- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുസ്തകം അയച്ചു തന്നതിനു നന്ദി, പ്രിയപ്പെട്ട മധു, അമ്മ എന്ന താങ്കളുടെ കവിതയാണ് എനിക്ക് ഏറെ ഇഷ്ടമായത്'; ഒരു കവി നിധി പോലെ സൂക്ഷിക്കുന്ന ഒരു കത്തിന്റെ കഥ; കലാം എന്ന രാഷ്ട്രപതിയുടെ മറ്റൊരു ജനകീയ മുഖം ഇതാ
തിരുവനന്തപുരം: 2003 സെപ്റ്റംബറിൽ വന്ന ഒരു കത്ത് വഞ്ചിയൂർ സ്വദേശി എൻ ആർ മധുവിനെ അക്ഷരാർഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു. ഒരു നിധി പോലെ ആ കത്ത് ഇന്നും സൂക്ഷിക്കുകയാണ് തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ജോലി ചെയ്യുന്ന ഇദ്ദേഹം. രാഷ്ട്രത്തലവനായിരുന്ന എ പി ജെ അബ്ദുൾ കലാമിന്റേതായിരുന്നു ആ കത്ത്. 'പ്രിയപ്പെട്ട മധു, താങ്കളുടെ കവിതകൾ എനിക്
തിരുവനന്തപുരം: 2003 സെപ്റ്റംബറിൽ വന്ന ഒരു കത്ത് വഞ്ചിയൂർ സ്വദേശി എൻ ആർ മധുവിനെ അക്ഷരാർഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു. ഒരു നിധി പോലെ ആ കത്ത് ഇന്നും സൂക്ഷിക്കുകയാണ് തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ജോലി ചെയ്യുന്ന ഇദ്ദേഹം.
രാഷ്ട്രത്തലവനായിരുന്ന എ പി ജെ അബ്ദുൾ കലാമിന്റേതായിരുന്നു ആ കത്ത്. 'പ്രിയപ്പെട്ട മധു, താങ്കളുടെ കവിതകൾ എനിക്കായി അയച്ചു തന്നതിനു നന്ദി. ഇരുപതാം പേജിലെ അമ്മ എന്ന കവിതയാണ് എനിക്ക് ഏറെ ഇഷ്ടമായത്'.
രാഷ്ട്രപതി ഭവനിൽ നിന്ന് 'പേഴ്‌സണൽ' എന്ന കുറിപ്പോടെ വന്ന കത്തു പൊട്ടിച്ചു വായിക്കുമ്പോൾ സാഹിത്യത്തിനുള്ള ലോകത്തെ ഏറ്റവും വലിയ അംഗീകാരം ലഭിക്കുന്നതിനേക്കാൾ സന്തോഷമായിരുന്നു മധുവിന്റെ ഉള്ളിൽ. സാധാരണക്കാരന്റെ രാഷ്ട്രപതിയായിരുന്ന അദ്ദേഹത്തിന്റെ ജനകീയ മുഖത്തിന്റെ മറ്റൊരു വശം കൂടിയാണിത്.
അറിയപ്പെടാത്തൊരു കവിയായ തന്റെ കവിതകൾ സശ്രദ്ധം വായിക്കാൻ സാവകാശം കണ്ടെത്തുകയും അതിനു മറുപടി അയക്കുകയും ചെയ്തത് ഏവരെയും അംഗീകരിക്കാനുള്ള കലാമിന്റെ മനസിനെയാണു വെളിപ്പെടുത്തുന്നതെന്ന് മധു പറയുന്നു.
വെറും സാധാരണക്കാരനായ തന്റെ കവിത രാജ്യത്തിന്റെ ഏറ്റവും ഉയർന്ന സ്ഥാനം വഹിക്കുന്ന മഹാനായ ഒരു മനുഷ്യൻ വായിച്ചിരിക്കുന്നു. മാത്രമല്ല, തന്റെ കവിതകൾ വായിച്ച് അദ്ദേഹം അഭിപ്രായം പറയുകയും ചെയ്തിരിക്കുന്നു. ആ മഹാമനുഷ്യന്റെ ഓർമയ്ക്കായി തന്റെ ശേഖരത്തിൽ നിധി പോലെ എന്നും ആ കത്തു കാത്തുവയ്ക്കുമെന്ന് മധു മറുനാടൻ മലയാളിയോടു പറഞ്ഞു.
തിരുവനന്തപുരത്ത് എജീസ് ഓഫീസിലെ ജീവനക്കാരനാണ് 49കാരനായ മധു. കൊച്ചു കൊച്ചു കവിതകൾ എഴുതുന്ന അദ്ദേഹം 2003 ഓഗസ്റ്റിലാണ് A Sweating Mind എന്ന പേരിൽ 25 കവിതകൾ ഉൾപ്പെടുന്ന സമാഹാരം പ്രസിദ്ധീകരിച്ചത്. സ്വന്തം ചെലവിൽ പ്രസിദ്ധീകരിച്ച പുസ്തകം ഓഫീസിൽ നടന്ന ചടങ്ങിൽ കവി അയ്യപ്പപ്പണിക്കർ പ്രകാശനം ചെയ്യുകയും ചെയ്തു.
പല പ്രമുഖർക്കും പുസ്തകം അയച്ചുകൊടുത്തിരുന്നു. ഒപ്പം സ്വപ്‌നം കാണാൻ രാജ്യത്തെ പഠിപ്പിച്ച രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിനും. ഒരു മാസം കഴിയും മുമ്പ് രാഷ്ട്രപതി ഭവനിൽ നിന്നുള്ള ഒരു കത്ത് മധുവിനെ തേടിയെത്തുകയായിരുന്നു.
കൃത്യമായി പേജ് നമ്പർ വരെ പറഞ്ഞ് കവിത ഇഷ്ടപ്പെട്ടു എന്ന് അബ്ദുൾ കലാം പറയുമ്പോൾ ഇതെല്ലാം മനസിരുത്തി വായിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നില്ലേ എന്ന് മധു ചോദിക്കുന്നു. ഒരു സാധാരണക്കാരനായ കവിക്ക് ഇതിൽപ്പരം എന്തു സന്തോഷമാണു വേണ്ടത് എന്നും മധു ചോദിക്കുന്നു.
തന്റെ സ്വപ്‌നങ്ങൾക്കും ചിറകുകൾ തന്ന ആ മഹാമനുഷ്യന്റെ വിയോഗത്തിൽ തേങ്ങുകയാണ് മധുവും. നിധി പോലെ കാത്തു സൂക്ഷിക്കുന്ന കത്തിന്റെ പകർപ്പ് തന്റെ പുതിയ പുസ്തകമായ 'Glimpses of Life Through Cobweb'-ലും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. കലാമിനോടുള്ള ആദരാഞ്ജലി കൂടിയാണ് ഈ പുസ്തകമെന്നും അദ്ദേഹം പറയുന്നു.
Posted by Madhu Narayanaswamy Ramanathan on Wednesday, 3 July 2013
എജീസ് ഓഫീസ് ജീവനക്കാരിയായ ചാന്ദ്‌നിയാണ് മധുവിന്റെ ഭാര്യ. എൽഎൽബി വിദ്യാർത്ഥിനി റാണി മധു, +2 വിദ്യാർത്ഥി രഞ്ജൻ മധു എന്നിവർ മക്കളാണ്.