ഇസ്ലാമാബാദ്: പ്രശസ്ത പാക്കിസ്ഥാനി സാമൂഹിക പ്രവർത്തകൻ അബ്ദുൾ സത്താർ ഈദി (88) അന്തരിച്ചു. കറാച്ചിയിലായിരുന്നു അന്ത്യം. പാക്കിസ്ഥാനിലെ ഏറ്റവും വലിയ സാമൂഹിക സംഘടനയക്ക് രൂപം നൽകിയ വ്യക്തിയാണ് അദ്ദേഹം. ഇദ്ദേഹം 'ജീവിക്കുന്ന സന്യാസി' എന്നാണ് എല്ലാ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും അറിയപ്പെടുന്നത്. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. വൃക്കയുടെ പ്രവർത്തനം നിലച്ചതാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് മകൻ ഫൈസൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മനുഷ്യരാശിയുടെ ഏറ്റവും ശ്രേഷ്ഠനായ സേവകൻ എന്നാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ നൽകുമെന്നും ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ മരണാനന്തര കർമ്മങ്ങൾ നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അഴിമതി നിറഞ്ഞസർക്കാരും ദുർബലമായ പൊതു ആരോഗ്യ ക്ഷേമ സേവനങ്ങളും നിലനിൽക്കുന്ന 190 മില്യൻ ജനങ്ങളുള്ള പാക്കിസ്ഥാനിൽ ഈദിയുടെ ലാളിത്യവും കരുണയും ആഴത്തിൽ പ്രതിധ്വനിച്ചിരുന്നു.

''അബ്ദുൾ സത്താർ ഈദിയെ പോലെ പാക്കിസ്ഥാൻ ജനങ്ങളുടെ ജീവിതത്തിലും ജീവിതമാർഗത്തിലും വ്യത്യാസങ്ങൾ സൃഷ്ടിച്ച നല്ല കാര്യങ്ങൾ ചെയ്തിരുന്ന ചുരുക്കം ചിലർ മാത്രമേ ഉണ്ടായിട്ടുള്ളു .''- ഷെരീഫ് പറഞ്ഞു. ഈദിക്ക് വിദേശത്ത് ചികിത്സ നൽകാമെന്ന് ഷെരീഫ് സർക്കാർ പറഞ്ഞെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായില്ല. സ്വന്തം രാജ്യത്തെ സർക്കാർ ആശുപത്രിയിൽ തന്റെ ചികിത്സ നടത്തതിയാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്. രാജ്യത്തുടനീളം ഈദി ഫൗണ്ടേഷൻ ആംബുലൻസ് സേവനങ്ങൾ, അനാഥാലയങ്ങൾ, മെഡിക്കൽ ക്ലിനിക്കുകൾ എന്നിവ നടത്തുന്നുണ്ട്.

20 മില്യൻ ജനങ്ങൾ താമസിക്കുന്ന കറാച്ചിയിൽ അത്യുഷ്ണം ഉണ്ടായപ്പോൾ എല്ലാ സഹായങ്ങൾക്കും മുന്നിൽ നിന്നത് ഈദി ഫൗണ്ടേഷനായിരുന്നു. ഇവരുടെ മോർച്ചറിയിലായിരുന്നു മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. പാവപ്പെട്ടവരുടെ മൃതദേഹങ്ങൾ സൗജന്യമായി ഈദി സെമിത്തേരിയിൽ അടക്കം ചെയ്യുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മരണാനന്തര ചടങ്ങുകളായിരിക്കും ഈദിയുടെടേത് എന്നാണ് അറിയുന്നത്.

''മനുഷ്യരാശിക്കു വേണ്ടി ജീവിതം സമർപ്പിച്ച മഹാത്മാവായിരുന്നു അദ്ദേഹം.'' ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഈദിയുടെ മരണത്തിൽ അനുശോചനം അറിയിച്ചു.