- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹന വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കില്ല; പ്രളയത്തിൽ മുങ്ങിയ റാന്നിയിലെ വ്യാപാരികളെ സർക്കാർ പറ്റിച്ചു; പ്രഖ്യാപിച്ച 10 ലക്ഷം നൽകില്ല; വിട്ടു വീഴ്ചയില്ലാതെ ബാങ്കുകൾ; വേണമെങ്കിൽ ഓംബുഡ്സ്മാനെ സമീപിച്ചോളാൻ നിർദ്ദേശം: വീണ്ടും സമരം തുടങ്ങി വ്യാപാരികൾ
പത്തനംതിട്ട: പ്രളയത്തിൽ മുങ്ങി കുത്തുപാളയെടുത്ത റാന്നിയിലെ വ്യാപാരികളെ കടക്കെണിയിൽ മുക്കി കൊല്ലാൻ ബാങ്കുകളും സർക്കാരും. പ്രളയ ദിനങ്ങളിൽ പ്രഖ്യാപിച്ച മോഹന സുന്ദര വാഗ്ദാനങ്ങളെല്ലാം സർക്കാർ മറന്നു. ബാങ്കുകളുടെ ഉറപ്പും പാഴായി. കടക്കെണിയിൽ മുങ്ങി ജീവിതം പെരുവഴിയിലായ വ്യാപാരികൾ നീതി തേടി ഇന്നു മുതൽ വീണ്ടും സമരം തുടങ്ങി. പ്രളയത്തിൽ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടതിനു പുറമെ ഒന്നര മാസമായിട്ടും വ്യാപാരം പുനഃസ്ഥാപിക്കാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലായ വ്യാപാരികളാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സമരം തുടങ്ങുന്നത്. ഒരാഴ്ച മുമ്പ് വ്യാപാരി സംഘടനയുടെ പിന്തുണയോടെ നിരാഹാരസമരത്തിനു തുടക്കമിടുകയും ജില്ലാകലക്ടറുടെ ഇടപെടലിനെ തുടർന്ന് മണിക്കൂറുകൾക്കകം സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. അന്നു സത്യഗ്രഹം തുടങ്ങിയ തോട്ടമൺ ഇടശേരിൽ എബി സ്റ്റീഫന്റെ കുടുംബമാണ് രണ്ടാം നിരാഹാരസമരം അനുഷ്ഠിക്കുന്നത്. സമരത്തിന്റെ ഭാഗമായി റാന്നി മേഖലയിലെ വ്യാപാരികൾ ഇന്ന് ഉച്ചവരെ കടകൾ അടച്ചിടും. റാന്നിയിലെ വ്യാപാരികൾക്ക് പ്രളയ
പത്തനംതിട്ട: പ്രളയത്തിൽ മുങ്ങി കുത്തുപാളയെടുത്ത റാന്നിയിലെ വ്യാപാരികളെ കടക്കെണിയിൽ മുക്കി കൊല്ലാൻ ബാങ്കുകളും സർക്കാരും. പ്രളയ ദിനങ്ങളിൽ പ്രഖ്യാപിച്ച മോഹന സുന്ദര വാഗ്ദാനങ്ങളെല്ലാം സർക്കാർ മറന്നു. ബാങ്കുകളുടെ ഉറപ്പും പാഴായി. കടക്കെണിയിൽ മുങ്ങി ജീവിതം പെരുവഴിയിലായ വ്യാപാരികൾ നീതി തേടി ഇന്നു മുതൽ വീണ്ടും സമരം തുടങ്ങി.
പ്രളയത്തിൽ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടതിനു പുറമെ ഒന്നര മാസമായിട്ടും വ്യാപാരം പുനഃസ്ഥാപിക്കാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലായ വ്യാപാരികളാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സമരം തുടങ്ങുന്നത്. ഒരാഴ്ച മുമ്പ് വ്യാപാരി സംഘടനയുടെ പിന്തുണയോടെ നിരാഹാരസമരത്തിനു തുടക്കമിടുകയും ജില്ലാകലക്ടറുടെ ഇടപെടലിനെ തുടർന്ന് മണിക്കൂറുകൾക്കകം സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. അന്നു സത്യഗ്രഹം തുടങ്ങിയ തോട്ടമൺ ഇടശേരിൽ എബി സ്റ്റീഫന്റെ കുടുംബമാണ് രണ്ടാം നിരാഹാരസമരം അനുഷ്ഠിക്കുന്നത്. സമരത്തിന്റെ ഭാഗമായി റാന്നി മേഖലയിലെ വ്യാപാരികൾ ഇന്ന് ഉച്ചവരെ കടകൾ അടച്ചിടും.
റാന്നിയിലെ വ്യാപാരികൾക്ക് പ്രളയം കോടിക്കണക്കിനു രൂപയുടെ നാശം വരുത്തിയിട്ടും കൃത്യമായ കണക്കു ശേഖരിക്കാൻ പോലും ഇതുവരെ സർക്കാർ വകുപ്പുകൾ തയ്യാറായിട്ടില്ല. ബാങ്കുകളിൽ നിന്നും വായ്പയെടുത്തവർക്ക് വ്യാപാര സ്ഥാപനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയില്ല. വായ്പകൾ തിരിച്ചടയ്ക്കാൻ സാവകാശം, ആറു മാസത്തെ വൈദ്യുതി ബില്ലിൽ ഇളവ്, നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് ആനുപാതികമായ നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
നിരാഹാരസമരം അനുഷ്ഠിക്കുന്ന യുവവ്യാപാരി എബി സ്റ്റീഫന്റെ ഏഴു കടകളിലും വീട്ടിലുമാണ് പ്രളയജലം കയറിയത്. ഇതിൽ ചെറിയതോതിൽ ബേക്കറി മാത്രമാണ് ഇതുവരെ ആയിട്ടും തുറന്നു പ്രവർത്തിക്കാനായത്. ഒരു കോടിയോളം രൂപയുടെ വായപയുള്ള സ്ഥാപനങ്ങളാണ് എബിക്കും കുടുംബത്തിനും ഉള്ളത്. വെള്ളം കയറിയതു മൂലം വീട്ടിലും തുണിക്കട അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിലുമായി ഒന്നരകോടിയോളം രൂപയുടെ നാശനഷ്ടമാണ് ഇദ്ദേഹത്തിന് ഉണ്ടായിട്ടുള്ളത്. എബിയുടേതടക്കം റാന്നിയിലെ വ്യാപാരികൾക്ക് 70 കോടി രൂപയുടെ നഷ്ടമാണ് പ്രളയം വരുത്തിവച്ചത്. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം ഉണ്ടായ വ്യാപാരികൾക്ക് ചില്ലിക്കാശിന്റെ പ്രയോജനം ഉണ്ടാകുമെന്ന് ഉറപ്പു നൽകാൻ ജില്ലാ കലക്ടർക്കോ എംഎൽഎയ്ക്കോ കഴിഞ്ഞില്ല. പകരം കടകൾ ഇൻഷ്വർ ചെയ്യാതിരുന്നതിന്റെ ഉത്തരവാദിത്വം ബോധപൂർവം വ്യാപാരികളുടെ തലയിൽ കെട്ടിവച്ച് ബാങ്കുകൾ പ്രതി സ്ഥാനത്തു നിന്നും വാദികളായി.
ഓഗസ്റ്റ് പതിന്നാലിനു രാത്രി മുതലാണ് റാന്നി പെരുമ്പുഴ, മാമുക്ക്, പേട്ട, പുളിമുക്ക്, ഇട്ടിയപ്പാറ, ചെത്തോങ്കര തുടങ്ങിയ സ്ഥലങ്ങളിലെ കടകളിൽ പ്രളയജലം കയറിയത്. മുന്നറിയിപ്പില്ലാതെ ഡാം തുറന്നു വിട്ടത് അറിയാതെ വ്യാപാരികൾ ദൂരെ സ്ഥലങ്ങളിലുള്ള വീടുകളിൽ ഉറക്കത്തിലായിരിക്കുമ്പോഴായിരുന്നു അവരുടെ ജീവിത സമ്പാദ്യവും ഭാവിയും തകർത്ത് കടകൾ വെള്ളത്തിൽ മുങ്ങിയത്. ചിലർക്ക് കടകളിൽ എത്താനായെങ്കിലും നാമമാത്രമായ സാധനങ്ങൾ മാത്രമായിരുന്നു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനായത്.
എഴുന്നൂറിലധികം വ്യാപാര സ്ഥാപനങ്ങളിലാണ് മേഖലയിൽ വെള്ളം കയറിയത്. ദശലക്ഷക്കണക്കിനു മുതൽ കോടിക്കണക്കിനു രൂപയുടെ നഷ്ടം ഇവിടുത്തെ വ്യാപാരികൾക്ക് ഉണ്ടായി. വീടുകളിൽ വെള്ളം കയറിയവർക്ക് പതിനായിരം രൂപയെങ്കിലും ധനസഹായം ലഭിച്ചെങ്കിൽ റാന്നിയിലെ വ്യാപാരികൾക്കു ലഭിച്ചത് വട്ടപ്പൂജ്യമാണ്. വൻ തോതിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാതിരുന്നതാണ് കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ഏറെ വിമർശനത്തിന് ഇടയാക്കിയത്. വ്യാപാരികളിൽ ഭൂരിഭാഗത്തിനും ഏതെങ്കിലും ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ ഉള്ളവരാണ്. അത് കാലാവധി കഴിയുമ്പോൾ പുതുക്കി എടുക്കാറുമുണ്ട്. വ്യാപാരികൾ അവരുടെ സ്ഥാപനത്തിന്റെ ആവശ്യത്തിലേക്ക് വായ്പ എടുക്കുമ്പോൾ സ്ഥാപനത്തിന് ബാങ്ക് ഇൻഷുറൻസ് എടുക്കാറുണ്ടായിരുന്നു. ഇത് വായ്പ നൽകുന്ന ബാങ്കുകളുടെ ചുമതലയിലാണ് മുൻകാലങ്ങളിൽ നടന്നിരുന്നത്. സ്വയം പരിരക്ഷ ഉറപ്പാക്കാമെന്നു ബാങ്കിനെ ബോധ്യപ്പെടുത്തുന്ന സ്ഥാപനങ്ങളെ മാത്രമാണ് അവർ ഒഴിവാക്കിയിട്ടുള്ളത്.
വായ്പയ്ക്കുള്ള പലിശ ഈടാക്കുമ്പോൾ ഇൻഷുറൻസിനുള്ള തുക കൂടി ചേർത്താണ് ധനകാര്യ സ്ഥാപനങ്ങൾ വാങ്ങിയിരുന്നത്. വായ്പ എടുത്ത എല്ലാ വ്യാപാരികളുടേയും ധാരണ അവരുടെ സ്ഥാപനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്നായിരുന്നു. എന്നാൽ വെള്ളപ്പൊക്കം കഴിഞ്ഞ് ഇൻഷുറൻസ് സ്ഥാപനങ്ങളെ സമീപിച്ചപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് അവർക്ക് ബോധ്യമായത്. റാന്നിയിലെ പല ബാങ്കുകളും വായ്പയെടുത്ത വ്യാപാരികളുടെ സ്ഥാപനങ്ങളെ ഇൻഷുർ ചെയ്യുകയോ പരിരക്ഷ ഇല്ലെന്ന കാര്യം മുൻകൂട്ടി അവരെ അറിയിക്കുകയോ ചെയ്തിട്ടില്ലായിരുന്നു. വ്യാപാരികൾക്ക് കുറച്ചെങ്കിലും നഷ്ടപരിഹാരം ഇൻഷ്വറൻസ് കമ്പനികളിൽ നിന്നും ലഭിക്കുമായിരുന്നത് നഷ്ടമാക്കിയ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി വേണമെന്ന് യോഗത്തിൽ ശക്തമായ വാദം ഉന്നയിച്ചു. കോർപ്പറേഷൻ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയ്ക്കെതിരെ ആയിരുന്നു ആരോപണങ്ങളിൽ ഏറെയും. എന്നാൽ ഇൻഷുറൻസ് എടുക്കാതിരുന്നതിന്റെ ഉത്തരവാദിത്വം വ്യാപാരികളുടെ തലയിൽ കെട്ടിവച്ച് ബാങ്കുകൾ കൈകഴുകുകയാണ് ഉണ്ടായത്. ഇതിൽ റാന്നിയിലെ വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലാണ്.
വ്യാപാരികളുടെ നഷ്ടത്തിന്റെ യഥാർഥ കണക്കു പോലും ഇപ്പോഴും സർക്കാരിന്റെ പക്കൽ ഇല്ലെന്നതാണ് വാസ്തവം. സർക്കാർ പുതിയ ഡാറ്റാ ശേഖരണം നടത്തുമ്പോൾ വ്യവസായ വകുപ്പ് ഇതുസംബന്ധിച്ച് വിവരശേഖരണം നടത്തുമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. വെള്ളം കയറിയ വ്യാപാര സ്ഥാപനങ്ങളെ വൈദ്യുതി ബില്ലിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യത്തിന് കെഎസ്ഇബി അധികൃതരിൽ നിന്നും അനുകൂല മറുപടിയാണ് ഉണ്ടായത്. പ്രളയത്തിനു ശേഷം കടകൾ കഴുകി വൃത്തിയാക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കൂടുതൽ വൈദ്യുതി ഉപയോഗിച്ചതിന്റെ ബില്ലിൽ പരമാവധി ഇളവിനുള്ള നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട പ്രതിനിധി യോഗത്തെ അറിയിച്ചു. സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം വ്യാപാരിക്കു കിട്ടുമോ എന്ന ചോദ്യത്തിന് പ്രതീക്ഷയ്ക്കു വകയില്ലാത്ത മറുപടിയാണ് ഉണ്ടായത്.
എന്നാൽ മൂന്നു ലക്ഷം രൂപ വീതം ലഭിക്കുന്ന പ്രൊപ്പോസൽ അംഗീകരിച്ചാൽ വ്യാപാരിക്കു പ്രയോജനം ലഭിക്കുമെന്ന് ജനപ്രതിനിധിയും യോഗത്തെ അറിയിച്ചു. പരാതിയുണ്ടെങ്കിൽ ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കൂ എന്ന ധിക്കാരപരമായ മറുപടിയാണ് ബാങ്ക് അധികൃതർ നൽകിയത്. ഏറെ പ്രതീക്ഷയോടെ യോഗത്തിനു പോയ വ്യാപാരികൾ പൂർണ നിരാശയിലാണ് മടങ്ങിയത് എന്നതാണ് യാഥാർഥ്യം.