മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് ആഴ്ചകൾക്ക് മുമ്പേ സ്ഥാനാർത്ഥിയും അണികളും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ സംസ്ഥാനത്തെ ഒരേ ഒരു മണ്ഡലമാണ് താനൂർ. സംസ്ഥാന നേതൃത്വത്തിന്റെ സ്ഥാനാർത്ഥി ചർച്ചകളും പ്രഖ്യാപനങ്ങളും വരാനിരിക്കുന്നെയുള്ളൂ, എന്നാൽ ഇവിടെ സ്ഥാനാർത്ഥിയും പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും പര്യടനങ്ങളും ആരംഭിച്ചു കഴിഞ്ഞു. താനൂർ നിയോജകമണ്ഡലത്തിൽ നിന്നും എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനിരിക്കുന്ന വി അബ്ദുൽറഹിമാനാണ് തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമായിരിക്കുന്നത്. സിപിഐഎം മത്സരിക്കുന്ന താനൂരിൽ ഇത്തവണ സ്വതന്ത്രനെ ഇറക്കി സീറ്റ് പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ഇടതുമുന്നണി. സിപിഐ(എം) നേതൃത്വത്തിൽ നിന്നും പ്രഖ്യാപനത്തിനു മുമ്പേ ലഭിച്ച ഉറപ്പാണ് മുൻ കോൺൺഗ്രസ് നേതാവായ വി.അബ്ദുറഹിമാനെ മത്സര ഗോദയിലേക്ക് നേരത്തെ ഇറക്കിയിരിക്കുന്നത്.

മുസ്ലിംലീഗ് പ്രതിനിധികളെല്ലാതെ മറ്റാർക്കും വിജയക്കൊടി നാട്ടാൻ സാധിക്കാത്ത താനൂർ മണ്ഡലത്തിൽ വി.അബ്ദുറഹിമാൻ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത് വിജയം സുനിശ്ചിതമായി മുന്നിൽ കണ്ടുകൊണ്ടാണ്. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന കൃത്യമായ കണക്കുകൂട്ടലിലാണ് അബ്ദുറഹിമാനും ഇടതു മുന്നണിയും. മണ്ഡലത്തിലെ ഇടതു പക്ഷ വോട്ടുകൾക്കു പുറമെ കോൺഗ്രസ് വോട്ടുകളും നിശ്പക്ഷ വോട്ടുകളുമാണ് അബ്ദുറഹ്മാന് പ്രതീക്ഷ നൽകുന്നത്. കൂടാതെ കഴിഞ്ഞ പത്തു വർഷക്കാലം ലീഗ് വോട്ടുകളിൽ വലിയതോതിൽ ഉണ്ടായ ഇടിവും കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലെ വോട്ടിംങ് നിലകളും ഇടതു മുന്നണിക്ക് ആത്മവിശ്വാസം പകരുന്നു.

മണ്ഡലം രൂപീകരണത്തിനു ശേഷം താനൂർ എക്കാലവും മുസ്ലിംലീഗിനൊപ്പമായിരുന്നു നിലകൊണ്ടിരുന്നത്. മലപ്പുറത്തെ ലീഗ് കോട്ടകളിൽ മുൻനിരയിലാണ് താനൂർ മണ്ഡലത്തിന്റെ സ്ഥാനം. സി.എച്ച് മുഹമ്മദ്‌കോയ, സീതി സാഹിബ്, കുട്ടിഅഹമ്മദ്കുട്ടി, പി.കെ അബ്ദുറബ്ബ്, അബ്ദുറഹിമാൻ രണ്ടത്താണി തുടങ്ങിയ ലീഗിലെ പ്രമുഖരെല്ലാം പ്രതിനിധീകരിച്ച മണ്ഡലം കൂടിയാണ് താനൂർ. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിന് കൂട്ട തോൽവി ഏൽക്കേണ്ടി വന്നപ്പോഴും താനൂരുകാർ ലീഗിനെ കൈവിട്ടിരുന്നില്ല. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രമുഖർ ആ തെരഞ്ഞെടുപ്പിൽ കടപുഴകിയപ്പോഴും താനൂർ മണ്ഡലം ലീഗ് സ്ഥാനാർത്ഥിയെ നിയമസഭയിൽ പച്ചതൊടിയിച്ചു.

പാർട്ടി തട്ടകങ്ങളിൽ സ്ഥാനാർത്ഥി ചർച്ച ചൂടുപിക്കുന്നതിനു മുമ്പേ സ്ഥാനാർത്ഥി പര്യടനം സജീവമായിരിക്കുകയാണിപ്പോൾ താനൂരിൽ. കവലകളിലെല്ലാം ഇടതു സ്ഥാനാർത്ഥിയുടെ ബോർഡുകൾ ഉയർന്നു കഴിഞ്ഞു. സ്വതന്ത്രനെ ഇറക്കി ലീഗ് കോട്ട പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. മുൻ കെപിസിസി അംഗവും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി പൊന്നാനിയിൽ നിന്നും ജനവിധി തേടിയ സ്ഥാനാർത്ഥികൂടിയാണ് വി അബ്ദുറഹിമാൻ. ലോക്‌സഭയിൽ പരാജയപ്പെട്ടതോടെ നിയമസഭാ സീറ്റ് അബ്ദുറഹിമാനു വേണ്ടി പാർട്ടി ഉറപ്പു വരുത്തിയിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വി അബ്ദുറഹ്മാന്റെ നേതൃത്വത്തിലുള്ള ടി.ഡി.എഫിന്റെ മുന്നേറ്റവും തിരൂർ നഗരസഭ ലീഗിൽ നിന്നും പിടിച്ചെടുക്കലും അബ്ദുറഹിമാന് അനുകൂലമായി. കഴിഞ്ഞകാല തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് ഭൂരിപക്ഷത്തിലെ ഗണ്യമായ ഇടിവുമാണ് പൊതു സമ്മതിതനായ ഒരാളെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.

2006ൽ ഇടത് സ്വതന്ത്രൻ പികെ മുഹമ്മദ്കുട്ടിയെ പതിനൊന്നായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു അബ്ദുറഹിമാൻ രണ്ടത്താണിയെ തെരഞ്ഞെടുത്തത്. എന്നാൽ 2011ൽ സിപിഐ(എം) ചിഹ്നത്തിൽ മത്സരിച്ച ഇ ജയനെതിരെ അബ്ദുറഹിമാൻ രണ്ടത്താണിയുടെ ഭൂരിപക്ഷം 9700 ൽ എത്തി. 2014ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ താനൂർ മണ്ഡലത്തിൽ നിന്നും വി അബ്ദുറഹ്മാനെതിരെ ഇടി മുഹമ്മദ് ബഷീർ ലീഡ് ചെയ്തത് 6300 വോട്ടുകളായിരുന്നു. കഴിഞ്ഞ വർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ താനൂർ നഗരസഭയിൽ മുസ്ലിംലീഗ് തൂത്തുവാരിയപ്പോൾ മറ്റു പഞ്ചായത്തുകളിൽ നിന്നും 4500 വോട്ടുകളുടെ ലീഡിലേക്ക് യു.ഡി.എഫിന്റെ ഭൂരിപക്ഷം ഒതുങ്ങി. ചെറിയമുണ്ടം, നിറമരുതൂർ, ഒഴൂർ,പൊന്മുണ്ടം, താനാളൂർ പഞ്ചായത്തുകളും താനൂർ നഗരസഭയും ഉൾകൊള്ളുന്നതാണ് താനൂർ നിയോജക മണ്ഡലം. ലീഗ് കോൺഗ്രസ് പ്രശ്‌നം നിലനിൽക്കുന്ന പൊന്മുണ്ടം, ചെറിയമുണ്ടം, ഒഴൂർ, താനാളൂർ പഞ്ചായത്തുകളിൽ വി അബ്ദുറഹിമാന്റെ സ്ഥാനാർത്ഥിത്വം അനുകൂലമാക്കാമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്.

യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കുകയാണ് ഇത്തവണ വി അബ്ദുറഹ്മാനെ ഗോതയിലിറക്കുന്നതിലൂടെ ഇടതുമുന്നണി ലക്ഷ്യം വെയ്ക്കുന്നത്. പാർട്ടി പൊതുപരിപാടികളിൽ സ്ഥിരം ക്ഷണിതാവായും ഉദ്ഘാടകനായും താനൂർ മണ്ഡലത്തിൽ വി അബ്ദുറഹിമാൻ നിറസാന്നിധ്യമായിരിക്കുകയാണ്. പിണറായി വിജയൻ നയിച്ച നവകേരളാ മാർച്ച് കടന്നു പോയതോടെ സ്ഥാനാർത്ഥിയാകാനുള്ള ഉറപ്പ് അബ്ദുറഹ്മാൻ ലഭിച്ചു കഴിഞ്ഞു. കോൺഗ്രസുകാരുടെ സംഘടിത പിന്തുണ തേടുന്നതോടൊപ്പം വിവിധ മത സംഘടനകളുടെയും ലീഗിലെ അസംതൃപ്തരുടെയും വോട്ടുകളാണ് ഇപ്പോൾ പര്യടനത്തിലൂടെ ഇടത് സ്വതന്ത്രൻ ഉറപ്പു വരുത്തുന്നത്. അതേസമയം, സിപിഎമ്മിന്റെ പേയ്‌മെന്റ് സ്ഥാനാർത്ഥിയാണ് വി.അബ്ദുറഹിമാനെന്ന ആക്ഷേപം ലീഗ് ഉന്നയിച്ചിട്ടുണ്ട്. സിറ്റിംങ് എംഎ‍ൽഎയായ ലീഗിൽ നിന്നുള്ള അബ്ദുറഹിമാൻ രണ്ടത്താണിയുടെ പേരാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി പരിഗണിക്കാൻ സാധ്യത. ഇതോടെ മത്സരം കടുക്കുമെന്നാണ് വിലയിരുത്തൽ.