- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണെന്ന് ആദ്യം പറഞ്ഞ ഉദ്യോഗസ്ഥൻ; ആത്മ്യഹത്യയാക്കി റിപ്പോർട്ട് തയ്യാറാക്കണമെന്ന മേലുദ്യോഗസ്ഥന്റെ ശാഠ്യം അനുസരിക്കാതെ രാജി; ശക്തരായ പ്രതികളുടെ ഭീഷണിക്ക് സത്യസന്ധമായ ജീവിതം കൊണ്ട് മറുപടി നൽകിയ വർഗീസ് പി.തോമസ് കണ്ണീരോടെ ചിരിക്കുമ്പോൾ
പത്തനംതിട്ട: അന്വേഷണ ഉദ്യോഹസ്ഥരിൽ ആദ്യമായൊരാൾ സിസ്റ്റർ അഭയയുടെ മരണം കൊലപാതകമെന്ന് പറഞ്ഞത് സിബിഐ. ഡിവൈ.എസ്‌പി. വർഗീസ് പി.തോമസ് ആയിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസിയിലെ സമർത്ഥനായ ഉദ്യോഗസ്ഥൻ ആയിരുന്നിട്ട് കൂടി ഉന്നതങ്ങളിലെ സമ്മർദ്ദങ്ങൾ താങ്ങാനാകാതെ ജോലി തന്നെ രാജിവെച്ച് വിശ്രമ ജീവിതം തെരഞ്ഞെടുക്കുകയായിരുന്നു ഈ ഉദ്യോഗസ്ഥൻ. തന്റെ ഉത്തരവാദിത്തങ്ങൾ നൂറുശതമാനം സത്യസന്ധമായി നിറവേറ്റാനാകില്ലെന്ന് വന്നതോടെയാണ് അഭയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വർഗീസ്. പി. തോമസ് ജോലി തന്നെ ഉപേക്ഷിച്ചത്. ഒരുപക്ഷേ കുറ്റവാളികൾക്കായി ഉന്നതരുടെ പ്രലേഭനങ്ങളിൽ പെട്ടിരുന്നു ഈ ഉദ്യോഗസ്ഥനും എങ്കിൽ കേസിന്റെ ഗതി തന്നെ മറ്റൊന്നാകുമായിരുന്നു. അതുകൊണ്ട് തന്നെയാണ് താൻ കണ്ടെത്തിയ കുറ്റവാളികൾ നിയമത്തിന് മുന്നിൽ എത്തുമ്പോൾ ഇദ്ദേഹത്തിന് കണ്ണുനീർ അടക്കാനാകാത്തതും.
ആത്മഹത്യയെന്ന് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതിത്ത്ത്ത്തള്ളിയ അഭയ കേസ് കൊലപാതകമാണെന്ന് ആദ്യം തുറന്നുപറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥൻ സിബിഐ മുൻ ഡിവൈ.എസ്‌പി വർഗീസ് പി.തോമസ് ആണ്. അഭയ കേസ് സിബിഐ ഏറ്റെടുക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ വർഗീസ്. പി. തോമസ് ആയിരുന്നു. അഭയയുടെ മരണം കൊലപാതകമെന്ന് വർഗീസ്. പി. തോമസ് കണ്ടെത്തുകയും കേസ് ഡയറിയിൽ കൊലപാതകമെന്ന് രേഖപ്പെടുത്തുകയും ചെയ്തു.
അഭയ കേസ് ആത്മ്യഹത്യയാക്കി റിപ്പോർട്ട് തയ്യാറാക്കണമെന്ന് മേലുദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നു. സത്യത്തിനു നിരക്കാത്തത് ചെയ്യാൻ പറ്റില്ലെന്നു പറഞ്ഞതോടെ മേലുദ്യോഗസ്ഥരുടെ കണ്ണിലെ കരടായി ഈ ഉദ്യോഗസ്ഥൻ മാറുകയായിരുന്നു. ആത്മഹത്യയാക്കണമെങ്കിൽ കേസ് മറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്നു പറഞ്ഞെങ്കിലും ഇദ്ദേഹം തന്നെ റിപ്പോർട്ട് കൊടുക്കണമെന്ന് മേലുദ്യോഗസ്ഥൻ ശഠ്യം പിടിക്കുകയായിരുന്നു എന്നും വർഗീസ് പി തോമസ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.
പക്ഷേ അപ്രതീക്ഷിതമായി വർഗീസ്. പി. തോമസ് എന്ന അന്വേഷണ ഉദ്യോഗസ്ഥൻ സർവീസിൽ നിന്ന് രാജിവച്ചു. 1994 ജനുവരി 19നായിരുന്നു അത്. മേലുദ്യോഗസ്ഥനിൽ നിന്നുൾപ്പെടെ സമ്മർദ്ദം സഹിക്കാനാകാതെ വന്നതോടെ ആയിരുന്നു രാജി. പിന്നീട് ഡിവൈ.എസ്‌പി നന്ദകുമാർ നായർ (ഇപ്പോൾ എസ്‌പി.) കുറ്റപത്രം സമർപ്പിച്ചു. സിബിഐയിൽ 10 വർഷം കൂടി സർവീസ് ബാക്കി നിൽക്കെയായിരുന്നു രാജി. ഡി.ഐ.ജി റാങ്കിൽ വിരമിക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥനാണ് താൻ ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ പേരിൽ ഉദ്യോഗം വലിച്ചെറിഞ്ഞ് തലയുയർത്തിപ്പിടിച്ച് ജീവിച്ചത്. രാജിവച്ചതുമുതൽ പത്തനംതിട്ട പ്രമാടത്തെ വീട്ടിൽ വിശ്രമജീവിതത്തിലാണ് വർഗീസ് പി. തോമസ്.
വർഗീസ് പി തോമസിന്റെ കണ്ടെത്തലുകൾ ഇങ്ങനെ..
സാക്ഷികൾ പലരും കൂറുമാറിയെങ്കിലും, ശാസ്ത്രീയ തെളിവുകളാണ് അഭയ കൊല്ലപ്പെട്ടതാണെന്നു കണ്ടെത്താൻ അന്വേഷണ സംഘത്തെ സഹായിച്ചത്. അഭയ കിണറ്റിൽ ചാടി മരിച്ചുവെന്നാണ് പയസ് ടെൻത് കോൺവെന്റുകാർ പറഞ്ഞത്. മൃതദേഹം പുറത്തെടുത്തപ്പോൾ അഭയയുടെ തുടയുടെ പിൻഭാഗത്തെ തൊലി മുകളിലേക്ക് ഉരഞ്ഞ നിലയിലാണ് കാണപ്പെട്ടത്. കാൽ താഴേക്കായാണ് അഭയയുടെ ശരീരം കിണറ്റിലേക്കു വീണത്. കാൽ ഉരഞ്ഞതിന്റേതായിരുന്നു ആ മുറിവുകൾ.അത്തരത്തിൽ വീഴുന്നയാളുടെ തലയിൽ ഉച്ചിയിൽ പരിക്കുണ്ടാകില്ല. പക്ഷെ, അഭയയുടെ ഉച്ചിയിൽ നാല് ഇഞ്ചോളം നീളത്തിലും വ്യാസത്തിലും ആഴത്തിലുള്ള പരിക്കുണ്ടായിരുന്നു. അത് വീഴ്ചയിൽ ഉണ്ടായതല്ലെന്നു മനസ്സിലായി. ഭാരമുള്ള വസ്തുകൊണ്ട് അടിച്ചതിന്റേതായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു.
പഠിക്കാൻ പുലർച്ചെ എഴന്നേറ്റ് വെള്ളം കുടിക്കാൻ അടുക്കളയിലേക്കു പോയ അഭയയുടെ ചെരുപ്പുകൾ ഡൈനിങ് മുറിയിലെ തുറന്നു കിടന്ന ഫ്രിഡ്ജിനു സമീപത്തുണ്ടായിരുന്നു. തറയിൽ കിടന്ന, അടപ്പിൽ ദ്വാരമിട്ടിരുന്ന കുപ്പിയിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നുമുണ്ടായിരുന്നു. മുറിയോടു ചേർന്ന വർക്ക് ഏരിയയുടെ മൂലയ്ക്ക് ഒരു കൈക്കോടാലി എന്നും ചാരിവയ്ക്കാറുണ്ടായിരുന്നു. അഭയ കൊല്ലപ്പെട്ട ശേഷം അത് അവിടെ കണ്ടില്ല. പുറത്തേക്കുള്ള വാതിൽ വെളിയിൽ നിന്ന് ഒാടാമ്പലിട്ട് അടച്ച നിലയിലായിരുന്നു. ഇത്തരം തെളിവുകളും അഭയയുടെ മുറിയിൽ താമസിച്ച മറ്റ് സിസ്റ്റർമാരുടെ മൊഴികളും നിർണായകമായി.
ഒപ്പം ഫോറൻസിക് വിഭാഗത്തിന്റെ തെളിവുകളും സഹായകമായി.കേസിൽ ഉൾപ്പെട്ടവരെ അടുക്കള ഭാഗത്തു വച്ച് പുലർച്ചസമയത്ത് അഭയ കണ്ടതാണ് കൊലപാതകത്തിന് കാരണമായത്. ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും അഭയയ്ക്കുണ്ടായിരുന്നില്ല. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് അഭയയുടെ അപ്പനും അമ്മയും കോൺവെന്റിൽ ചെന്ന് അഭയയെ കണ്ടിരുന്നു. എന്നും ഡയറി എഴുതിയിരുന്ന അഭയ നിരാശയുള്ള മനോവ്യാപാരത്തിന്റെ ഒരു സൂചനയും കാട്ടിയിരുന്നില്ല.
അഭയ കേസ് നാൾവഴി
1992 മാർച്ച് 27: കോട്ടയം പയസ് ടെൻത്ത് കോൺവെന്റിലെ അന്തേവാസിനിയും ബി.സി.എം. കോളേജ് പ്രീ ഡിഗ്രി വിദ്യാർത്ഥിനിയുമായിരുന്ന സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കണ്ടെത്തി.
1993 ജനുവരി 30: അഭയയുടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി
1993 ഏപ്രിൽ 30: ആക്ഷൻ കൗൺസിലിന്റെ നിയമപോരാട്ടത്തിലൂടെ കേസ് ഹൈക്കോടതിയിലെത്തുകയും കേസന്വേഷണം സിബിഐ.യെ ഏൽപ്പിക്കുകയും ചെയ്തു.
1993 ഡിസംബർ 30: അന്വേഷണത്തിന് തുടക്കമിട്ട സിബിഐ. ഡിവൈ.എസ്‌പി. വർഗീസ് പി.തോമസ് രാജിവെച്ചു.
1994 ജൂൺ 02: സിബിഐ. ഡയറക്ടറായിരുന്ന കെ. വിജയരാമറാവുവിനെ ഒ.രാജഗോപാൽ, ഇ.ബാലാനന്ദൻ,പി.സി.തോമസ്, ജോമോൻ പുത്തൻപുരക്കൽ എന്നിവർ കണ്ട് നിവേദനം നൽകുന്നു. സി.ബി. ഐ. എസ്‌പി. വി. ത്യാഗരാജനെ മാറ്റി. ഡി.ഐ.ജി. എം.എൽ. ശർമയെ കേസ് ഏൽപ്പിക്കുന്നു.
1996 ഡിസംബർ 06: അഭയയുടെ മരണം കൊലപാതകമെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ലന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കുന്നു
1997 ജനുവരി 18: സിബിഐ. റിപ്പോർട്ട് തള്ളണമെന്ന് അപേക്ഷിച്ച് അഭയയുടെ അച്ഛൻ കോടതിക്ക് മുമ്പാകെ ഹർജി നൽകി
1997മാർച്ച് 20: പുതിയ അന്വേഷണം നടത്താൻ കോടതി ഉത്തരവ്
1999 ജൂലായ് 12: അഭയ കൊല്ലപ്പെട്ടതാണെന്ന് പുതിയ സംഘവും കണ്ടെത്തുന്നു. പക്ഷേ, തെളിവുകൾ നശിച്ചതിനാൽ പ്രതികളെ പിടിക്കാൻ കഴിയുന്നില്ലന്ന് കോടതിയെ ബോധിപ്പിച്ചു
2000ജൂൺ 23: സിബിഐ. ഹർജി കോടതി തള്ളി. രൂക്ഷ വിമർശനവും
2005 ഓഗസ്റ്റ് 21: കേസ് അവസാനിപ്പിക്കാൻ വീണ്ടും സിബിഐ. അനുമതി തേടി. 2006 ഓഗസ്റ്റ് 30-ന് ഈ ആവശ്യം നിരാകരിച്ചു. വീണ്ടും അന്വേഷിക്കാൻ നിർദ്ദേശം.
2007 ജൂൺ 11: കേസ് സിബിഐ പുതിയ സംഘത്തെ ഏൽപ്പിക്കുന്നു.
2007 ജൂലായ് 6: കേസിൽ ആരോപണവിധേയരായ മൂന്ന് പേരെയും മുൻ എഎസ്ഐ.യെയും നാർക്കോ അനാലിസിസിന് വിധേയമാക്കാൻ കോടതി ഉത്തരവിട്ടു.
2007 ഓഗസ്റ്റ് 3: നാർക്കോ അനാലിസിസിസ് നടത്തി.
2007 ഡിസംബർ 11: സിബിഐ. ഇടക്കാല റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ചു.
2008 നവംബർ 1: കൊച്ചി യൂണിറ്റ് സിബിഐ.ഡിവൈ.എസ്‌പി. നന്ദകുമാരൻ നായർ കേസ് ഏറ്റെടുത്തു.
2008 നവംബർ 19: ഫാ.തോമസ് കോട്ടൂർ,ഫാ.ജോസ് പൂതൃക്കയിൽ,സിസ്റ്റർ സ്റ്റെഫി എന്നിവരെ പ്രതികളായി കണ്ടെത്തി സിബിഐ. അറസ്റ്റ് ചെയ്തു.
2009 ജൂലായ് 17: കുറ്റപത്രം നൽകി
2018 മാർച്ച് 8: രണ്ടാം പ്രതിയായ ഫാ.ജോസ് പൂതൃക്കയിലിനെ കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.പ്രത്യേക സിബിഐ. കോടതിയുടെതാണ് ഉത്തരവ്. തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലതാണ് കോടതി കാരണമായി പറഞ്ഞത്.
2019 ഏപ്രിൽ 9: മുൻ ക്രൈംബ്രാഞ്ച് എസ്‌പി. കെ.ടി. മൈക്കിളിനെ തെളിവ് നശിപ്പിച്ച കേസിൽ നിന്ന് ഒഴിവാക്കി.സിബിഐ. കോടതി മൈക്കിളിനെ തെളിവ് നശിപ്പിച്ചതിന് പ്രതിയാക്കിയതാണ് ഇല്ലാതായത്. വിചാരണവേളയിൽ തെളിവ് കിട്ടിയാൽ പ്രതിയാക്കാം എന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം.
2019 ജൂലായ്15: പ്രതികളുടെ വിടുതൽ ഹർജി സുപ്രീം കോടതിയും തള്ളി.
2019 ഓഗസ്റ്റ് 5: പ്രതികളെ തിരുവനന്തപുരം സിബിഐ കോടതി കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. 26 -ന് വിചാരണ ആരംഭിച്ചു
2020 ഡിസംബർ 22: കേസിൽ പ്രതികൾ കുറ്റക്കാർ എന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിച്ചു. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.
മറുനാടന് ഡെസ്ക്