കണ്ണൂർ: കണ്ണൂർകോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ മണ്ഡലം എംഎൽഎ എ.പി അബ്ദുള്ളക്കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമെന്ന് വിജിലൻസ്. അതുകൊണ്ടു തന്നെ ഒരിക്കൽ കൂടി അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് വിജിലൻസ്. അബ്ദുള്ളക്കുട്ടിക്കെതിരെ കേസ് വരാനും സാധ്യതയുണ്ട്.

കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്ക് ടെൻഡർ നൽകിയതിലും ക്രമക്കേടെന്ന് കണ്ടെത്തൽ. പദ്ധതിക്ക് അനുവദിച്ചതിന്റെ പകുതിയോളം വെട്ടിച്ചതായാണ് വിജിലൻസിന്റെ നിഗമനം. ഓരോ ഘട്ടത്തിലും ഇടപെടലുകൾ നടന്നതായാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. അഴിമതിയിൽ പങ്കില്ലെന്ന ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയുടെ മൊഴി വിജിലൻസ് മുഖവിലയ്ക്കെടുത്തിട്ടില്ല.

സംസ്ഥാന പൊതുമേഖലാസ്ഥാപനമായ കിറ്റ്കോയാണ്് പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തത്. അവരിൽ നിന്നും ബംഗളൂരിലെ കൃപാസ് ടെലികോം കരാറെടുത്തു. പക്ഷെ പ്രവൃത്തി നടത്തിയത് ബംഗളൂരിലെ തന്നെ സിംബോളിനെന്ന കമ്പിനിയാണ്. ഇതെങ്ങനെ സംഭവിച്ചുവെന്ന കാര്യമാണ് വീണ്ടും അന്വേഷിക്കുന്നതെന്ന് കണ്ണൂർ വിജിലൻസ് ഡി.വൈ. എസ്‌പി ബാബു പെരിങ്ങോത്ത് പറഞ്ഞു.

കണ്ണൂർ സെന്റ് ആഞ്ചലോ കോട്ടയിൽ 3.58 കോടി രൂപ ചെലവിലാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒരുക്കിയത്. ഒരു ദിവസം മാത്രമാണ് പ്രദർശനം നടത്തിയത്. അബ്ദുള്ളക്കുട്ടിയാണ് പദ്ധതി തയ്യാറാക്കിയതും നടപ്പാക്കാൻ ഇടപെട്ടതും. ടൂറിസം വകുപ്പ് ആദ്യം എതിർത്തെങ്കിലും എംഎൽഎയുടെ സമ്മർദത്തെ തുടർന്ന് ഏറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട് എല്ലാ കൂടിയാലോചനകളിലും അബ്ദുള്ളക്കുട്ടി പങ്കെടുത്തിരുന്നു. ആവശ്യമില്ലാത്ത യോഗങ്ങളിലും പങ്കെടുത്തതായും രേഖകളുണ്ട്. അഴിമതിയിൽ ടൂറിസം മന്ത്രി അനിൽകുമാറിന് മാത്രമാണ് പങ്കെന്ന അബ്ദുള്ളക്കുട്ടിയുടെ വാദം പൊളിക്കുന്ന തെളിവുകൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. .

കിറ്റ്കോയ്ക്ക് ആയിരുന്നു നിർമ്മാണ ചുമതല. കുറഞ്ഞ തുക കാണിച്ച കമ്പനിയെ അവഗണിച്ച് കൂടിയ തുക ആവശ്യപ്പെട്ട കമ്പനിക്കാണ് കിറ്റ്കോ ഉപകരാർ നൽകിയത്. ഇതിനായി ഇടപെട്ടവരെക്കുറിച്ചും വിജിലൻസിന് സൂചന ലഭിച്ചു. ഗുണമേന്മയില്ലാത്ത ഉപകരണങ്ങളായിരുന്നു ഉപയോഗിച്ചത്. പദ്ധതി നടത്തിപ്പിൽ ഇടനിലക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരെ അടുത്ത ദിവസം ചോദ്യം ചെയ്യും. ഇവരിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അബ്ദുള്ളക്കുട്ടിയെ വീണ്ടും ചോദ്യം ചെയ്തേക്കും.

ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ പേരിൽ വൻക്രമക്കേടാണ് നടന്നതെന്നതിനെ കുറിച്ച് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പദ്ധതിക്ക് മുൻകൈയെടുത്ത അന്നത്തെ കണ്ണൂർ മണ്ഡലം എംഎൽഎയ്ക്ക് ഈക്കാര്യത്തിൽ പങ്കുണ്ടോയെന്ന കാര്യമാണ് അന്വേഷിച്ചുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടനിലക്കാരെ ഉൾപ്പെടുത്തി കൊണ്ടു പദ്ധതി നടത്തുമ്പോൾ ഇതു തടയുന്നതിനായി നേരത്തെയെന്തുകൊണ്ട് എംഎൽഎ ഇടപെട്ടില്ലെന്ന ചോദ്യമാണ് വിജിലൻസ് ഉയർത്തുന്നത്. കരാറെടുത്ത കമ്പിനികളെ കുറിച്ചു അന്വേഷണം നടത്തിയതിനു ശേഷം അബ്ദുള്ളക്കുട്ടിയുടെ മൊഴിയെടുക്കാനാണ് തീരുമാനം.

കണ്ണൂർ സെന്റ് ആഞ്ചലോ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം ഏർപ്പെടുത്തുന്നതിന് കരാറെടുത്ത കമ്പിനികളെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ നടന്ന തട്ടിപ്പിന്റെ വ്യാപ്തി അറിയാൻ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് വിജിലൻസ്. ഏകദേശം മൂന്നരകോടിയുടെ പ്രവൃത്തിയാണ് ഇതുമായി ബന്ധപ്പെട്ടു നടന്നത്. 2016- ഫെബ്രുവരി അവസാനം തെരഞ്ഞെടുപ്പിന് തൊട്ടുമുൻപേ ഷോ ഉദ്ഘാടനം ചെയ്തപ്പോൾ വാടകയ്ക്കെടുത്ത ഉപകരണങ്ങൾ കൊണ്ടുവന്ന് ഘടിപ്പിച്ചതാണോയെന്ന സംശയവുമുണ്ട്. കരാർ കമ്പിനികളെ ചോദ്യം ചെയ്താൽ മാത്രമേ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ.

അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് യു.ഡി. എഫിന്റെ അഭിമാന പദ്ധതികളിലൊന്നായി വിശേഷിപ്പിച്ച ലൈറ്റ് ആൻഡ് ഷോ പദ്ധതി നാടിന് സമർപ്പിച്ചത്. ടൂറിസം മന്ത്രി എ. പി അനിൽകുമാറായിരുന്നു അധ്യക്ഷൻ. ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ ക്രമക്കേട് നടത്തിയത് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി എ.പി അനിൽകുമാറും ഡി.ടി.പി.സി ഉദ്യോഗസ്ഥരുമാണെന്ന വിമർശനമാണ് അബ്ദുള്ളക്കുട്ടിയുയർത്തിയത്്. എന്നാൽ അനിൽകുമാർ പിന്നീട് ഇതു നിഷേധിച്ചിരുന്നു.

പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിക്ക് യാതൊരു ബന്ധവുമുണ്ടാകാറില്ലെന്ന പൊതുന്യായം പറഞ്ഞാണ് അനിൽകുമാർ വിവാദത്തിൽ നിന്നും തലയൂരിയത്.