തിരുവനന്തപുരം: ഈ ക്രിസ്മസിന് സിസ്റ്റർ അഭയയ്ക്ക് ആത്മശാന്തി. സിസ്റ്റർ അഭയ കൊലക്കേസിൽ കോടതി ശിക്ഷിച്ച ഫാ. തോമസ്.എം.കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ഇത് തടവറയിലെ രണ്ടാമത്തെ ക്രിസ്മസാണ്. ആദ്യം ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത് 2008 നവംബർ 19നായിരുന്നു. 2009 ജനുവരി ഒന്നിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2008ലെ ക്രിസ്മസിന് പ്രതികൾ എറണാകുളം ജില്ലാ ജയിലിലായിരുന്നു.

ക്രിസ്മസിന് ഒരുദിവസം മുൻപാണ് ശിക്ഷാവിധി. കോടതികൾ ക്രിസ്മസ് അവധിയിലായതിനാൽ അപ്പീലിനും, വിധി മരവിപ്പിച്ച് പുറത്തിറങ്ങാനും പ്രതികൾക്ക് അവസരമുണ്ടായേക്കില്ല. അങ്ങനെ ശിക്ഷാ വിധിക്ക് ശേഷവും ഇവരുടെ ആദ്യ ക്രിസ്മസ് ജയിലിനുള്ളിലായി. കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ഫാദർ കോട്ടൂരാനും സെഫിയും വലിയ ആഘോഷങ്ങൾക്ക് പദ്ധതിയിട്ടിരുന്നു. ഇതെല്ലാം വെറുതയായി. ജയിലിലെ സെല്ലിൽ ആഘോഷമില്ലാത്ത ക്രിസ്മസ്. അതിനിടെ ജയിൽ അധികൃതരുടെ നിർദ്ദേശങ്ങൾ സെഫി അനുസരിച്ചു തുടങ്ങി. ഇന്നലെ മുതൽ ചെറുതായി ആഹാരം കഴിച്ചു. ശിരോവസ്ത്രവും മാറ്റി.

അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സെഫി. ഫാദർ തിരുവനന്തപുരം സെൻട്രൽ ജയിലിലും. രണ്ടു പേരും കൊറോണ ക്വാറന്റൈൻ സെന്ററിലാണ് ഇപ്പോൾ. ലിംഗാഗ്രത്ത് കാൻസറുള്ളതു കൊണ്ട് കോട്ടൂരാനെ ഏകനായാണ് കൊറോണ സെല്ലിൽ പാർപ്പിച്ചിരിക്കുന്നത്. വൈറസ് ബാധയുണ്ടായാൽ ആരോഗ്യം മോശമാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്. കോടതി ശിക്ഷിച്ചെങ്കിലും ഇരുവരും പ്രതീക്ഷ കൈവിടുന്നില്ല. അപ്പീൽ നൽകാനൊരുങ്ങി പ്രതികൾ. ഫാ. തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും വിധിക്ക് എതിരെ ഹൈക്കോടതിയിലേക്ക് നിയമ നടപടികൾ കൊണ്ടു പോകും,

ക്രിസ്മസ് അവധിക്ക് ശേഷം കോടതിയെ സമീപിക്കും. അഡ്വ. രാമൻ പിള്ള മുഖാന്തരമായിരിക്കും അപ്പീൽ നൽകുക. ക്രിസ്തുമസ് ആഘോഷങ്ങൾക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാൽ, കോടതിവിധി അപ്രതീക്ഷിതമായിരുന്നു. അതേസമയം, പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചെങ്കിലും ഇരുവരേയും പൂർണമായും വിശ്വസിക്കുന്നുവെന്നാണ് കോട്ടയം അതിരൂപത പറയുന്നത്. ക്രിസ്മസിന് അതിരൂപതയിലും മ്ലാനതയാണ്. എന്നാൽ മുഖ്യസാക്ഷിയായി മാറിയ അടയ്ക്കാ രാജുവും കുടുംബവും ഈ ക്രിസ്മസ് അടിച്ചു പൊളിക്കുകയാണ്.

കൊലക്കേസിൽ പ്രതികളാണെങ്കിലും അവിഹിതം നടത്തിയെന്ന് തെളിഞ്ഞവരാണെങ്കിലും ഫാദറും സിസ്റ്ററും ഇപ്പോഴും സഭയ്ക്ക് വേണ്ടപ്പെട്ടവർ തന്നെയെന്ന് വ്യക്തമാകുന്ന പ്രതികരണമാണ് കോട്ടയം അതിരൂപതയിൽ നിന്നും വരുന്നത്. ഇവരുടെ പേരിലുള്ള ആരോപണങ്ങൾ അവിശ്വസനീയമാണെന്നാണ് കോട്ടയം അതിരൂപതയുടെ പ്രതികരണം. വിധിക്കെതിരേ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ടെന്നും അതിരൂപത വ്യക്തമാക്കുന്നു.

ഇതോടെ, ഫാ.കോട്ടൂരിന്റെ പൗരോഹിത്യം, സിസ്റ്റർ സെഫിയുടെ സന്ന്യാസ സഭാംഗത്വം നീക്കൽ നടപടികളിലേക്ക് സഭ ഉടൻ പോകുന്നില്ലെന്ന് സാരം. ന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. സിസ്റ്റർ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ.

എന്നാൽ, ഫാ. തോമസ് എം കോട്ടൂർ കാൻസർ രോഗിയാണെന്നാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് സിസ്റ്റർ സെഫിയുടെ അഭിഭാഷകനും വാദിച്ചു.