- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോറിസിന്റെ പിടിവാശിയും നിർബന്ധബുദ്ധിയും ഗുണം ചെയ്തു; നോ ഡീൽ ബ്രെക്സിറ്റ് സാധ്യത ഒഴിഞ്ഞുവെന്ന് വ്യക്തം; യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാർ ഇന്ന് പ്രഖ്യാപിക്കും
കടുത്ത അഭിപ്രായ വ്യത്യാസങ്ങൾക്കും ദിവസങ്ങൾ നീണ്ട മാരത്തോൺ ചർച്ചകൾക്കും ഒടുവിൽ ബ്രിട്ടനും യൂറോപ്യൻ യൂണിയനും ചരിത്രപ്രധാനമായ ബ്രെക്സിറ്റ് വ്യാപാരകരാറിൽ ഒപ്പുവയ്ക്കുമെന്ന് ഉറപ്പായിരിക്കുന്നു. ജനുവരി 1 ന് ബ്രെക്സിറ്റ് പൂർത്തിയാകുമ്പോഴേക്കും പുതിയ കരാർ തയ്യാറാകും എന്നാണ് അറിയുവാൻ കഴിയുന്നത്. ഇരുകൂട്ടർക്കും സമ്മതമായ വിധത്തിൽ ഇതിന്റെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. ഇനി അവസാന മിനുക്കുപണികൾ മാത്രമേ ബാക്കിയുള്ളു.
ലോർഡ് ഫ്രോസ്റ്റ്, മൈക്കൽ ബാർണിയർ എന്നിവരുടെ നേതൃത്വത്തിൽ ഒരു കൂട്ടം നിയമജ്ഞരും വിദഗ്ദരും ചേർന്ന് തയ്യാറാക്കിയ ഈ രൂപരേഖയിൽ പഴുതുകളും പിഴവുകളും ഇല്ലാതെയിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. മിനുക്കുപണികൾ പൂർത്തിയാാൽ ഉടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇക്കാര്യംഒരു പ്രസ്താവനയിലൂടെ രാജ്യത്തെ അറിയിക്കും എന്നാണ് കരുതുന്നത്.
താരിഫുകളില്ലാതെ, ക്വാട്ടാ സമ്പ്രദായവുമില്ലാതെ ഒരു ഏക വിപണി എന്ന ആശയം മുൻനിർത്തിയുള്ള ഏകദേശം 660 ബില്ല്യൺ പാക്കേജിന്റെ വ്യാപാര കരാർ ആയിരിക്കും ഇതെന്നാണ് കരുതുന്നത്. യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിന്റെ നിബന്ധനകൾ അനുസരിക്കേണ്ട ബാദ്ധ്യതയും ബ്രിട്ടന് വരുന്നില്ല. അതേസമയം, യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യത്തലവന്മാർ, തങ്ങളുടെ വിജയം എന്ന രീതിയിൽ ഈ കരാറിന്റെ കാര്യം തങ്ങളുടെ പ്രജകൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ആരംഭിച്ചു കഴിഞ്ഞു. ജനിതകമാറ്റം വന്ന പുതിയ വൈറസ്, ബ്രിട്ടന്റെ അതിർത്തികൾ എത്രമാത്രം ദുർബലമണെന്ന സത്യം അടിവരയിട്ടു പറഞ്ഞപ്പോൾ കഴിഞ്ഞ 48 മണിക്കൂറിൽ ബോറിസ് ജോൺസൺ ധാരാളം ഇളവുകൾക്ക് സമ്മതിച്ചു എന്നാണ് ഫ്രാൻസ് പറയുന്നത്.
അതേസമയം, ഭരണകക്ഷിയിലെ, ബ്രെക്സിറ്റിനെ തീവ്രമായി അനുകൂലിക്കുന്ന വിഭാഗം ഈ കരാർ വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ്. ഈ കരാറിനെ അട്ടിമറിക്കാൻ തക്കം പാർത്തു നടക്കുന്ന വലിയൊരു വിഭാഗം ആളുകൾ ഉണ്ടെന്ന് മുന്നറിയിപ്പുമായി രംഗത്തെത്തിയ കാലാവസ്ഥ മന്ത്രി ലോർഡ് ഗോൾഡ്സ്മിത്ത്, അവർ, ഈ കരാറിന്റെ നല്ലവശങ്ങൾ വകവയ്ക്കാതെ ഇത് തകർക്കാൻ ശ്രമിക്കുമെന്നും പറഞ്ഞു. യൂറോപ്യൻ യൂണിയനെ അനുകൂലിക്കുന്ന ഗോൾഡ്സ്മിത്ത് ബോറിൻസ് ജോൺസന്റെ ഒരു അടുത്ത അനുയായി കൂടിയാണ്.
ബ്രെക്സിറ്റിനെ അനുകൂലിച്ചവർ ഈ പുതിയ കരാറിലെ വ്യവസ്ഥകൾ അറിയുവാൻ ജിജ്ഞാസയോടെ കാത്തിരിക്കുമ്പോൾ ഒരു കരാറിനേയും തടയുകയില്ലെന്ന് ലേബർ പാർട്ടി വ്യക്തമാക്കി. ഇതോടെ ഇത് പാർലമെന്റിൽ പാസ്സാക്കാൻ കഴിയുമെന്ന്ഉറപ്പായിരിക്കുകയാണ്. അതേസമയം, കരാറിലെ വ്യവസ്ഥകൾ എന്തൊക്കെയെന്ന് പ്രസിദ്ധപ്പെടുത്തുന്നതിനു മുൻപ് തന്നെ ബ്രിട്ടൻ കീഴടങ്ങി എന്ന് ആരോപിച്ചുകൊണ്ട് ബ്രെക്സിറ്റ് പാർട്ടി ലീഡർ നൈഗൽ ഫരാജെ രംഗത്തെത്തി. ക്രിസ്ത്മസ്സ് ദിനത്തിൽ പ്രഖ്യാപനം നടത്തുന്നതിനായി ധൃതിവച്ച് കരാർ തട്ടിക്കൂട്ടുന്നതിനിടയിൽ ബ്രിട്ടന്റെ പല താത്പര്യങ്ങളും ബലി കഴിക്കപ്പെട്ടുഎന്നാണ് അദ്ദേഹം പറഞ്ഞത്.
ബ്രിട്ടീഷ സമുദ്രാതിർത്തിക്കുള്ളിലെ മത്സ്യബന്ധനാവകാശവുമായി ബന്ധപ്പെട്ടതായിരുന്നു കരാർ ചർച്ചകളിലെ മുഖ്യ തർക്കവിഷയം. നിലവിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് അനുവദിച്ചിട്ടുള്ള മത്സത്തിന്റെ അളവ് മൂന്നിലൊന്നായി കുറച്ച് മൂന്നു വർഷം കൊണ്ട് അത് പൂർണ്ണമായി ഇല്ലാതെയാക്കണം എന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടപ്പോൾ, 25 ശതമാനം വീതം കുറച്ച് ആറുവർഷം കൊണ്ട് ഇല്ലാതെയാക്കാം എന്നായിരുന്നു യൂറോപ്യൻ യൂണിയൻ വാദിച്ചത്.
സ്വതന്ത്ര വ്യാപാര കരാർ ഇല്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്നും പിരിയുന്നത് ബ്രിട്ടന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റിയും ബാങ്ക് ഓഫ് ഇംഗ്ലണ്ടും മുന്നറിയിപ്പു നൽകിയിരുന്നു. മിക്ക സാമ്പത്തികശസ്ത്രജ്ഞരും വ്യാപാര പ്രമുഖരും ഇതേ അഭിപ്രായക്കാരായിരുന്നു. എന്നിട്ടും ബ്രിട്ടന്റെ താത്പര്യം ബലികൊടുക്കാൻ ബോറിസ് ജോൺസൺ തയ്യാറായില്ല. അതാണ് കരാർ ഇത്ര വൈകുവാൻ കാരണമായത്.