കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ കൊലപാതകം ആസൂത്രിതമെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെ അബ്ദുൽ റഹ്മാൻ ഔഫിന്റെ രാഷ്ട്രീയ ബന്ധത്തെച്ചൊല്ലി തർക്കം മുറുകുന്നു. കൊല്ലപ്പെട്ടത് തങ്ങളുടെ രാഷ്ട്രീയ പ്രവർത്തകനാണെന്ന് ഡിവൈഎഫ്‌ഐ, ഐഎൻഎൽ, എസ്എസ്എഫ് എന്നീ സംഘടനകൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യത്യസ്ത പോസ്റ്റുകൾ ഇട്ടതോടെയാണ് തർക്കം മറനീക്കിയത്.

കൊല്ലപ്പെട്ടത് ഡിവൈഎഫ്‌ഐ കല്ലൂരാവി യൂണിറ്റ് അംഗമാണെന്നും കൊലയ്ക്ക് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചിരുന്നു. കൊല്ലപ്പെട്ടത് ഡിവൈഎഫ്‌ഐ പ്രവർത്തകനെന്ന് സ്ഥിരീകരിച്ച് പി ജയരാജൻ ഫേസ്‌ബുക്കിൽ ചിത്രമടക്കം പോസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധസൂചകമായി കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ എൽഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് അബ്ദുൽ റഹ്മാന്റെ മരണത്തിലേക്കുനയിച്ചത്.

അതിനിടെ ലീഗുകാർ കൊലപ്പെടുത്തിയ അബ്ദുൽ റഹ്മാൻ എംഎസ്എഫിന്റെ സജീവ പ്രവർത്തകനായിരുന്നുവെന്ന് വ്യക്തമാക്കി അമ്മയുടെ സഹോദരൻ കൂടിയായ അബ്ദുൾ ജലീൽ രംഗത്തെത്തി. ഭൂരിപക്ഷവും എ പി സുന്നികൾ താമസിക്കുന്ന പ്രദേശമാണ് കാഞ്ഞാങ്ങാട് കല്ലൂരാവി മുണ്ടത്തോടെന്നും പൊതുപ്രവർത്തനത്തിന്റെ നേതൃത്വം വഹിച്ചിരുന്നത് അബ്ദുൾ റഹ്മാൻ ഔഫാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ അബ്ദുൾ ജലീൽ പറയുന്നു. കാന്തപുരം ഉസ്താദിന്റെ കേരളയാത്രയിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ സ്ഥിരാംഗമായി ഔഫുമുണ്ടായിരുന്നു. യൂണിറ്റിലും സെക്ടറിലും ഡിവിഷനിലും സാഹിത്യോത്സവങ്ങളിലും സംഘാടനചുമതല നിർവഹിച്ചിരുന്നുവെന്നും അബ്ദുൾ ജലീൽ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കുന്നുണ്ട്. സുന്നത്ത് ജമാഅത്തിന്റെ സജീവ പ്രവർത്തകനായിരുന്നു അ്ബ്ദുൾ റഹ്മാൻ ഔഫെന്നും ഫേസ്ബക്കിലൂടെ അബ്ദുൾ ജലീൽ പറയുന്നുണ്ട്. കാന്തപുരം എ പി ഉസ്താദ് നേരിട്ടുതന്നെ മുസ്ലീലീഗിന്റെ കഠാരരാഷ്ട്രീയത്തിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

അതിനിടെ കൊല്ലപ്പെട്ടത് ഐഎൻഎൽ പ്രവർത്തകനാണെന്ന് അവകാശപ്പെട്ട് ഇന്ത്യൻ നാഷണൽ മുസ്ലിംലീഗ് നേതാക്കളും രംഗത്തെത്തി. ലീഗ് - ഐഎൻഎൽ സംഘർഷത്തിൽ ആലംപാടി ഉസ്താദിന്റെ മകളുടെ മകൻ റഹൂഫ് കൊല്ലപ്പെട്ടുവെന്നാണ് ഐഎൻഎല്ലിന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.

അതിനിടെ അബ്ദുൽ റഹ്മാൻ ഔഫിനെ ആശുപത്രിയിലെത്തിച്ച നാട്ടുകാരനായ റിയാസ മൊഴി നൽകിയിരുന്നു. എസ്എസ്എഫിന്റെ യോഗത്തിനിടെയാണ് സംഘർഷത്തിന്റെ വിവരം അറിഞ്ഞതെന്നും റിയാസ് വെളിപ്പെടുത്തിയിരുന്നു.ആക്രമണത്തിനിടെ സാരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ഇർഷാദും അബ്ദുൽ റഹ്മാന്റെ കൊലപാതകത്തിൽ പ്രതിയാണെന്നു പൊലീസ് പറയുന്നു. സംഭവത്തിൽ ഇർഷാദ് ഉൾപ്പെടെയുള്ള മൂന്ന് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ അബ്ദുൽ റഹ്മാൻ ഹൗഫിനൊപ്പം ഉണ്ടായിരുന്ന ശുഹൈബും ഇത് ആസൂത്രിത കൊലപാതകമാണെന്ന് മൊഴി നൽകിയിരുന്നു.

സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചില സന്ദേശങ്ങൾ

പ്രിയപ്പെട്ടവരേ, അടക്കാനാവാത്ത ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്.
എന്റെ പെങ്ങളുടെ മകളുടെ മകനാണ് അൽപ സമയം മുമ്പ് ലീഗുകാർ കൊലപ്പെടുത്തിയ അബ്ദുൽ റഹ്മാൻ ഔഫ് .

ഇന്ന് ഇശാ കഴിഞ്ഞ് പള്ളിയിൽ നിന്നും പുറത്ത് വരുമ്പോൾ അവനെയും കണ്ടാണ് വീട്ടിലേക്കെത്തിയത്.ഞങ്ങളുടെ പ്രദേശം എ.പി സുന്നികൾ ഭൂരിപക്ഷമുള്ള പ്രദേശമാണ്.അതിന്റെ നേതൃത്വത്തിൽ ഒക്കെയും ഔഫുണ്ടാകും.

കാന്തപുരം ഉസ്താദിന്റെ കേരളയാത്രയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സ്ഥിരാംഗമായി ഔഫുമുണ്ടായിരുന്നു.യൂണിറ്റിലെ സെക്ടറിലെ ഡിവിഷനിലെ സാഹിത്യോത്സുവുകൾ ആത്മാർത്ഥമായി സംഘടിപ്പിക്കാൻ മുന്നോട്ട് വരും. ഒറ്റക്ക് തന്നെ കുട്ടികളെ ഒരുമിച്ച് കുട്ടി യൂണിറ്റ് സാഹിത്യോത്സവ് നടത്തിയത് മായാത്ത ഓർമയാണ്. സുന്നത്ത് ജമാഅത്തിന്റെ സജീവ പ്രവർത്തകന്റെ ജീവനെടുത്തത് ലീഗ് കാപാലികരാണ്.

ലീഗിന്റെ കുത്തക വാർഡായ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ മുപ്പത്തഞ്ചാം വാർഡ് ലീഗിൽ നിന്നും നഷ്ടപ്പെട്ടതിന്റെ കലിയാണ് ഈ കൊലപാതകം. ആറ് മാസം ഗർഭം തികഞ്ഞ തന്റെ പ്രിയതമയെ വിട്ടാണ് ഔഫ് വിശ്രമ ലോകത്തേക്ക് പോയത്.

എന്ത് രാഷ്ട്രീയ അഡ്രസിട്ട് വിളിച്ചാലും ഔഫ് ഒന്നാമതും രണ്ടാമതും മൂന്നാമതും SSF കാരനാണ്.

SSF ന് വേണ്ടി
സർവതും സമർപ്പിച്ച
നിഷ്‌കളങ്ക പ്രവർത്തകൻ

പ്രിയതമക്കും
കുടുംബത്തിനും
ക്ഷമ നൽകണേ നഥാ...

ബർസഖീ ജീവിതം
സുഖകരമാക്കണേ നാഥാ

പ്രാർത്ഥനാ വസിയ്യത്തോടെ.....