- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്ന പ്രതികളുടെ ഹർജിയിൽ ഹൈക്കോടതിയുടെ അനുകൂല തീരുമാനം; ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ആശ്വാസമായി ജാമ്യം; രണ്ടു പേരും ഉടൻ പുറത്തെത്തും; സംസ്ഥാനം വിടരുതെന്ന് നിർദ്ദേശം; അഞ്ചു ലക്ഷവും കെട്ടിവയ്ക്കണം; സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സിബിഐ
കൊച്ചി: അഭയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്ന പ്രതികളുടെ ഹർജികളിൽ ഹൈക്കോടതിയുടെ അനുകൂല വിധി. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി അംഗീകരിച്ചു. ഇതോടെ രണ്ടു പേർക്കും ഉടൻ പുറത്തിറങ്ങാം. തിരുവനന്തപുരത്തെ ജയിലിലായിരുന്നു ഇരുവരും. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്.
28 വർഷം നീണ്ട് നിയമനടപടിക്ക് ശേഷമായിരുന്നു പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷിക്കുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ഇതിനെതിരെ സുപ്രീംകോടതിയിൽ സിബിഐ അപ്പീൽ നൽകിയേക്കും. ഇതിനുള്ള സാധ്യത സിബിഐ തേടും.
കേസ് വിചാരണ ഉൾപ്പെടെയുള്ള നടപടികൾ നീതിപൂർവ്വമായിരുന്നില്ലെന്നാണ് ജാമ്യ ഹർജിയിൽ പ്രതികൾ പറയുന്നത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദർ തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. 49 സാക്ഷികളെ ഉൾപ്പെടെ വിസ്തരിച്ച ശേഷമായിരുന്നു അഭയ കേസിൽ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. 1992 മാർച്ച് 27നാണ് കോട്ടയം ബി സി എം കോളേജിലെ രണ്ടാം വർഷ പ്രീ ഡിഗ്രി വിദ്യാർത്ഥിനിയായ സിസ്റ്റർ അഭയയെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിൽ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സി. സെഫിക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. കോട്ടൂരിന് ഇരട്ട ജീവപരന്ത്യവും സെഫിക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. ഈ ശിക്ഷ ഇരുവരും അനുഭവിച്ചു വരികയായിരുന്നു. കോട്ടൂർ ഒരു രോഗത്തിന് ചികിൽസയിലാണ്.