മൂന്നാർ: അഭിമന്യുവിന്റെ പേര് കേരളം എളുപ്പം മറക്കില്ല. ഒരുപറ്റം വർഗീയവാതികളുടെ കുത്തേറ്റു മഹാരാജാസ് കാമ്പസിൽ പിടഞ്ഞു വീണ എസ്എഫ്‌ഐ പ്രവർത്തകൻ. സിപിഎം ഏറ്റെടുത്ത ഈ കുടുംബത്തിൽ ഇന്നലെ നാട് കൊണ്ടാടിയ വിവാഹം നടന്നു. അഭിമന്യുവിന്റെ സഹോരദി കൗസല്യയുടെ വിവാഹമായിരുന്നു ഇന്നലെ വട്ടവടയിൽ നടന്നത്. മന്ത്രിമാർ അടക്കമുള്ള സിപിഎം നേതാക്കൾ കൂട്ടത്തോടെ എത്തിയ വിവാഹം നാടിന്റെ ആഘോഷമായി മാറുകയായിരുന്നു.

അഭിമന്യുവില്ലാത്ത വിവാഹച്ചടങ്ങിൽ സഹോദരി കൗസല്യയ്ക്ക് ആ സ്ഥാനത്തുനിന്ന് അർജുൻ കൃഷ്ണയാണ് മോതിരം ചാർത്തിയത്. അഭിമന്യുവിനൊപ്പം കാമ്പസിൽ കുത്തേറ്റു വീണ ഉറ്റ സുഹൃത്താണ് അർജുൻ. അഭിമന്യുവിനൊപ്പം എതിരാളികളുടെ ആക്രമണത്തിൽ അർജുൻ കൃഷ്ണയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. യാത്രചെയ്യരുതെന്ന ഡോക്ടർമാരുടെ വിലക്കുപോലും അവഗണിച്ചാണ് അർജുൻ വിവാഹത്തിനെത്തിയത്.

ആത്മസുഹൃത്ത് അഭിമന്യുവിന്റെ നീറുന്ന ഓർമകളുമായി സന്തത സഹചാരിയായിരുന്ന അർജുൻ വേദിയിൽവച്ച് സഹോദരനെന്നപോലെ കൗസല്യക്ക് മോതിരം സമ്മാനമായി നൽകിയത് ഏവരെയും വികാരനിർഭരരാക്കി. എസ്ഡിപിഐ - ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിനൊപ്പം മാരകമായി പരിക്കേറ്റ അർജുൻ ഒരുമാസത്തോളം തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. പിന്നീട് ആശുപത്രി വിട്ടെങ്കിലും യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ വട്ടവടയിൽ എത്തിയിരുന്നില്ല.

പകരം അച്ഛൻ മനോജിനെയും അമ്മ ജെമിനിയെയും അയച്ച് അഭിമന്യുവിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. പക്ഷേ പ്രിയ സുഹൃത്ത് മനസ്സിൽ കൊണ്ടുനടന്ന സ്വപ്‌നം യാഥാർഥ്യമാകുന്നതിന് സാക്ഷിയാകാൻ എത്തുകയായിരുന്നു. തലേദിവസം തന്നെ മഹാരാജാസിലെ 70-ഓളം കുട്ടികളോടൊപ്പം അർജുൻ വട്ടവടയിലെത്തി. അഭിമന്യുവിന്റെ മൃതദേഹം മറവുചെയ്തിടത്ത് ഒരുനിമിഷം അവർ നിന്നു. കുടുംബത്തിനൊപ്പമുണ്ടാകും എന്നു പറഞ്ഞു കൊണ്ടാണ് മഹാരാജാസുകാർ വിവാഹത്തിനെത്തിയത്.

കോവിലൂർ സ്വദേശി മധുസൂദനായിരുന്നു വരൻ. വട്ടവട ഊർക്കാട് കുര്യാക്കോസ് ഏലിയാസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഞായറാഴ്ചനടന്ന വിവാഹത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ചടങ്ങുകൾക്കുശേഷം സിപിഎം. കേന്ദ്രകമ്മിറ്റിയംഗം എം വിഗോവിന്ദൻ നൽകിയ താലിമാല മധുസൂദൻ കൗസല്യയുടെ കഴുത്തിൽ ചാർത്തി. മന്ത്രി എം.എം. മണി, സിപിഎം. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ജോയ്‌സ് ജോർജ് എംപി., ഗോപി കോട്ടമുറിക്കൽ, എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, എസ്.രാജേന്ദ്രൻ എംഎ‍ൽഎ., മഹാരാജാസ് കോളേജിലെ അദ്ധ്യാപകർ, അഭിമന്യുവിന്റെ സഹപാഠികൾ തുടങ്ങിയവർ പങ്കെടുത്തു.

കൊട്ടക്കമ്പൂർ, കോവിലൂർ, വട്ടവട നിവാസികളായ രണ്ടായിരത്തിലധികം പേർ വിവാഹത്തിലും സത്കാരത്തിലും പങ്കെടുത്തു. വിവാഹം ഓഗസ്റ്റിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ജൂലായ് രണ്ടിന് വെളുപ്പിന് കോളേജ് കാമ്പസിൽ ചുവരെഴുത്ത് നടത്തുന്നതിനിടെയാണ് അഭിമന്യു കുത്തേറ്റുമരിച്ചത്. തുടർന്ന് വിവാഹം മാറ്റിവെയ്ക്കുകയായിരുന്നു.