ചേർത്തല: മാറ്റത്തിന്റെ പാതയിലാണ് കോൺഗ്രസ്. പുതു നേതൃത്വത്തിലേക്കുള്ള മാറ്റം. കെ സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ ചില പ്രധാന പ്രഖ്യാപനങ്ങൾ എത്തി. യൂണിറ്റ് കമ്മറ്റി രൂപീകരണമായിരുന്നു അതിൽ പ്രധാനം. ഗാന്ധി ജയന്തി ദിനത്തിൽ അത് തുടങ്ങുകയും ചെയ്തു. സിപിഎമ്മിനെ വെല്ലുന്ന സംഘടനയായി കോൺഗ്രസിനെ മാറ്റാനാണ് നീക്കം.

പുന്നപ്ര വയലാറിലെ വിപ്ലവ മണ്ണിൽ പുതുചരിത്രമെഴുതി ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ഏറ്റവും പ്രായം കുറഞ്ഞ യൂനിറ്റ് കമിറ്റി പ്രസിഡന്റ്. 19 കാരി അഭിരാമിക്ക് സോഷ്യൽ മീഡിയകളിൽ അഭിനന്ദന പ്രവാഹം. ഇതിനൊപ്പം കണ്ണൂരിലും 19കാരൻ യൂണിറ്റ് പ്രസിഡന്റായി. അങ്ങനെ പുതു തലമുറയ്ക്ക് പുനഃസംഘടനകളിൽ മതിയായ പ്രധാന്യം കിട്ടുമെന്ന് ഉറപ്പായി. താഴെ തട്ടു മുതൽ പുനഃസംഘടിപ്പിച്ച് സംഘടനാ തെരഞ്ഞെടുപ്പാണ് കെപിസിസി നേതൃത്വത്തിന്റെ മനസ്സിലെ ലക്ഷ്യം.

അടിത്തട്ടിലെ പ്രവർത്തനങ്ങൾക്കായി രൂപം കൊടുത്ത യൂണിറ്റ് കമ്മിറ്റികളിൽ യുവാക്കൾക്കു പ്രാധാന്യം നൽകിയാണു കോൺഗ്രസിലെ ഇളമുറ പരീക്ഷണങ്ങൾക്കു തുടക്കം. എൻ.എസ്.എസ്. കോളേജിലെ ബി.എ. ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനിയാണ് അഭിരാമി. ഈ 19 വയസ്സുകാരി കോൺഗ്രസ് പട്ടണക്കാട് 21-ാം നമ്പർ ബൂത്തിലെ വന്ദേമാതരം യൂണിറ്റ് പ്രസിഡന്റാണ് ഇവർ. സംസ്ഥാനത്ത് ഇതുവരെയുള്ള കോൺഗ്രസ് ഭാരവാഹികളിൽ ഏറ്റവും പ്രായംകുറഞ്ഞ യൂണിറ്റ് ഭാരവാഹിയാണ് അഭിരാമിയെന്നാണു വിവരം.

പട്ടണക്കാട് ഒൻപതാം വാർഡ് അനന്തുഭവൻ അജി-ഷീബാ ദമ്പതിമാരുടെ മകളാണ്. കെപിസിസി. പ്രസിഡന്റ് കെ. സുധാകരനും ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദും അഭിരാമിയെ അഭിനന്ദനം അറിയിച്ചു. പഠനത്തോടൊപ്പം സമൂഹത്തിനും കോൺഗ്രസ് പ്രസ്ഥാനത്തിനും വേണ്ടി പ്രവർത്തിക്കുകയാണു ലക്ഷ്യമെന്ന് അഭിരാമി പറഞ്ഞു. ഗാന്ധിജയന്തി ദിനത്തിൽ യൂണിറ്റിന്റെ ജില്ലാതല ഉദ്ഘാടനം ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദും വന്ദേമാതരം യൂണിറ്റിന്റെ ഉദ്ഘാടനം കെപിസിസി. നിർവാഹകസമിതിയംഗം കെ.ആർ. രാജേന്ദ്രപ്രസാദും നിർവഹിച്ചു.

ജില്ലയിൽ വയലാർ ബ്ലോക്ക് കമ്മിറ്റിക്കു കീഴിലെ പട്ടണക്കാട്, വെട്ടയ്ക്കൽ മണ്ഡലം കമ്മിറ്റികളിലാണ് യൂണിറ്റ് കമ്മിറ്റികൾ രൂപവത്കരിച്ചു തുടക്കമിട്ടിരിക്കുന്നത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എൻ. അജയൻ, ഡി.സി.സി. ഭാരവാഹി ടി.എച്ച്. സലാം, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുജിതാ ദിലീപ്, എം.കെ. ജയപാൽ, പി.എം. രാജേന്ദ്രബാബു തുടങ്ങിയവർ അഭിരാമിയെ വീട്ടിലെത്തി ആദരിച്ചു.

കണ്ണൂരിലും പ്രായകുറഞ്ഞ ബൂത്ത് പ്രസിഡന്റ് എത്തുകയാണ് കോൺഗ്രസിൽ. പയ്യന്നൂരിലെ ഏറ്റവും പ്രായം കുറഞ്ഞ ബൂത്ത് കമ്മറ്റി പ്രസിഡന്റ് നവനീത് ഷാജിയാണ്. പയ്യന്നൂർ മണ്ഡലം 38-ം വാർഡിലെ 83-ം നമ്പർ ബൂത്ത് കമ്മിറ്റിയുടെ പ്രസിഡന്റുകാരന് വയസ് 19 മാത്രം. പയ്യന്നൂർ കോളേജ് ബിഎ ഹിന്ദി 3-ാം വർഷ ബിരുദ വിദ്യാർത്ഥിയാണ് നവനീത് ഷാജി.