- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് മഞ്ചേശ്വരം സ്വദേശികളുടെ 40 ലക്ഷം രൂപയുടെ ഇടപാടുകൾ; അബൂബക്കർ സിദ്ദീഖിനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയവരെ തിരിച്ചറിഞ്ഞു; ക്വട്ടേഷൻ സ്വീകരിച്ച ഒരു പ്രതിയുടെ വീട്ടിൽ നിന്ന് നാലര ലക്ഷം രൂപ പിടിച്ചെടുത്തെന്ന് എസ്‌പി; പുറത്തു വരുന്നത് മനസ്സാക്ഷിയെ നടുക്കുന്ന അരുംകൊലയുടെ വിവരങ്ങൾ
കാസർകോട്: കാസർകോട് പ്രവാസി യുവാവിനെ കൊലപ്പെടുത്തി കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കൊലപാതകത്തിന് പിന്നിൽ ആരെന്നും ക്വാട്ടേഷൻ ആക്രമണത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്നും വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. രണ്ട് പ്രതികളുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം കാസർകോട് എസ്‌പി വൈഭവ് സക്‌സേന മാധ്യമങ്ങളോട് പറഞ്ഞു.
40 ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് അരുംകൊല ഉണ്ടായാതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ക്വട്ടേഷൻ സ്വീകരിച്ച ഒരു പ്രതിയുടെ വീട്ടിൽ നിന്ന് നാലര ലക്ഷം രൂപ പിടിച്ചെടുത്തെന്നും എസ്‌പി പറഞ്ഞു. തലച്ചോറിനേറ്റ ക്ഷതമാണ് പ്രവാസി അബൂബക്കർ സിദ്ദീഖിന്റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. അരയ്ക്ക് താഴെ നിരവധി തവണ മർദിച്ച പാടുകളുണ്ട്. പേശികൾ അടിയേറ്റ് ചതഞ്ഞു. ക്ഷതം മനസിലാക്കാൻ പ്രത്യേക പരിശോധന നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ക്വട്ടേഷൻ സംഘം ക്രൂരമായാണ് മർദ്ദിച്ചതെന്ന് കൊല്ലപ്പെട്ട അബൂബക്കർ സിദ്ദീഖിന്റെ സഹോദരൻ അൻവറും സുഹൃത്ത് അൻസാരിയും പറഞ്ഞു. തലകീഴായി കെട്ടിത്തൂക്കിയാണ് മർദ്ദിച്ചത്. പൈവളിഗ നുച്ചിലയിലെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചാണ് അൻവർ ഹുസൈനെയും അൻസാരിയേയും ക്വട്ടേഷൻ സംഘം ക്രൂരമായി മർദ്ദിച്ചത്.
കൊല്ലപ്പെട്ട സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദീഖിന്റെ ശരീരത്തിലെ പേശികൾ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായിരുന്നതായി മൃതദേഹ പരിശോധനാ റിപ്പോർട്ട്. കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാൽ മാത്രമേ ശരീരം ഇത്തരത്തിലാവുകയുള്ളൂവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാൽവെള്ളയിലും പിൻഭാഗത്തുമായിരുന്നു അടികളെല്ലാം. അതിനിടയിൽ തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദീഖിന്റെ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. സിദ്ദീഖിന്റെ സഹോദരൻ അൻവറും സുഹൃത്ത് അൻസാരിയും ക്രൂരപീഡനത്തിന് ഇരയായി.
തലകീഴായി മരത്തിൽ കെട്ടിയിട്ട് തന്നെ മർദിക്കുകയായിരുന്നെന്ന് കുമ്പള സഹകരണ ആശുപത്രിയിൽ കഴിയുന്ന മുഗു സ്വദേശി അൻസാരി പറഞ്ഞു. വെള്ളിയാഴ്ചയാണ് അൻവറിനൊപ്പം അൻസാരി ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിലായത്. പൈവളിഗെയിലെ വീടിന്റെ ഒന്നാം നിലയിൽവെച്ചും ബോളംകളയിലെ കാട്ടിൽവെച്ചും തന്നെ സംഘം മർദിച്ചതായും അൻസാരി പറഞ്ഞു.
പണം എന്തു ചെയ്തെന്ന് ചോദിച്ചായിരുന്നു മർദനം. അതിനിടയിൽ സംഘത്തിന്റെ നിർദേശമനുസരിച്ച് വീട്ടിലേക്ക് ഫോൺ വിളിച്ച് സുരക്ഷിതരായി ഒരിടത്തുണ്ടെന്ന് പറഞ്ഞു. സിദ്ദിഖിനെ വിളിച്ച് നാട്ടിലെത്താനും ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ബോളംകളയിലെ കുന്നിൻപുറത്ത് സിദ്ദീഖിനെ മരത്തിൽ കെട്ടി ഒരുസംഘം മർദിച്ചു. രാത്രിയായതോടെ പണത്തിന്റെ കാര്യത്തിൽ തീരുമാനമായെന്ന് പറഞ്ഞ് തന്നെയും അൻസാരിയെയും ഒരു വാഹനത്തിൽ കയറ്റി പൈവളിഗെയിൽ ഇറക്കിവിടുകയായിരുന്നെന്ന് അൻവർ പറഞ്ഞു. 1500 രൂപയും സംഘം നൽകി. അവിടെനിന്ന് ഓട്ടോയിൽ ബന്തിയോട് എത്തിയപ്പോഴാണ് സിദ്ദീഖ് കൊല്ലപ്പെട്ട വിവരമറിയുന്നത്.
പൈവളിഗെ നുച്ചിലയിൽ പ്രതികൾ തങ്ങിയ വീട് പൊലീസും വിരലടയാളവിദഗ്ധരം ചൊവ്വാഴ്ച പരിശോധിച്ചു. രണ്ട് മഞ്ചേശ്വരം സ്വദേശികളുടെ 40 ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. പണം തിരിച്ചുപിടിക്കാൻ അവർ പൈവളിഗെയിൽനിന്നുള്ള ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടുകയായിരുന്നെന്നും പൊലീസ് കണക്കുകൂട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ