത്തിന്റെ വക്താവായ അബ്ദുൾ ജലീലിനെ കൊലപ്പെടുത്തിയതിന്റെ ദുരൂഹത ഇനിയും വ്യക്തമായിട്ടില്ല.

സംഭവത്തിൽ രാഷ്ട്രീയമോ വർഗ്ഗീയമോ ആയ കാരണങ്ങളില്ലെന്ന് വ്യക്തമായിട്ടുണ്ട്. പഞ്ചായത്തു വഴി ലഭിക്കേണ്ട നിർമ്മാണ പ്രവർത്തനത്തിന്റെ അനുമതി സംബന്ധിച്ച വല്ല പ്രശ്നങ്ങളുമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ദേശീയ മുസ്ലിം എന്നറിയപ്പെടുന്ന കോൺഗ്രസ്സ് നേതാവും ബണ്ട്വാൽ താലൂക്ക് പഞ്ചായത്ത് അംഗമായ ഉസ്മാൻ കറുവപ്പാടിയുടെ മകനാണ് കൊല്ലപ്പെട്ട അബ്ദുൾ ജലീൽ. ആമിനയാണ് മാതാവ്. ഭാര്യ അസ്മ. മൂന്ന് മക്കളുമുണ്ട്. ക്വട്ടേഷൻ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയവും പൊലീസിനുണ്ട്.

കേരളത്തിലെ പൈവളിക ഗ്രാമപഞ്ചായത്തിന് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കറുവപ്പാടി. അക്രമികൾ മഞ്ചേശ്വരം വഴി കേരളത്തിൽ കടന്നിട്ടുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ദർളക്കട്ട കെ.എസ്. ഹെഗ്ഡെ ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്ത് എത്തിക്കും. ഉച്ച തിരിഞ്ഞ് തമ്മഡുക്ക ജുമാ അത്ത് പള്ളി ഖബറിസ്ഥാനിൽ ഖബറടക്കും.