- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേപ്പർ കട്ടറിൽ പുതിയ ബ്ലൈഡ് ഇട്ടത് എല്ലാം ആലോചിച്ചുറപ്പിച്ച്; നിതിനയുടേയും അമ്മയുടേയും ഫോണിൽ അശ്ലീലം അയച്ചും പ്രതികാരം; ഫോണിലെ 'യുവാവിന്റെ ചിത്രവും' കള്ളക്കഥ; അച്ഛനും അമ്മയക്കും മുമ്പിൽ തല ഇടിച്ചു പൊട്ടിച്ചതും വിഭ്രാന്തി; അഭിഷേകിന്റെ മൊഴി വിശ്വസിക്കാതെ പൊലീസ്; പാലാ കോളേജിലെ വില്ലനും സൈക്കോ
പാലാ: സഹപാഠിയായ വിദ്യാർത്ഥിനിയെ യുവാവ് കോളേജ് കാമ്പസിനുള്ളിൽ കഴുത്തുമുറിച്ചു കൊന്ന അഭിഷേക് ബൈജു പുറത്ത് മാന്യത കാട്ടി നടന്ന സൈക്കോ കൊലയാളി. നിതിനയുമായി അകന്ന സമയം അഭിഷേക് നിതിനയുടേയും അമ്മയുടേയും ഫോണിലേക്ക് അസഭ്യ മെസേജുകളും ഭീഷണി സന്ദേശവും അയച്ചിരുന്നു. മുൻകൂട്ടി തയ്യാറാക്കിയ സൈക്കോ കൊലപാതകമാണ് കോളേജിൽ നടന്നത്. മുമ്പ് വീട്ടുകാർക്ക് മുന്നിൽ തല ഇടിച്ചു പൊട്ടിച്ചതും മാനസിക വിഭ്രാന്തിക്ക് തെളിവാണ്. ആഗ്രഹിച്ചത് നേടിയേ അടങ്ങൂവെന്ന ക്രിമിനൽ മനസ്സാണ് നിതിന മോളുടെ ജീവൻ എടുത്തത്.
അഭിഷേക് ബൈജുവിന്റെ മൂന്ന് മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. അടുത്ത ദിവസങ്ങളിൽ കൂത്താട്ടുകുളത്ത കടയിലത്തിച്ചും തെളിവെടുപ്പ് നടത്തിയേക്കും. അഭിഷേകിന്റെ വീട്ടിൽ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തും. കൊലപാതകം മുൻകൂട്ടി നടത്തിയ പദ്ധതി പ്രകാരമെന്ന നിഗമനത്തിൽ പൊലീസ് എത്തി കഴിഞ്ഞു. പെൺകുട്ടിയെ കൊലപ്പെടുത്തണം എന്ന് ഉദ്യേശിച്ചിരുന്നില്ല എന്നാണ് പ്രതിയായ അഭിഷേക് ബൈജു മൊഴി നൽകുന്നത്. ഇത് കള്ളമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നിതിന മോളെ കൊലപ്പെടുത്താനായി ഉപയോഗിച്ച പേപ്പർ കട്ടറിൽ ഇടുന്നതിനായി അഭിഷേക് ഒരാഴ്ച മുമ്പ് കൂത്താട്ടുകുളത്തെ ഒരു കടയിൽനിന്നും പുതിയ ബ്ലേഡ് വാങ്ങിയിരുന്നു. പഴയ ബ്ലേഡിന് മൂർച്ഛ പോരെന്ന് തോന്നിയതിനാലാണ് പുതിയ ബ്ലേഡ് വാങ്ങിയത്. ഇതിനൊപ്പമാണ് മെസേജ് അയയ്ക്കൽ. നിതിനയുമായി അകന്ന സമയം അഭിഷേക് നിതിനയുടേയും അമ്മയുടേയും ഫോണിലേക്ക് അസഭ്യ മെസേജുകളും ഭീഷണി സന്ദേശവും അയച്ചിരുന്നു. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്നലയാണ് പാലാ സെയ്ന്റ് തോമസ് കോളേജ് വിദ്യാർത്ഥിനി നിതിനാ മോളെ സഹപാഠി കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനായിൽ പുത്തൻപുരയ്ക്കൽ അഭിഷേക് ബൈജു കഴുത്തറുത്തുകൊലപ്പെടുത്തിയത്. കോളേജിൽ വെള്ളിയാഴ്ച രാവിലെ 11.25-നായിരുന്നു സംഭവം. പെൺകുട്ടി അമ്മ കളപ്പുരയ്ക്കൽ കെ. ബിന്ദുവിനോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് കൊലപാതകം. പഞ്ചഗുസ്തി ചാമ്പ്യനായ പ്രതി കൊലപാതകത്തിനുശേഷം ചോരതുടച്ച് സമീപത്ത് അക്ഷോഭ്യനായി ഇരുന്നു. സൈക്കോയ്ക്ക് സമാനമായിരുന്നു ഇടപെടൽ.
മൂന്നാംവർഷ ബി.വോക് ഫുഡ് പ്രോസസിങ് ടെക്നോളജി വിദ്യാർത്ഥികളാണ് ഇരുവരും. വെള്ളിയാഴ്ച അവസാന സെമസ്റ്ററിന്റെ ആദ്യ ദിനത്തിലെ പരീക്ഷ കഴിഞ്ഞാണ് സംഭവം. 9.30 മുതൽ 12.30 വരെയായിരുന്നു പരീക്ഷ. 11 മണിയോടെ അഭിഷേക് പുറത്തിറങ്ങി വഴിയിൽ നിന്നു. പരീക്ഷ കഴിഞ്ഞ് പുറത്തേക്കു പോവുകയായിരുന്ന നിഥിനയുടെ ഫോൺ അഭിഷേക് കൈമാറി. ഇത് നേരത്തേ യുവാവ് പിടിച്ചുവാങ്ങിക്കൊണ്ടുപോയതായിരുന്നു. ഈ ഫോണിൽ നിഥിന അമ്മയോടു സംസാരിക്കവേ അഭിഷേക് നീരസം പ്രകടിപ്പിക്കുകയും കയർക്കുകയും ചെയ്തു.
പ്രണയം തുടരാൻ അഭ്യർത്ഥിക്കാനും അതിനു വഴങ്ങിയില്ലെങ്കിൽ സ്വന്തം കൈത്തണ്ട മുറിച്ചു ഭീഷണിപ്പെടുത്താനുമാണു തീരുമാനിച്ചിരുന്നതെന്നാണ് അഭിഷേക് പൊലീസിന് മൊഴി നൽകിയത്. കൈത്തണ്ട മുറിക്കുമ്പോൾ സഹതാപം പിടിച്ചു പറ്റാമെന്നു കരുതി. ക്യാംപസിൽവച്ചു സംസാരിക്കാൻ ശ്രമിച്ചെങ്കിലും നിതിന ഒന്നും മിണ്ടിയില്ല. ഇതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നും അഭിഷേക് വിശദീകരിച്ചു. വീട്ടുകാർക്ക് ഈ ബന്ധത്തോടു താൽപര്യമില്ലായിരുന്നു. പക്ഷേ പിന്മാറിയില്ല. ഒരു വർഷം മുൻപ് നിതിനമോൾ തന്റെ വീട്ടിൽ എത്തിയിരുന്നതായും മൊഴിയിലുണ്ട്. അഭിഷേകിനേക്കാൾ പ്രായമുണ്ട് പെൺകുട്ടിക്ക്. പ്രണയത്തെ അനുകൂലിച്ചിരുന്നില്ല എന്ന് അഭിഷേകിന്റെ പിതാവ് യു.സി.ബൈജുവും പൊലീസിനു മൊഴി നൽകി.
പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന വിവരം അഭിഷേകിന്റെ വീട്ടിൽ അറിഞ്ഞപ്പോൾ തന്നെ പ്രശ്നമായി. ഒന്നര വർഷം മുൻപാണു വീട്ടിൽ അറിഞ്ഞത്. ഈ ബന്ധത്തിൽനിന്നു പിന്മാറാൻ പലതവണ ഉപദേശിച്ചു. ഇതെച്ചൊല്ലി വഴക്ക് ഉണ്ടായി. ഒരിക്കൽ എതിർപ്പു പ്രകടിപ്പിച്ചപ്പോൾ അഭിഷേക് തല ശക്തമായി ഭിത്തിയിലിടിച്ചു മുറിവുണ്ടാക്കി. നെറ്റിയിൽ ഉണ്ടായ വലിയ മുറിവിനു തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇക്കാര്യങ്ങൾ അഭിഷേകിന്റെ അച്ഛനും സമ്മതിച്ചിട്ടുണ്ട് പൊലീസിനോട്. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചെറിയ സൂചന ഉണ്ടായിരുന്നു.ഈ ബന്ധം നമുക്കു പറ്റിയതല്ലെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പറഞ്ഞു. എന്നത്തെയും പോലെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു തന്നെയാണ് അഭിഷേക് ഇറങ്ങിയത്. പെരുമാറ്റത്തിൽ മറ്റ് അസ്വഭാവികത ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും അച്ഛൻ വിശദീകരിച്ചു.
കഴുത്തിൽ ആഴത്തിൽ നിതിനയെ മുറിവേൽപ്പിക്കുകയായിരുന്നു അഭിഷേക്. നിതിനയെ കോളജ് പ്രിൻസിപ്പലും മറ്റ് ജീവനക്കാരും ചേർന്ന് ഉടൻ സമീപത്തെ മരിയൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ സമയമെല്ലാം കൂസലില്ലാതെ സമീപത്തെ തിട്ടയിലിരുന്ന അഭിഷേകിനെ കോളജ് ജീവനക്കാരും മറ്റ് വിദ്യാർത്ഥികളും തടഞ്ഞുവച്ച് പൊലീസിനു കൈമാറി. ബിന്ദുവാണു നിതിനയുടെ അമ്മ. ഏകമകളായിരുന്നു. നിതിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയമാണ് ക്രൂരകൃത്യത്തിലേക്കെത്തിച്ചതെന്നാണ് അഭിഷേകിന്റെ മൊഴി.
മറ്റൊരു യുവാവുമൊത്തുള്ള ചിത്രങ്ങൾ ഫോണിൽ കണ്ടതിനെക്കുറിച്ച് കൃത്യമായ മറുപടി ലഭിച്ചില്ലെന്നും മൊഴിയിൽ പറയുന്നു. ഇതൊന്നും പൊലീസ് വിശ്വസിച്ചിട്ടില്ല. അഭിഷേകിന്റെ സൈക്കോ സ്വഭാവം മനസ്സിലാക്കിയാണ് നിതിന അകലം പാലിച്ചതെന്നാണ് സൂചന. വീട്ടിൽ തല ഇടിച്ച് പൊട്ടിച്ചത് അറിഞ്ഞതോടെയാണ് അകൽച്ച കാട്ടി തുടങ്ങിയത്. ഇതാണ് പ്രകോപനമായത്.
മറുനാടന് മലയാളി ബ്യൂറോ