തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ മുൻവൈസ് ചാൻസലർ ഡോ. എം. അബ്ദുൾസലാം ശമ്പള ഇനത്തിൽ അധികം കൈപ്പറ്റിയ 25 ലക്ഷത്തിൽപരം രൂപ തിരിച്ചുപിടിക്കാൻ കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരവ്. അടുത്തിടെ ബിജെപിയിൽ ചേർന്ന ഡോ. അബ്ദുൾസലാം തിരൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എൻ.ഡി.എ. സ്ഥാനാർത്ഥിയായി ജനവിധി തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവും വരുന്നത്.

സാധാരണ ഇത്തരം കേസുകളിൽ സർക്കാർ അയഞ്ഞ നിലപാട് എടുക്കുകയാണ് പതിവ്. എന്നാൽ സലാമിന്റെ കാര്യത്തിൽ നിലപാട് കടുപ്പിച്ചു. ഇതിന് കാരണം സലാമിന്റെ ബിജെപി രാഷ്ട്രീയമാണെന്ന ആരോപണം ശക്തമാണ്. നേരത്തെ സിൻഡിക്കേറ്റ് എടുത്ത ഈ തീരുമാനത്തിനെതിരേ ഡോ. അബ്ദുൾസലാം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതിനെതിരേ സർവകലാശാല അനുകൂലവിധി നേടിയതിനെത്തുടർന്ന് മൂന്നിനാണ് ഈ പുതിയ ഉത്തരവ്. കാർഷിക സർവകലാശാലയിൽ പ്രൊഫസറായിരിക്കെയാണ് ഇദ്ദേഹം കാലിക്കറ്റിലെത്തിയത്.

പുതിയനിയമനം പുനർനിയമനമായി കണക്കാക്കുന്നതിനാൽ മുൻജോലിയിൽനിന്നുള്ള അടിസ്ഥാന പെൻഷൻ കുറച്ചുള്ള ശമ്പളമേ പുതിയ ജോലിയിൽനിന്ന് വാങ്ങാനാകൂ. വി സി. പദവിയുടെ ശമ്പളം കണക്കാക്കി നൽകാൻ വൈകിയതിനാൽ ഡോ. അബ്ദുൾസലാം കാർഷിക സർവകലാശാലയിൽനിന്നുള്ള മുഴുവൻ പെൻഷനും കാലിക്കറ്റിൽനിന്നുള്ള ശമ്പളവും ഒരേസമയം കൈപ്പറ്റിയിരുന്നു.

2011 സെപ്റ്റംബർ 12 മുതൽ 2015 ജൂലായ് 31 വരെ കാലയളവിൽ 25,87,229 രൂപ അധികം പറ്റിയതായാണ് സർവകലാശാലാ ഫിനാൻസ് ബ്രാഞ്ചിന്റെ റിപ്പോർട്ട്. സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് തിരിച്ചുപിടിക്കൽ നടപടി. കാർഷിക സർവകലാശാലയിൽനിന്നുള്ള പെൻഷൻ കുടിശ്ശികയിൽനിന്ന് തുക കാലിക്കറ്റ് സർവകലാശാലാ ഫണ്ടിലേക്ക് മാറ്റാനാണ് നിർദ്ദേശം. അവസാന ശമ്പള ഇനത്തിലുള്ള 36,805 രൂപ അധികശമ്പള ഇനത്തിലേക്കു തിരിച്ചു പിടിക്കുന്നതിനായി നൽകിയിരുന്നു. ഇതിന്റെ ബാക്കിയുള്ളതാണ് ഇനി കാർഷിക സർവകലാശാലാ പെൻഷനിൽനിന്ന് ഈടാക്കുക.

യുഡിഎഫ് നോമിനിയായി 2011-15 കാലത്താണ് അബ്ദുൾ സലാം കാലിക്കറ്റ് വൈസ് ചാൻസിലറാവുന്നത്. പിന്നീട് 2019 ലാണ് അബ്ദുൾ സലാം ബിജെപിയിൽ ചേരുന്നത്. അബ്ദുൾ സലാം വൈസ് ചാൻസിലറായ കാലത്ത് വിദ്യാർത്ഥി, അദ്ധ്യാപക സർവീസ് സംഘടനകൾ വിസിക്കെതിരെ വിവിധ വിഷയങ്ങളിൽ സമരം ചെയ്തിരുന്നു.