റ്റവും ഒടുവിൽ എന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞത് സൗമ്യയുടെ അമ്മയാണ്, തീവണ്ടിമുറിയിൽ പിടഞ്ഞുമരിച്ച മകളെയോർത്ത്.  കണ്ണുനിറഞ്ഞും കരഞ്ഞും ഓർമ്മകളിൽ മുങ്ങിയും ആ അഭിമുഖം പൂർത്തിയാവാൻ ഒരു പകൽ മുഴുവൻ വേണ്ടിവന്നു.  പക്ഷെ, ഏതു കരച്ചിലിനിടയിലും എനിക്ക് ആ അമ്മയോട് ചോദ്യങ്ങൾ തുടരേണ്ടതുണ്ടായിരുന്നു.

തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ അമ്മയെക്കാണാൻ ചെല്ലുമ്പോൾ അവർ വിചിത്രമായ ലോകത്തായിരുന്നു. മകന്റെ ആത്മാവ് എന്നു വിശ്വസിച്ചു ഒരു കാക്കയ്ക്കു ചോറു കൊടുക്കുകയായിരുന്നു ആ അമ്മ. സംസാരം തുടങ്ങിയപ്പോൾ ആ അമ്മയും നെഞ്ചു തകർന്നു കരഞ്ഞു.

ലോകത്തിന്റെ എല്ലാ ഭാഗത്തും മനുഷ്യന്റെ കണ്ണീരിലും ചോരയിലും ചവിട്ടിനിന്നാണ് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത്.
നിങ്ങൾ വായിക്കുന്ന/കാണുന്ന ഓരോ അഭിമുഖത്തിന്റെ മുൻപും പിൻപും കാണാത്ത, എഡിറ്റ് ചെയ്ത് പോകുന്ന ചില നിമിഷങ്ങൾ ഉണ്ട്. അസുഖകരമെന്നോ ആവശ്യമില്ലാത്തത് എന്നോ പെട്ടെന്ന് കാഴ്ചക്കാരന് തോന്നാവുന്ന ചില ചോദ്യങ്ങൾ, വിലാപങ്ങൾ, അലമുറകൾ....

കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ ആറു മണിക്കൂർ ആ പെൺ്കുട്ടി പൊലീസിന്റെ കാലു പിടിച്ചു കരഞ്ഞിരുന്നു. പൊലീസ് പരാതി പോലും വാങ്ങിയില്ല. ഒടുവിൽ ആ കരച്ചിൽ, നിങ്ങൾ ഈ കുറ്റപ്പെടുത്തുന്ന ചാനലുകളിൽ വന്നപ്പോഴാണ് എമാന്മാർ അന്വേഷിക്കാൻ ഇറങ്ങിയത്. ഭർത്താവിനെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി എത്തിയ തന്നോട് ''മുഖ്യമന്ത്രിയുടെ പരിപാടി കഴിയട്ടെ, എന്നിട്ട് അന്വേഷിക്കാം..'' എന്നു പൊലീസ് പറഞ്ഞതായി ആ പെണ്കുട്ടിയാണ് മാധ്യമങ്ങളോട് പറഞ്ഞത്. അതു പറയുമ്പോഴും അവൾ പൊട്ടിക്കരഞ്ഞിരുന്നു. ആ കുട്ടി മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കാൻപോലും പൊലീസ് ഏറെ ശ്രമിച്ചു. ഒടുവിൽ, ആ പെണ്കുട്ടിയുടെ വിലാപം ചാനലുകളിൽ വന്നപ്പോഴാണ് പൊലീസ് അനങ്ങിയത്.

എന്റെ അറിവ് ശരിയാണെങ്കിൽ, ഇന്ന് ആ പെണ്കുട്ടിയോട് കൂട്ടത്തോടെ ചോദ്യങ്ങൾ വേണ്ട എന്നു മാധ്യമപ്രവർത്തകർ തീരുമാനിച്ചിരുന്നു. എല്ലാവർക്കുമായി ഒരാൾ ചോദിച്ചാൽ മതി എന്നും തീരുമാനിച്ചിരുന്നു എന്നറിയുന്നു. ആ പെണ്കുട്ടിയോട് സംസാരിക്കാൻ ബന്ധുക്കളുടെ സമ്മതവും ഉണ്ടായിരുന്നു. ഭർത്താവിനെ കാണാനില്ല എന്ന പരാതിയുമായി എത്തിയത് മുതൽ കേരളത്തിന്റെ ശ്രദ്ധയിൽ ആയിരുന്ന ആ പെണ്കുട്ടിയുടെ പ്രതികരണം അപ്പോൾ ഏറെ പ്രധാനവും ആയിരുന്നു.

''വളരെ ബ്രൂട്ടലായാണ് കൊന്നിരിക്കുന്നത്, മോളെ സ്‌നേഹിച്ചതിന്റെ പേരിൽ. മോൾ ധൈര്യത്തോടെ നിൽക്കേണ്ട സമയമാണിത്. മോൾക്ക് പറയാനുള്ളത് പറയൂ...' എന്നാണ് ആ മാധ്യമപ്രവർത്തക പറയുന്നത്. അതാണ് പലരുടെയും ഉളിലെ അളവറ്റ 'കരുണയെ' അസ്വസ്ഥമാക്കിയിരിക്കുന്നത്.

അറിയില്ല, രണ്ടു ദിവസമായി കണ്ണീരിനും വിലാപത്തിനും നടുവിൽ നിൽക്കുന്ന ഒരു റിപ്പോർട്ടർക്ക്, ജീവിതത്തിലെ അതിഭീകര നഷ്ടവുമായി വിതുമ്പിനിൽക്കുന്ന ഒരാളോട് വേറെ എങ്ങനെയാണ് പ്രതികരണം ചോദിക്കാൻ കഴിയുക എന്ന്. ഏതു റിപ്പോർട്ടർ ആയാലും സമാന വാക്കുകൾ ആവും ഉപയോഗിക്കുക എന്ന് എനിക്ക് തോന്നുന്നു. അസുഖകരമായ ഒരു കാഴ്ച കാണുമ്പോൾ എല്ലാവർക്കും വേഗം ഒരു ' പ്രതിയെ ' കിട്ടണം. ഇന്ന് നമ്മുടെ പ്രതി ആ പാവം റിപ്പോർട്ടർ ആണ്.

നമ്മളൊക്കെ വളരെ മാന്യന്മാരാണ് , മരണ വീട്ടിലൊക്കെ വളരെ ഔചിത്യം ഉള്ളവരാണ്, ഈ ദുരന്തത്തിൽ നെഞ്ചുപൊട്ടി കരയുന്നവരാണ്, ആ പെണ്കുട്ടിയോട് അങ്ങേയറ്റം കരുണയുള്ളവരാണ് എന്നൊക്കെ തെളിയിക്കാൻ ഇന്ന് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും എളുപ്പമുള്ള കാര്യം എല്ലാ ചാനലിലും എഡിറ്റ് ഇല്ലാതെ ലൈവ് പോയ ആ വീഡിയോയിൽ നിന്നു ചോദ്യം മാത്രം അടർത്തിയെടുത്ത് ആ റിപ്പോര്ട്ടറെ മാന്യത പഠിപ്പിക്കുക എന്നതാണ്. നടക്കട്ടെ....

ഞാൻ അത് ചെയ്യില്ല. കാരണം, ഉത്തരവാദികളോട് മാത്രമല്ല ഇരകളോടും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുക എന്നത് ഈ ജോലിയുടെ സ്വഭാവമാണെന്നു എനിക്കു വ്യക്തമായി അറിയാം. കണ്ണീരിലും ചോരയിലും ചവിട്ടിനിന്നു ആ ഉത്തരങ്ങൾ പകർത്തുക എന്നതും ലോകത്ത് ഈ പണി ചെയ്യുന്ന എല്ലാവരുടെയും വിധിയാണ്.

സോഷ്യൽമീഡിയ 'പൗഡർമാന്യത'യുടെ അമ്പുകൾ ഏൽക്കുന്ന എല്ലാ മാധ്യമപ്രവർത്തകർക്കും ഒപ്പം നിൽക്കുന്നു. കേരളം കണ്ട ഈ പൈശാചിക ജാതിവെറിക്കൊലയെ ജനങ്ങൾക്ക് മുന്നിൽ ശക്തിയോടെ എത്തിച്ച എല്ലാ മാധ്യമപ്രവർത്തകരേയും ഹൃദയംകൊണ്ട് ആലിംഗനം ചെയ്യുന്നു. കാരണം, തുറന്നുവച്ച കാമറക്കണ്ണുകൾ കൂടി ഇല്ലായിരുന്നു എങ്കിൽ എന്താകുമായിരുന്നു ഈ നാട്..?