മസ്‌കത്ത്: രാജ്യത്തെ പ്രവാസി സമൂഹത്തിലെ സ്ജീവ പ്രവർത്തകനായിരുന്ന മലയാളി പ്രമേഹ രോഗം മൂലം മരണമടഞ്ഞു. മസ്‌കത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും മസ്‌കത്ത് ഇസ്ലാഹി സെന്റർ മുൻ പ്രസിഡന്റുമായ മലപ്പുറം അരീക്കോട് തച്ചന്നൂർ പരപ്പൻ ഉമ്മർ ഫാത്തിമ ദമ്പതികളുടെ മകൻ അബ്ദുൽ സലീം (50) ആണ് പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്.

20 വർഷം മുമ്പ് ഒമാനിലെ പ്രമുഖ നിർമ്മാണ കമ്പനിയായ തീജാനിയിലാണ് ആദ്യം ജോലിക്കത്തെിയത്. പിന്നീട് ശാത്തി അൽഖലീജ്
കമ്പനിയുടെ ക്‌ളീനിങ് വിഭാഗം തലവനായി സേവനമനുഷ്ഠിക്കുകയായിരുന്നു. അഞ്ചു വർഷം മുമ്പാണ് ഇദ്ദേഹം മസ്‌കത്ത് ഇസ്ലാഹി സെന്ററിന്റെ പ്രസിഡന്റായത്.മൂന്നു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പെട്ടെന്ന് രോഗം മൂർച്ഛിക്കുകയായിരുന്നു. ഉപ്പയെ കാണാൻ, നാട്ടിൽ പഠിക്കുന്ന മക്കളായ സഫീലയും സുഫൈലും എത്തുമ്പോഴേക്ക് സലീം ലോകത്തോട് വിട പറഞ്ഞിരുന്നു.

ഭാര്യ: സുഹറ. മക്കൾ: സഫീല, സുഫൈൽ, യഹ്യ. സഹോദരങ്ങൾ: സക്കീർ, മുജീബ്, ഷഹബാനത്ത്. കെ.ഐ.എ സജീവ പ്രവർത്തകനായ അബ്ദുസ്സലാം വാഴക്കാട് സഹോദരീ ഭർത്താവാണ്.