തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ കന്റോൺമെന്റ് ഗേറ്റിന് മുന്നിൽ കൂടി കടന്നു പോകുമ്പോൾ ഒരാൾ നിന്ന് വാഹനങ്ങളെ നിയന്ത്രിക്കുന്നതും മന്ത്രിമാർ കടന്നു പോകുമ്പോൾ അഭിവാദ്യം അർപ്പിക്കുന്നതും കാണാം. ഗേറ്റിന് മുന്നിലെ റോഡിൽ ഏതെങ്കിലും വാഹനങ്ങൾ കൂടുതൽ നേരം നിർത്തിയിടുന്നതോ ഗതാഗത തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്നതോ കണ്ടാൽ ഉടൻ അവരോട് കയർക്കുന്നതും വാഹനം മാറ്റി ഗതാഗതം പുന സ്ഥാപിക്കുന്നതും കാണാം. കണ്ടാൽ യൂണിഫോം ഇടാതെ നിന്ന് ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന് കരുതിയാൽ തെറ്റി. ഒരു സാധാരണ മനുഷ്യൻ. പേര് കരീം. മുഴുവൻ പേര് അബ്ദുൽ കരീം.

തിരുവനന്തപുരം ഹജൂർ കച്ചേരിയിലെ നാട്ടുകാരുടെ പ്രിയപ്പെട്ട കരീംക്ക. സെക്രട്ടറിയേറ്റിന്റെ പ്രധാന കവാടമായ കന്റോൺമെന്റ് ഗെയ്റ്റിൽ രാവിലെ മുതൽ വൈകുന്നേരം വരെ ചെവിയിൽ ഇയർഫോൺ തിരുകി ചെവി പൊട്ടുന്ന ശബ്ദത്തിൽ പാട്ടും വെച്ച് നിറഞ്ഞു നിവർന്നങ്ങനെ നിൽക്കുന്നുണ്ടാകും കരീംക്ക. മടിയോ മടുപ്പോ ഒന്നുമില്ലാതെ. വെയിലാണോ മഴയാണോന്ന് നോക്കാതെ സദാ സമയം.

സെക്രട്ടറിയേറ്റിലേക്ക് വരുന്ന ഏതൊരാൾക്കും കരീമിന്റ മുന്നിലൂടെയല്ലാതെ അകത്തേക്കോ പുറത്തേക്കോ പോകാൻ കഴിയില്ല.  15 വർഷത്തിലധികമായി ഗേറ്റിനു മുന്നിൽ, ലൈറ്റ് വെച്ചും കൊടിവെച്ചും അല്ലാത്തതുമൊക്കെയായി അകത്തേക്കും പുറത്തേക്കുമായി ചീറിപ്പാഞ്ഞുപോകുന്ന വണ്ടികൾക്ക് കരീം വഴിയൊരുക്കുന്നു. ഇടക്ക് കടന്നു പോകുന്ന മന്ത്രിവണ്ടികളെ നോക്കി കരീം ഏറ്റവും ആത്മാർത്ഥമായി സല്യൂട്ട് ചെയ്യും. അത് ചെയ്യാൻ നിർബന്ധമായവർ ചെയ്യേണ്ടതിനേക്കാൾ ഭംഗിയായിത്തന്നെ, മനസ്സറിഞ്ഞ് തന്നെ. വണ്ടിയുടെ സൈഡ് ഗ്ലാസിനുള്ളിലൂടെ അപ്പോൾ മന്ത്രിമാരും തിരിച്ച് അഭിവാദ്യം ചെയ്യും.

കന്റോൺമെന്റ് ഗേറ്റിൽ കരീമിനെ ആരും നിയമിച്ചതല്ല. ആരു മൊട്ട് ശമ്പളം നൽകുന്നുമില്ല. എന്നും രാവിലെ ജോലിക്കെത്തും. യാതൊരു വരുമാനവുമില്ല എങ്കിലും കരീമിന്റെ അത്ര ആത്മാർത്ഥത ഗേറ്റിൽ ഡ്യൂട്ടിക്ക് നിൽക്കുന്ന മറ്റ് ഓഫീസേഴ്‌സിന് ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. അത്രയും ആത്മാർത്ഥതയാണ്. ഇത്രയും ആത്മാർത്ഥമായി ജോലി ചെയ്യുന്നയാൾക്ക് 'വട്ടച്ചെലവിനുള്ളത്' നൽകാൻ ആരെങ്കിലും, സർക്കാർ തലത്തിലോ അല്ലാതെയോ മുൻകൈ എടുത്താൽ വലിയ കാര്യം തന്നെയാവും. കാരണം കരീമിന്റെ കാര്യം വലിയ കഷ്ടത്തിലാണെന്നാണ് അറിയുന്നത്. ഇത് മനസ്സിലാക്കി മന്ത്രിമാരും മറ്റും വട്ടച്ചെലവിനുള്ള പണമൊക്കെ നൽകാറുണ്ട്. അതു കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്. ശമ്പളമൊന്നുമില്ലെങ്കിലും ഈ ജോലി കരീം നന്നായി ആസ്വദിക്കുന്നുണ്ട് എന്നതാണ് സത്യം.

കരീംക്കാന്റെ ഭാഷയിൽ പറഞ്ഞാൽ 'ഉള്ള കുടുംബത്തിലെ അംഗമായിരുന്നു. എല്ലാം അവന്മാര് മുടിച്ച് കളഞ്ഞു'. ആരാണ് ഈ അവന്മാരെന്ന് ചോദിച്ചപ്പോൾ മൂപ്പര് പറയാൻ തയ്യാറായില്ല. ഒന്നും ഓർക്കാനും പറയാനും ഞാനിഷ്ടപ്പെടുന്നില്ല ഒക്കെയും 'കേരള രാഷ്ട്രീയത്തിലെ' പരസ്യമായ രഹസ്യമാണെന്നും തിരുവനന്തപുരത്തും സെക്രട്ടറിയേറ്റിലും അതറിയാത്തവർ ആരുമുണ്ടാവില്ല എന്നും മാത്രം പറഞ്ഞു. തിരുവനന്തപുരത്തെ അറിയപ്പെട്ട ബിസിനസുകാരനായിരുന്ന എസ്.എ മജീദിന്റെ മകനാണ് അബ്ദുൽ കരീം. പൊതു പ്രവർത്തനത്തിനിറങ്ങി ഉണ്ടായിരുന്ന സ്വത്തുക്കൾ നശിപ്പിച്ചു കളഞ്ഞു. കോൺഗ്രസ്സ് പാർട്ടിയിലെ ചിലരാണ് പണമൊക്കെ അടിച്ചുമാറ്റിയത് എന്നാണ് കരീം പറയുന്നത്. ഇപ്പോഴത്തെ അവസ്ഥ വളരെ വളരെ ദയനീയമാണ്. 'എന്റെ പണം കൊണ്ടാണ് അവർ വളർന്നത്, പാർട്ടി വളർത്തിയത്, അവരൊക്കെ ഇന്ന് വലിയ നിലയിലാണ്. എന്നിട്ടും എന്നെ എല്ലാരും കൈവിട്ടുകളഞ്ഞു. ഒരു പിടിവള്ളി ഒരുത്തനും എവിടെയും ഇട്ടുതന്നില്ല. അതാണ് ഇന്നെന്റെ ഏറ്റവും വലിയ സങ്കടം' കരീ കരയാതെ പറഞ്ഞു.



എന്താണ് ഏറ്റവും സന്തോഷമുണ്ടാക്കിയ അനുഭവമെന്ന് ചോദിച്ചപ്പോൾ കരീം പറഞ്ഞത് ഇങ്ങനെയാണ്. ഒരു ദിവസം ഗേറ്റിൽ ഡ്യൂട്ടിയിലായിരുന്നു. നല്ല മഴയുള്ള ദിവസം. ഒരു കുട പോലുമില്ലാതെ മഴനനഞ്ഞ് 'ഡ്യൂട്ടി' ചെയ്യുന്ന കരീമിനെ അന്നേരം അതു വഴി പോയ മുഖ്യമന്ത്രി പിണറായി വിജയൻ കാണാനിടയായി. തന്റെ ഓഫീസിനടുത്ത് വണ്ടിയിറങ്ങിയ മുഖ്യമന്ത്രി ഡ്രൈവറുടെ കയ്യിൽ കരീംക്കാക്ക് ഒരു കുട കൊടുത്തു വിട്ടു. 'മഴനനഞ്ഞ് ജോലി ചെയ്യണ്ട' എന്ന ഉപദേശവും. കർക്കശക്കാരനാണെങ്കിലും പിണറായി സാറ് നല്ല മനസ്സിന്റെ ഉടമയാണെന്നും കരീം സന്തോഷത്തോടെ പറഞ്ഞു.

കരുണാകരനും, ആന്റണിയും, ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയുമാണ് കരീമിന്റെ ഇഷ്ട ലീഡർമാർ. ഇപ്പോഴത്തെ ഹീറോ പിണറായി വിജയനും. കേരള യൂണിവേഴ്സിറ്റി കോളേജിലെ പഴയ പ്രീഡിഗ്രിക്കാരനാണ്. ബി.എ. പൊളിറ്റിക്കൽ സയൻസിന് ചേർന്നെങ്കിലും കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല. തിരുവനന്തപുരം കല്ലാട്ട്മുക്ക് സ്വദേശിയാണ്. മക്കൾ രണ്ട് ആൺകുട്ടികൾ. മെഡിസിനു പഠിക്കുന്നു. ഭാര്യ ഇടക്ക് വച്ച് പിണങ്ങിപോയി. കരീമിന്റെ ശ്രദ്ധയില്ലാത്ത പണം ചെലവാക്കൽ മൂലം ബന്ധുക്കളാണ് കുട്ടികളെ പഠിപ്പിക്കുന്നത്. വീട്ടിൽ നിന്നും അകന്ന് കഴിയുന്ന കരീം തമ്പാനൂർ ചെന്തിട്ടയിലെ ഒരു ലോഡ്ജിൽ രണ്ടരവർഷമായി താമസിക്കുകയാണ്. ആരെങ്കിലും നൽകുന്ന ചില്ലറ കാശു കൊണ്ടാണ് ജീവിതം തള്ളി നീക്കുന്നത്.

ആകെയുള്ള ആഗ്രഹം ഒരു കാക്കി യൂണേെീഫാ ഇട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ജോലി ചെയ്യണമെന്നാണ്. സർവ്വശക്തൻ അതിനുള്ള യോഗം തരുമെന്നും വിശ്വസിക്കുന്നു. 52 വയസ്സായെന്നാണ് കരീം പറയുന്നത്. റിട്ടയർമെന്റ് പ്രായം ആയിട്ടില്ല! മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സ് വച്ചാൽ ദിവസ വേദനത്തിനെങ്കിലും ഒരു ജോലി നൽകാൻ കഴിയും.