തിരുവനന്തപുരം:സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയിൽ പ്രതിഭാഗവും പ്രോസിക്യൂഷൻ വാദവും ഇന്ന് പൂർത്തിയായി.(ഡിസംബർ 10)സിബിഐ കോടതി ജഡ്ജി കെ.സനൽകുമാർ ഈ മാസം 22 ന് വിധി പറയും (ഡിസംബർ 22).കഴിഞ്ഞ വർഷം ഓഗസ്റ്റ് 26 നാണ് അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചത്.പ്രോസിക്യൂഷൻ സാക്ഷികളായി 49 പേരെയാണ് കോടതിയിൽ വിസ്തരിച്ചത്.പ്രതിഭാഗം സാക്ഷികളായി ഒരാളെ പോലും വിസ്തരിക്കുവാൻ പ്രതികൾക്ക് സാധിച്ചില്ല.

2008 നവംബർ 18 നാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്.2009 ജൂലൈ 17 നാണ് പ്രതികൾക്കെതിരെ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.ഫാ.തോമസ് കോട്ടൂർ.സിസ്റ്റർ സെഫി എന്നിവർക്കെതിരെയുള്ള വിചാരണയിലാണ് കോടതി വിധി ഈ മാസം 22 ന് പറയുന്നത്.രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടിരുന്നതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ ഉടൻ നൽകുമെന്ന് സിബിഐ പ്രോസിക്യൂട്ടർ കോടതിയെ ഇന്ന് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതികളുടെ വാദം പൂർത്തിയായത്. കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന്റെ വാദം പൂർത്തിയായതോടെയാണ് മുഴുവൻ പ്രതികളുടെയും വാദം പൂർത്തിയായത്. സംഭവത്തിൽ താൻ നിരപരാധിയാണെന്നും പ്രതി മറ്റാരോ ആണെന്നും കോട്ടൂർ കോടതിയിൽ പറഞ്ഞു.

കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്നും കോട്ടൂർ കോടതി മുൻപാകെ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ വാദത്തിന് പ്രോസിക്യൂഷൻ ഇന്ന് മറുപടി പറഞ്ഞു. അതിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നതിനായി കേസ് മാറ്റിയത്.

പ്രോസിക്യൂഷൻ രണ്ടാം സാക്ഷി സഞ്ചു.പി.മാത്യു വിചാരണയിൽകോടതിയിൽ പ്രതിഭാഗം കൂറുമാറിയതിനെതിരെ സിബിഐ സഞ്ചുവിനെതിരെ ക്രിമിനൽ കേസ് ഉടൻ സിബിഐ കോടതിയിൽഫയൽ ചെയ്യുമെന്നും പ്രോസിക്യൂട്ടർ കോടതിയെ ഇന്ന് അറിയിച്ചു.1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്.നീണ്ട 28 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സിബിഐ കോടതിയിൽ നിന്നും ഡിസംബർ 22ന്വിധി പറയാൻ ഇരിക്കുന്നത്.

പ്രതികൾ ഓരോ കാരണം ചൂണ്ടിക്കാട്ടി സുപ്രീം കോടതി വരെ പോയി സ്റ്റേ വാങ്ങി കോടതിയിൽ വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി സ്റ്റേ കാലാവധി ദീർഘിപ്പിച്ചു കൊണ്ടുപോയതാണ് വിചാരണ വൈകാൻ കാരണമായത്. നാർക്കോ പരിശോധന ഫലം തെളിവായി സ്വീകരിക്കരുതെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ മറ്റൊരു കേസിൽ പുറപ്പെടുവിച്ച വിധിന്യായവും ഈ കേസിൽ പ്രതികൾക്ക് തുണയായി.

വിചാരണക്കുണ്ടായ 28വർഷത്തെ കാലവിളംബത്തിനിടെ സിബി ഐ കുറ്റപത്രത്തിലെ രണ്ടും മൂന്നും സാക്ഷികളായ അഭയയുടെ പിതാവ് തോമസ് , മാതാവ് ലീലാമ്മ , ദൃക്‌സാക്ഷികളിലൊരാളായ ചെല്ലമ്മദാസ് , ഇടവക വികാരി ഫാദർ. തോമസ് ചാഴിക്കാട് , മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത , മരണകാരണം സംബന്ധിച്ച് വിദഗ്ധ അഭിപ്രായം നൽകിയ മുൻ പൊലീസ് സർജൻ ഡോ. ഉമാദത്തൻ എന്നിവർ മരണപ്പെട്ടു.