മൂന്നാർ: മഹാരാജാസ് കോളേജിൽ കുത്തേറ്റ് കൊലപ്പെട്ട വിദ്യാർത്ഥി നേതാവ് അഭിമന്യുവിന്റെ ഓർമ്മകൾ ഇപ്പോഴും കേരളത്തിന് ഒരു നീറ്റലാണ്. എന്നാൽ ഈ അവസരത്തിൽ ഏവർക്കും കണ്ണീരും സന്തോഷവും നൽകുന്ന വാർത്തയാണ് അഭിമന്യുവിന്റെ കുടുംബത്തിൽ നിന്നും ലഭിക്കുന്നത്. തന്റെ ഏറ്റവും വലിയ സ്വപ്‌നമായ സഹോദരി കൗസല്യയുടെ വിവാഹ ഒരുക്കങ്ങൾ അഭിമന്യുവിന്റെ ആത്മാവ് കണ്ട് ആനന്ദിക്കുന്നുണ്ടാവണം. ഈ മാസം പതിനൊന്നിന് വട്ടവട സ്‌കൂളിൽ വച്ച് കൗസല്യയുടെ വിവാഹം നടക്കും. സിപിഎമ്മിന്റെ നേതൃത്വത്തിൽ വിവാഹ ഒരുക്കങ്ങൾ പൂർത്തിയായിരിക്കയാണെന്ന വിവരം സന്തോഷത്തോടെയാണ് കേരളം സ്വീകരിച്ചത്.

ഒറ്റമുറി മാത്രമുണ്ടായിരുന്ന കൊട്ടക്കമ്പൂരിലെ വാടക കെട്ടിടത്തിൽ കഴിഞ്ഞിരുന്നപ്പോൾ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം നിരവധി സ്വപ്‌നങ്ങളും അഭിമന്യു നെയ്തു കൂട്ടിയിരുന്നു. എന്നാൽ വിധി മരണത്തിന്റെ രൂപത്തിലെത്തി ഈ വീടിന്റെ താളം തെറ്റിച്ചു. നിറയെ സ്വപ്‌നങ്ങൾ മനസിൽ കൊണ്ടു നടന്നയാളായിരുന്നു അഭിമന്യു. അതിൽ ഏറ്റവും വലതായിരുന്നു സഹോദരി കൗസല്യയുടെ വിവാഹവും സ്വന്തമായൊരു വീടും.

അഭിമന്യുവിന്റെ സ്വപ്നം ഗ്രാമത്തിന്റെ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് വട്ടവടയെന്ന കുടിയേറ്റ ഗ്രാമം. സ്വർണ്ണവും, വസ്ത്രങ്ങളും നേരത്തെ തന്നെ പാർട്ടി ഒരുക്കിയിട്ടുണ്ടെന്ന് അച്ഛൻ മനോഹരൻ പറഞ്ഞു. അഭിമന്യു കേരളത്തിന്റെ പുത്രനാണെന്നും അതുകൊണ്ട് തന്നെ കേരളം മുഴുവനും അഭിമന്യുവിന്റെ ഏറ്റവും വലിയ ആഗ്രഹമായ പെങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കണമെന്നും അമ്മ ഭൂപതി പറഞ്ഞു.

തങ്ങളുടെ മകൻ ഒപ്പമുണ്ടായിരുന്നെങ്കിൽ കൂടുതൽ സന്തോഷമാകുമായിരുന്നു. എല്ലാവരും തന്നെ ഒരു പെങ്ങളായി കണ്ടിട്ടുണ്ടെന്നാണ് വിചാരിക്കുന്നതെന്നും എല്ലാവരും കല്യാണത്തിൽ വരണമെന്നും സഹോദരി കൗസല്യ പറഞ്ഞു. ഗ്രാമത്തിന്റെ ആഘോഷമാക്കി കൗസല്യയുടെ വിവാഹം നടത്തുന്നതിനൊപ്പം അഭിമന്യവിന്റെ കുടുംബത്തിന് വേണ്ടി പാർട്ടി പണികഴിപ്പിക്കന്ന വീടിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണ്.

തെളിവ് നശിച്ചെന്ന് കുറ്റപത്രത്തിൽ പറഞ്ഞു; പിന്നീട് പൊലീസിന്റെ ഭാഗത്ത് നിന്നും മൗനം മാത്രം

മഹാരാജാസ് കോളെജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ തെളിവ് നശിപ്പിച്ചെന്ന് കുറ്റപത്രത്തിൽ വിശദീകരിച്ചതിന് ശേഷം അന്വേഷണത്തിൽ എ്ത് പുരോഗതിയുണ്ടായെന്ന് വെളിപ്പെടുത്തൽ പുറത്ത് വന്നില്ല.

അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോൾ ധരിച്ച വസ്ത്രങ്ങളും ആയുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെത്തുവാൻ കഴിയാത്ത വിധം നശിപ്പിച്ചെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത് വന്നു.

16 പ്രതികൾക്കെതിരെയുള്ള കുറ്റപത്രത്തിന്റെ പകർപ്പാണ് കഴിഞ്ഞ മാസം പുറത്ത് വന്നത്. ആദ്യം കുറ്റപത്രത്തിൽ ഉൾപ്പെട്ട ഏഴ് പേർ ഇപ്പോഴും ഒളിവിലാണ്. കോളെജിലെ മൂന്നാം വർഷ വിദ്യാർത്ഥിയും ക്യാംപസ് ഫ്രണ്ട് നേതാവുമായ മുഹമ്മദിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയ പ്രതികൾ പിന്നീട് അഞ്ച് ബൈക്കുകളിലാണ് ക്യാംപിന് പുറത്തെത്തിയത്.

കോളെജിന്റെ ചുറ്റുമതിലിൽ എസ്എഫ്‌ഐ പ്രവർത്തകർ എഴുതിയ ചുമരെഴുത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കോടതിയുടെ പരിഗണനയിലാണ്.