- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കബളിപ്പിച്ചത് എസ്ബിഐ അടക്കം 28 ബാങ്കുകളെ; എല്ലാവർക്കും കൂടി കൊടുക്കാൻ ഉള്ളത് 22,842 കോടി; കിട്ടിയ വായ്പ വക മാറ്റിയും ക്രമക്കേട് കാട്ടിയും തട്ടിയെടുത്തു; മുംബൈയിലെ സ്വകാര്യ കപ്പൽ നിർമ്മാണ ശാലയായ എബിജി ഷിപ്യാർഡ് കമ്പനിക്കെതിരെ സിബിഐ കേസ്; കേന്ദ്ര ഏജൻസിയുടെ അന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ കേസ്
ന്യൂഡൽഹി: സ്വകാര്യ കപ്പൽ നിർമ്മാണ ശാലയായ എ ബി ജി ഷിപ്പ്യാർഡിനും ഡയറക്ടർമാർക്കും എതിരെ കോടികളുടെ തട്ടിപ്പിന് സിബിഐ കേസെടുത്തു. കേന്ദ്ര ബ്യൂറോയുടെ അന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. 28 ബാങ്കുകളിൽ നിന്നായി 22,842 കോടിയാണ് എബിജി തട്ടിയെടുത്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന 28 ബാങ്കുകളുടെ കൺസോർഷ്യത്തെയാണ് കബളിപ്പിച്ചത്.
തട്ടിപ്പിൽ കമ്പനി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റിഷി കമലേഷ് അഗർവാളിനെതിരേയും സ്ഥാപനത്തിനെതിരെയും സിബിഐ കേസെടുത്തു. എക്സിക്യൂട്ടീവ് ഡയറക്ടർ സന്താനം മുത്തസ്വാമി, ഡയറക്ടർമാരായ അശ്വനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നവേടിയ, എ.ബി.ജി ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എന്നിവരേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
കപ്പൽ നിർമ്മാണത്തിലും, അറ്റകുറ്റപ്പണിയിലും ഏർപ്പെട്ടിരിക്കുന്ന എബിജി ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയാണ് എബിജി ഷിപ് യാർഡ് ലിമിറ്റഡ്. ഗുജറാത്തിലെ സൂററ്റിലും, ദഹേജിലുമാണ് കപ്പൽശാലകൾ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിപ്രകാരം, ബാങ്കിന് 2,925 കോടി തിരിച്ചടവുണ്ട്. ഐ.സിഐ.സിഐ ബാങ്ക് 7,089 കോടി രൂപയും ഐ.ഡി.ബി.ഐ ബാങ്ക് 3,634 കോടിയും , ബാങ്ക് ഓഫ് ബറോഡ 1,614 കോടിയും പഞ്ചാബ് നാഷനൽ ബാങ്ക് 1,244 കോടിയും ഇന്ത്യൻ ഓവർസീസ് ബാങ്ക് 1228 കോടിയും വായ്പ നൽകിയതായി പുറത്തുവന്നിട്ടുണ്ട്.
ബാങ്കുകൾ നൽകിയ തുക എബിജി വകമാറ്റി ചെലവഴിക്കുകയായിരുന്നു. 2019 നവംബർ 8 നാണ് എസ്‌ബിഐയാണ് ആദ്യം പരാതി നൽകിയത്. 2020 മാർച്ച് 12 ന് സിബിഐ ഇതിൽ ചില വിശദീകരണങ്ങൾ തേടി. അതേവർഷം ഓഗസ്റ്റിൽ ബാങ്ക് പുതിയ പരാതി നൽകി. ഒന്നര വർഷത്തോളം സൂക്ഷ്മ പരിശോധന നടത്തിയ ശേഷമാണ് 2022 ഫെബ്രുവരി 7 ന് സിബിഐ എഫ്‌ഐആർ ഫയൽ ചെയ്യുന്നത്. ക്രിമിനൽ ഗൂഢാലോചന, ചതി, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് എബിജിക്കെതിരെ ചുമത്തിയിട്ടുള്ളത്.
2012 ഏപ്രിൽ മുതൽ 2017 ജൂലൈ വരെ എൺസ്റ്റ് ആൻഡ് യങ് നടത്തിയ ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് കൂടി പരിശോധിച്ചാണ് സിബിഐ കേസ്. ഫണ്ട് വകമാറ്റൽ, ക്രമക്കേട്, ക്രിമിനൽ വിശ്വാസ വഞ്ചന, എന്നിവയാണ് എഫ്‌ഐആറിൽ ആരോപിക്കുന്നത്. 2012 ഏപ്രിലിലും, 2017 ജൂലായ്ക്കും മധ്യാണ് ക്രമക്കേട് നടന്നിരിക്കുന്നത്.
ആഗോള മാന്ദ്യം കപ്പൽ വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ചില കപ്പലുകളുടെ കരാറുകൾ റദ്ദായത് വലിയ തിരിച്ചടിയായി. ഇതോടെ, ഉത്പാദന ചെലവ് കൂടുകയും, സാമ്പത്തിക പ്രതിസന്ധി ഏറുകയും ചെയ്തു. 2015 ൽ വ്യവസായം മാന്ദ്യത്തെ നേരിട്ടിരുന്നതിനാൽ. വാണിജ്യ കപ്പലുകൾക്ക് ആവശ്യക്കാരുണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളാണ് കമ്പനിയെ വഴിവിട്ട നീക്കത്തിലേക്ക് നയിച്ചതെന്ന് സിബിഐ എഫ്‌ഐആറിൽ സൂചിപ്പിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ