- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയ കേസ് വിധിയെ തുടർന്ന് കേരളത്തിലെ കത്തോലിക്കാ സഭയെ നോട്ടമിട്ടു ബിബിസി; എന്തുകൊണ്ട് ലൈംഗിക ആരോപണ കേസുകളിൽ സഭ നിശബ്ദമാകുന്നു എന്ന ചോദ്യത്തോടെ തുടക്കം: കേരളത്തിൽ സഭയെ ബാധിക്കുന്ന കേസുകളിൽ വിദേശ മാധ്യമ ശ്രദ്ധ കൂടുമ്പോൾ
ലണ്ടൻ: ഒരു ബിഷപ്പ് പീഡിപ്പിച്ചതിന്റെ പേരിൽ അഞ്ചു കന്യാസ്ത്രീകൾക്കു തെരുവിൽ നീതി തേടി സത്യാഗ്രഹം ഇരിക്കേണ്ടി വന്ന കേരളത്തിലെ സഭ എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ തികഞ്ഞ നിശബ്ദത പുലർത്തുന്നത്? ചോദ്യം ബിബിസിയുടെ വകയാണ്. സിസ്റ്റർ അഭയാ കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധി വന്നതോടെ പഴയ സംഭവങ്ങൾ അടക്കം എടുത്തിട്ടാണ് ബിബിസി റിപ്പോർട്ട് ചെയുന്നത്.
വിധി വന്ന ശേഷം ഇന്ത്യയിൽ നിന്നും തയാറാക്കിയ റിപ്പോർട്ടിനൊപ്പം ബിബിസി റേഡിയോ അടക്കമുള്ളവയ്ക്കായി ലണ്ടനിൽ നിന്നും തന്നെ റിപ്പോർട്ട് തയ്യാറാക്കാനായി വിവര ശേഖരം ആരംഭിച്ചിരിക്കുകയാണ് ബിബിസി വാർത്ത സംഘം. ഇതിനായി യുകെയിൽ ജോലി ചെയ്യുന്ന മലയാളികൾ അടക്കം ഉള്ളവരിൽ നിന്നുമായി കേരളത്തിലെ കത്തോലിക്കാ സഭയെ സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞു തുടങ്ങിയിരിക്കുകയാണ് ബിബിസി റിപ്പോർട്ടർമാർ.ഏറെക്കാലമായി കരാർ അടിസ്ഥാനത്തിൽ ബിബിസി ഹെഡ് ക്വാർട്ടേഴ്സിൽ വാർത്ത ഇതര വിഭാഗത്തിൽ ജോലി ചെയുന്ന തിരുവനന്തപുരം സ്വദേശിയാണ് ഇക്കാര്യം ബ്രിട്ടീഷ് മലയാളിയെ അറിയിച്ചിരിക്കുന്നത്.
ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ നീതി തേടി അഞ്ചു കന്യാസ്ത്രീകൾ കൊച്ചിയിൽ സത്യഗ്രഹം സംഘടിപ്പിച്ചപ്പോൾ വിഡിയോ റിപ്പോർട്ട് തയ്യാറാക്കിയാണ് ബിബിസി കടുത്ത ഭാഷയിൽ കേരളത്തിലെ കത്തോലിക്കാ സഭയെ വിമർശിക്കാൻ തയ്യാറായത്. ഇപ്പോൾ അഭയ കേസിൽ വൈദികനും കന്യാസ്ത്രീയും ശിക്ഷിക്കപ്പെട്ടപ്പോൾ പ്രധാന വാർത്തയായി ഓൺലൈൻ എഡിഷനിലാണ് കേസിന്റെ വിശദംശങ്ങൾ ബിബിസി വെളിപ്പെടുത്തുന്നത്.
ഇത് ഇന്ത്യയിൽ നിന്നും തയാറാക്കിയ റിപ്പോർട്ട് ആയതിനാൽ യുകെയിൽ നിന്നും മലയാളികളെ കണ്ടെത്തി കൂടുതൽ പ്രാദേശിക വിവരങ്ങൾ സംഘടിപ്പിച്ചു ബിബിസി ലണ്ടൻ റേഡിയോ അടക്കമുള്ള നെറ്റ്വർക്കുകളിൽ സംപ്രേഷണം ചെയ്യാനുള്ള ഒരുക്കമാണ് ഇപ്പോൾ വാർത്ത വിഭാഗം നടത്തുന്നതെന്ന് സൂചനയുണ്ട്. മതപരമായ വിമർശനങ്ങളിൽ എല്ലായ്പ്പോഴും മുന്നിൽ തന്നെയാണ് ബിബിസി റിപ്പോർട്ടുകളുടെ സ്ഥാനം എന്നതും പ്രത്യേകതയാണ്. കേരളത്തിൽ ശബരിമല പ്രക്ഷോഭം രൂക്ഷമായി നിന്ന സമയത്തും അനേകം റിപ്പോർട്ടുകൾ ബിബിസി അവതരിപ്പിച്ചിരുന്നു.
55 കാരിയായ സിസ്റ്റർ സെറ്റഫി പരസ്യ പ്രതികരണത്തിന് തയാറാകാതിരുന്നതും താൻ നിരപരാധിയാണ് എന്ന് ശിക്ഷ അറിഞ്ഞ ശേഷവും ഫാ തോമസ് കോട്ടൂർ നടത്തിയ പ്രതികരണവും ബിബിസി റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. അഭയ കേസിൽ തുടക്കം മുതൽ പോരാട്ടത്തിന് മുന്നിൽ നിന്നിരുന്ന ജോമോൻ പുത്തൻപുരക്കലിന്റെ കാര്യവും സൂചിപ്പിക്കാൻ ബിബിസി റിപ്പോർട്ട് വിട്ടുപോയിട്ടില്ല. ജോമോന്റെ പ്രതികരണം അടക്കമാണ് റിപ്പോർട്ട് അവസാനിക്കുന്നത്. ഒടുവിൽ സി അഭയ്ക്കു നീതി കിട്ടിയിരിക്കുന്നു അവരുടെ ആത്മാവ് ശാന്തമായി ഉറങ്ങട്ടെ എന്നാണ് ജോമോൻ ബിബിസിയോട് നടത്തിയ പ്രതികരണം.
അതേസമയം ബിബിസി മാത്രമല്ല അഭയ കേസിലെ ശിക്ഷ വിധിക്കു പ്രധാന യൂറോപ്യൻ മാധ്യമങ്ങൾ എല്ലാം തന്നെ വലിയ പ്രാധാന്യം നൽകിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നതും പ്രത്യേകതയാണ്. ആഗോള തലത്തിൽ കത്തോലിക്കാ സഭ നേരിടുന്ന പ്രധാന പ്രതിസന്ധിയായി ലൈംഗിക ആരോപണ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നും ഇത്തരം ഒരു വിധി വന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നു എന്ന സൂചനയോടെയാണ് വാർത്തകൾ യൂറോപ്പിൽ എത്തിയിരിക്കുന്നത്.
സ്പെയിനിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രമായ യൂറോ വീക്കിലി ന്യൂസ് വൈദികനും കന്യാസ്ത്രീയും ജയിലിൽ എന്നാണ് തലക്കെട്ട് നൽകിയത്. വിധിക്കു ശേഷം ഉണ്ടായ വാർത്ത പ്രാധാന്യത്തിന്റെ ശക്തി മനസിലാക്കി കോട്ടയം അതിരൂപതയിൽ നിന്നും പി ആർ ഓ നൽകിയ വാർത്ത കുറിപ്പിനെ അടിസ്ഥാനമാക്കി ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലും സഭ നേതൃത്വത്തിനു എതിരെ ശക്തവും രൂക്ഷവുമായ പ്രതികരണങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിക്കൊണ്ടിരിക്കുന്നത്.
മുൻ കാലങ്ങളിൽ സമാനമായ തരത്തിൽ കൊല്ലപ്പെട്ടതോ മരിച്ച നിലയിൽ കാണപ്പെട്ടതോ ആയ കന്യാസ്ത്രീകളുടെ വിവരങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയ സജീവമായ ചർച്ച നടത്തുകയാണ്. ഈ കേസുകളിൽ മിക്കവയിലും അന്വേഷണം നിലച്ച മട്ടിൽ ആണെന്നും വിലയിരുത്തലുണ്ട്. അടുത്തകാലത്ത് ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച നിലയിൽ കാണപ്പെട്ട കന്യാസ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് കിണറുകളിൽ നിന്നും ആണെന്നതും സവിശേഷതയാണ്.
അഭയ കേസിൽ പ്രതികൾ ഇത്രയും കാലവും ജയിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടതിനാലാകും മറ്റുള്ളവർക്കും അതേ വിധത്തിൽ മരണം ഏറ്റുവാങ്ങാൻ നിയോഗം ഉണ്ടായതെന്നുമാണ് സോഷ്യൽ മീഡിയ വിമർശം. 1987 മുക്കൂട്ടുതറയിൽ സി ലിൻഡയുടെ മൃതദേഹം വാട്ടർ ടാങ്കിൽ കാണപ്പെട്ടത് മുതൽ ഈ വർഷം കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട തിരുവല്ലയിലെ വിദ്യാർത്ഥിനിയായ സി ദിവ്യ വരെയുള്ള 17 കന്യാസ്ത്രീകളുടെ മരണത്തിൽ തുടർ അന്വേഷണം വേണമെന്ന ആവശ്യവും സോഷ്യൽ മീഡിയ സജീവമാക്കുകയാണ്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.