- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചനും സിസ്റ്ററിനും ഹൈക്കോടതി ജാമ്യം നിഷേധിച്ചത് മൂന്ന് തവണ; അഴിക്കുള്ളിലുള്ളവരുടെ അപേക്ഷയിൽ അനുവദിച്ചത് മൂന്ന് മാസം പരോൾ; ഹൈപവർ കമ്മറ്റിയുടെ തീരുമാനമെന്ന ജയിൽ ഡിജിപിയുടെ വാദം പച്ചക്കള്ളം; തോമസ് കോട്ടൂരിനും സെഫിക്കും പരോൾ നൽകിയത് ചട്ട വിരുദ്ധം; ജോമോൻ പുത്തൻപുരയ്ക്കൽ വീണ്ടും നിയമപോരാട്ടത്തിന്
തിരുവനന്തപുരം: സിസ്റ്റർ. അഭയ കേസിലെ പ്രതികൾക്ക് നിയമ വിരുദ്ധമായി സർക്കാർ പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി എത്തുമ്പോൾ ചർച്ചയാകുന്നത് കോവിഡു കാലത്തെ നിയമ വിരുദ്ധ പരോൾ അനുവദിക്കൽ. കോവിഡിന്റെ മറവിലാണ് ടിപി കേസ് പ്രതികൾ അടക്കമുള്ള കൊടും കുറ്റവാളികൾക്ക് പരോൾ അനുവദിക്കുന്നതെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഈ കേസിലെ പ്രതി ടിപി കേസ് പ്രതികൾക്ക് അടക്കം നിർണ്ണായകമാണ്.
അഭയ കേസിൽ ഇരട്ട ജീവപര്യന്തം കഠിന തടവിനും, ജീവപര്യന്തം കഠിന തടവിനും കോടതി ശിക്ഷിച്ച, ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് കഴിഞ്ഞ മെയ് 11 ന് 90 ദിവസം പരോൾ അനുവദിച്ചത്, സുപ്രീംക്കോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റി ആണെന്ന്, ജയിൽ ഡി. ജി. പി യുടെ വിശദീകരണം കളവാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതാണ്ട് ഇതേ കാലയളവിലാണ് ടിപി കേസ് പ്രതി അണ്ണൻ സിജിത്ത് അടക്കമുള്ളവർക്ക് പരോൾ കിട്ടുന്നത്. പരോളിൽ ഇറങ്ങി വിവാഹം ചെയ്യുകയായിരുന്നു അണ്ണൻ സിജിത്ത് ചെയ്തത്.
സുപ്രീംക്കോടതി ഉത്തരവ് പ്രകാരം, ജയിൽ ഹൈപവർ കമ്മിറ്റി 10 വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചിട്ടുള്ളു എന്നും, അഭയ കേസിലെ ജീവപര്യന്തം ശിക്ഷിച്ച പ്രതികൾക്ക്, ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്ന, കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസ് അഥോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈപവർ കമ്മിറ്റി അധ്യക്ഷനുമായ ജസ്റ്റിസ് സി.റ്റി രവികുമാറിന്റെ ഉത്തരവിന്റെ കോപ്പിയും, ഹർജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഇത് ഈ കേസിൽ അതിനിർണ്ണായകമായി മാറും.
അഭയ കേസിലെ പ്രതികളെ ജീവപര്യന്തം സിബിഐ കോടതി ശിക്ഷിച്ച്, 5 മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുൻപാണ്, പ്രതികൾക്ക് നിയമ വിരുദ്ധമായി സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചത്. പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹർജിയിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഉന്നത സ്വാധീനമാണ് പ്രതികളെ വിട്ടയയ്ക്കുന്നതിന് പിന്നിൽ പ്രേരക ശക്തിയായതെന്നാണ് ആരോപണം.
ഫാ. തോമസ് കോട്ടൂരും, സിസ്റ്റർ സെഫിയും ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജി, കഴിഞ്ഞ 7 മാസത്തിനിടയിൽ 5 പ്രാവശ്യവും, ഹൈക്കോടതിയിൽ ഹർജി പരിഗണിച്ചിരുന്നു എങ്കിലും, ജാമ്യം അനുവദിക്കാതെ ഹർജി മാറ്റി വെച്ചിരിക്കുകയായിരുന്നു. ഹൈക്കോടതിയെ മറികടന്ന് പ്രതികൾക്ക് സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചത്, നിയമ വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഫലത്തിൽ മൂന്ന് മാസം ജാമ്യം അനുവദിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കലാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. അഭയാ കേസിൽ അച്ഛനും കന്യാസ്ത്രീയ്ക്കും ശിക്ഷ ഉറപ്പാക്കിയത് ജോമോൻ പുത്തൻപുരയ്ക്കലായിരുന്നു. ഇതേ വ്യക്തിയാണ് ഇപ്പോഴും പരോളിലെ കള്ളക്കളി പൊളിക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഹർജിയിൽ കോടതി വിധി ടിപി കേസ് പ്രതികളുടെ പരോളിൽ അടക്കം നിർണ്ണായകമാകും.
മറുനാടന് മലയാളി ബ്യൂറോ