ദുബായ്: കടക്കെണിയെ തുടർന്ന് നാല്പതു വർഷത്തോളം പാരമ്പര്യമുണ്ടായിരുന്ന അൽമനാമ സൂപ്പർമാർക്കറ്റിന് താഴുവീണു. നിരവധി ജീവനക്കാരെ വഴിയാധാരമാക്കിക്കൊണ്ട് മലയാളിയായ അബ്ദുൾ ഖാദർ സബീറിന്റെ ഉടമസ്ഥതയിലുള്ള അൽമനാമ ഹൈപ്പർമാർക്കറ്റാണ് അപ്രതീക്ഷിതമായി അടച്ചുപൂട്ടിയത്. ബാങ്കുകൾക്കും വിതരണക്കാർക്കും കോടികൾ കൊടുക്കാനുണ്ടായിരിക്കവേ ഏവരേയും ഞെട്ടിച്ചുകൊണ്ട് അൽ മനാമ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടിയതിനു ശേഷം എംഡി യുഎഇയിൽ നിന്ന് മുങ്ങുകയും ചെയ്തതായാണ് പറയപ്പെടുന്നത്.

വർഷങ്ങളായി വിപണിയിൽ നല്ല പേരുണ്ടായിരുന്ന അൽ മനാമയിൽ ജൂണിലാണ് സാമ്പത്തിക പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്. മുമ്പ് ഒരുമാസം പോലും ശമ്പളം മുടങ്ങുകയോ വൈകുകയോ ചെയ്തിട്ടില്ലാത്ത കമ്പനിയിൽ മെയ്‌ മാസത്തിൽ ശമ്പളം വൈകിയെങ്കിലും ജീവനക്കാർ സംശയിച്ചില്ല. നാലു പതിറ്റാണ്ടോളം മികച്ച പാരമ്പര്യത്തിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്ന കമ്പനിയിൽ ഒരു മാസം ശമ്പളം വൈകിയപ്പോൾ അത് സൂപ്പർമാർക്കറ്റ് ചെയിന് താഴുവീഴുന്നതിലേക്ക് എത്തുമെന്ന് ജീവനക്കാരും ഓർത്തില്ല.

പതുക്കെ പതുക്കെ വിതരണക്കാർക്കും പേയ്‌മെന്റുകൾ വൈകുകയും ബാങ്കിൽ ചെക്കുകൾ മടങ്ങുകയും ചെയ്യാൻ തുടങ്ങിയതോടെ ജീവനക്കാർക്കിടയിൽ തന്നെ ആശങ്ക ഉടലെടുക്കാൻ തുടങ്ങുകയായിരുന്നു. മുമ്പ് ഒരിക്കൽ പോലും ചെക്കുകൾ മടങ്ങിയ ചരിത്രമില്ലാത്ത അൽമനാമയുടെ ചെക്കുകൾ ജൂൺ മാസം മുതൽ മടങ്ങാൻ തുടങ്ങിയെങ്കിലും ആദ്യമൊന്നും ബാങ്കുകൾ ഇതുകാര്യമായി എടുത്തില്ല. നവംബർ മാസമായപ്പോഴേയ്ക്കും സ്ഥിതി ആകെ വഷളായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹെഡ്ഡ് ഓഫീസ് പൂട്ടിയതായി ജീവനക്കാർ കണ്ടെത്തി. മാനേജ്‌മെന്റ് തലത്തിലുള്ള ആരും ഫോൺ എടുക്കുക കൂടി ചെയ്യാതിരുന്നതോടെ ചെക്ക് മടങ്ങിയ വിതരണക്കാർ പരാതി ഫയൽ ചെയ്യുകയായിരുന്നു.

പിന്നീട് ബാങ്കുകൾക്കും കോടികൾ നൽകാനുണ്ടെന്ന് കണ്ടെത്തി. അബുദാബി ഒഴിച്ച് എമിറേറ്റ്‌സിൽ ഇരുപതിലേറെ ഹൈപ്പർമാർക്കറ്റുകളാണ് അൽമനാമ ഗ്രൂപ്പിനുള്ളത്. മൊത്തം 1400-ഓളം ജീവനക്കാരും ഇവിടെ ജോലി ചെയ്തിരുന്നു. അൽമനാമയുടെ ലോക്കൽ സ്‌പോൺസർ പോലും അറിയാതെയാണ് അബ്ദുൾ ഖാദർ സബീർ രാജ്യം വിട്ടത്. ്അൽ മനാമയ്ക്ക് സാധനങ്ങൾ വിതരണം ചെയ്തിരുന്ന നൂറിലേറെ സപ്ലയർമാരാണ് സബീറിനായി കാത്തിരിക്കുന്നത്. ഇവരെല്ലാം സബീറിനെതിരേ പരാതിയുമായി രംഗത്തെത്തിയപ്പോഴാണ് എംഡി മുങ്ങിയ കാര്യം പുറംലോകമറിയുന്നതും. മാനേജ്മമെന്റ് തലത്തിൽ ഉത്തരവാദിത്വപ്പെട്ടവർ എല്ലാവരും തന്നെ പതുക്കെ പതുക്കെ ഇവിടെ നിന്ന് മാറുകയായിരുന്നു.

അപ്രതീക്ഷിതമായി നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടേണ്ടി വന്നതെന്നാണ് പറയപ്പെടുന്നത്. അതേസമയം ഒരു മാധ്യമത്തിന് സബീർ അയച്ച വോയ്‌സ് മെസേജിൽ എല്ലാ പ്രതിസന്ധിയും ഉടൻ തീർക്കുമെന്നാണ് പറയുന്നത്. പുറത്തു നിന്നുള്ള ഇടപെടലുകൾ കാരണം കമ്പനിയിൽ സാമ്പത്തിക പ്രതിസന്ധി രൂപപ്പെടുകയായിരുന്നുവെന്നും ഇവിടെ നിന്ന് സമ്പാദിച്ചിട്ടുള്ള പണമെല്ലാം യുഎഇയിൽ തന്നെ നിക്ഷേപിച്ചിട്ടുണ്ടെന്നും സബീർ അവകാശപ്പെടുന്നു. 400 മില്യൺ ദിർഹം വിലമതിപ്പുള്ള ആസ്തിയാണ് ഗ്രൂപ്പിനുള്ളതെന്നാണ് പറയുന്നത്.

കമ്പനി അടച്ചുപൂട്ടിയതു മൂലം ജീവനക്കാരാണ് കെണിയിലായത്. മിക്കവരുടേയും വിസകൾ റദ്ദാക്കപ്പെട്ടു. പലർക്കും തിരിച്ച് നാട്ടിലേക്ക് പോരേണ്ടി വന്നു. കമ്പനി നൽകിയിരുന്ന താമസസൗകര്യം ഇല്ലാതയതോടെ പെരുവഴിയിലായവരും ഒട്ടേറെ. വിസാ കാലാവധിയുള്ളവരിൽ പലരും ജോലിക്കായി ഇപ്പോഴും നെട്ടോട്ടം ഓടുന്നുണ്ട്.

എല്ലാം പരിഹരിക്കുമെന്ന് അബ്ദുൾ ഖാദർ സബീർ

എന്നാൽ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനാകുമെന്ന പ്രതീക്ഷ അബ്ദുൾ ഖാദർ സബീർ പ്രകടിപ്പിക്കുന്നതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബാക്കുകളുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. എല്ലാം വേഗത്തിൽ തന്നെ പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ. ഇതിനിടെ ചില അപ്രതീക്ഷിത പ്രശ്‌നങ്ങളുണ്ടായി. ഇതോടെയാണ് സ്ഥിതി ഗുരുതരമായത്. ബാഹൃ ശക്തികളുടെ ഇടപെടലായിരുന്നു ഇതിന് കാരണം.

ബിസിനസിൽ നിന്ന് ലഭിച്ച തുക മുഴുവൻ യുഎഇയിലാണ് നിക്ഷേപിച്ചിട്ടുള്ളത്, ഒരിക്കലും ഇവിടെ വിട്ട് പോകേണ്ടി വരുമെന്ന് ചന്തിച്ചിട്ടു പോലുമില്ല. എന്നെ ഈ നിലയിൽ എത്തിച്ചത് യുഎഇയാണ്. തനിക്ക് 400 മില്ല്യൻ ദിർഹം ആസ്തിയുണ്ടെന്നും പറയുന്നു. തന്റെ കടകളും മറ്റും ഏറ്റെടുക്കാൻ മറ്റ് ഗ്രൂപ്പുകൾ തയ്യാറാണ്. എന്നാൽ ഇതൊന്നും ഒറ്റ ദിവസം കൊണ്ട് തീരില്ല. ജീവനക്കാരുടെ ശമ്പളം നൽകുന്നതിനുള്ള പണവും ഉണ്ട്. സർക്കാരിൽ 4.5 ദിർഹം ഇതിനായി നിക്ഷേപിച്ചിട്ടുണ്ട്. ശമ്പള കുടിശിക തീർക്കാൻ ഇതു തന്നെ ധാരളമെന്നും അവകാശപ്പെടുന്നു.

എവിടെയാണ് ഇപ്പോഴുള്ളതെന്ന് വെളിപ്പെടുത്താതെയാണ് ഇയാൾ ഖലീജ് ടൈംസിന് അഭിമുഖം നൽകിയിരിക്കുന്നത്. ചില ബാങ്കുകൾ തനിക്കെതിരെ ക്രിമിനൽ കേസുകൾ കൊടുത്തിട്ടുണ്ടെന്നും അതുകൊണ്ടാണ് ഒളിവിൽ പോയതെന്നും വിശദീകരിക്കുന്നുണ്ട്. എല്ലാവരേയും സഹായിക്കുന്ന തരത്തിൽ പ്രശ്‌ന പരിഹാരം സാധ്യമാക്കുമെന്നും അബ്ദുൾ ഖാദർ സബീർ പറയുന്നു.

അജ്മാൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രമുഖ ഹൈപ്പർ മാർക്കറ്റ് സ്ഥാപനമാണ് അൽ മനാമ. ഗ്രൂപ്പിന് 250 കോടി ദിർഹത്തിലധികം സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് ഏകദേശ കണക്ക്. ഈ സ്ഥാപനത്തിന് ഭക്ഷ്യ ഉൽപ്പന്നങ്ങളടക്കം വിതരണം ചെയ്തിരുന്ന 400 സ്ഥാപനങ്ങൾക്ക് മാത്രം 200 കോടി ദിർഹം നൽകാനുണ്ടെന്ന് വിവിധ സ്ഥാപനങ്ങളുടെ സെയിൽസ് വിഭാഗം ജീവനക്കാർആരോപിച്ചു.

നിരവധി സ്ഥാപനങ്ങൾക്ക് ലഭിച്ച ചെക്കുകൾ പണം ഇല്ലാത്തതിനാൽ മടങ്ങിയിട്ടുണ്ട്. 45 വർഷമായി വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ചെക്കുകൾക്ക് പകരം പരസ്പ്പര വിശ്വാസത്തിന്റെ ഭാഗമായി ഇൻവോയിസുകളും നൽകിയിരുന്നു. പ്രമുഖ സ്ഥാപനങ്ങൾ ഉൽപ്പന്നങ്ങൾ വിതരണം ചെയ്ത മലയാളികളടക്കമുള്ള സെയിൽസ് വിഭാഗം ജീവനക്കാരാണ് ഏറ്റവും അധികം പ്രതിസന്ധിയിലായിരിക്കുന്നത്.

രണ്ട് വർഷമായി സ്ഥാപനം സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയായിരുന്നുവെന്ന് മുൻ ജീവനക്കാരൻ പറഞ്ഞു. നല്ല നിലക്ക് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിനെ ഉടമസ്ഥന്റെ ബന്ധുവായ അടുത്ത ജീവനക്കാരൻ തന്നെയാണ് ഈ അവസ്ഥയിലെത്തിച്ചതെന്ന് ഉടമയുടെ മറ്റു ബന്ധുക്കൾ പറഞ്ഞു. യുഎഇ യിലെ വിവിധ എമിറേറ്റുകളിലായി 22 ഹൈപ്പർ മാർക്കറ്റുകളാണ് പ്രവർത്തിച്ചിരുന്നത് അതിൽ 16 എണ്ണം അടച്ച് പൂട്ടിയിരിക്കുകയാണ്. ബാക്കിയുള്ള കൈമാറ്റം ചെയ്യപ്പെട്ടിരിക്കുകയാണ്.

ജീവനക്കാർക്ക് 4 മാസമായി ശമ്പളം പോലും ലഭിച്ചിരുന്നില്ല. തങ്ങളുടെ സ്ഥാപനത്തിന് മാത്രം 14 ലക്ഷം ദിർഹം നൽകാനുണ്ടെന്ന് ദുബയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ബേക്കർ മുഹബ്ബിയിലെ ക്രെഡിറ്റ് കൺട്രോളർ മുഹമ്മദ് ഷമീം പരഞ്ഞു. അൽ ജസീറ പോൾട്രി ഫാമിന് ഒന്നര ലക്ഷം നൽകാനുണ്ടെന്ന് സെയിൽസ് മാനേജർ പി.കെ കുട്ടി പറഞ്ഞു. ഫാം ഫ്രഷ് എന്ന സ്ഥാപനത്തിനും 60 ലക്ഷം ദിർഹം നൽകാനുണ്ട്.