പിണങ്ങോട്: എട്ടാം വയസ്സിൽ പിരിഞ്ഞു പോയ ഇരിട്ടിക്കാരൻ ജോർജ് സഹോദരങ്ങളെ കണ്ട് മുട്ടിയത് ആറ് പതിറ്റാണ്ടുകൾക്കിപ്പുറം. അറുപത് വർഷങ്ങൾക്കിപ്പുറമുള്ള ആ സഹോദര ബന്ധത്തിന് സാക്ഷികളായത് ജോർജ് എന്ന അബൂബക്കറിന്റെയും സഹോദരി ഗ്രേസിയുടേയും മാത്യുവിന്റെയും മക്കളും മരുമക്കളും ചെറുമക്കളും എല്ലാം. ആ കൂടിച്ചേരലിൽ അബൂബക്കർ വർഷങ്ങളോളം കടലായി കൊണ്ടു നടന്ന വിഷമങ്ങൾ എല്ലാം അലിഞ്ഞില്ലാതായി.

ആറുപതിറ്റാണ്ടുകൾക്കിപ്പുറം ജോർജ് (68) ഇന്ന് അബൂബക്കറാണ്. ഇരിട്ടി പടിയൂരിൽ പുത്തൻപറമ്പിൽ ചാക്കോയുടെയും മറിയത്തിന്റെയും പത്തു മക്കളിൽ ഒൻപതാമനായ ജോർജ് എട്ടാം വയസ്സിലാണ് കൂടുപ്പിറപ്പുകളെ ഉപേക്ഷിച്ച് വീടുവിട്ടത്. ഇവരുടെ അമ്മ നന്നേ ചെറുപ്പത്തിലേ മരിച്ചു. ഇതോടെ ജോർജിന്റേയും സഹോദരി ഗ്രേസിയുടെയും ജീവിതം ഇടുക്കി വണ്ടിപ്പെരിയാറിലുള്ള് അമ്മാവന്റെ വീട്ടിലേക്ക് പറിച്ചു നട്ടു.

അമ്മയില്ലാത്ത കുഞ്ഞുങ്ങളുടെ അമ്മാവന്റെ വീട്ടിലെ താമസം വളരെ ദുരിത പൂർണമായിരുന്നു. ഇതോടെ എട്ടാം വയസ്സിൽ ജോർജ് നാടു വിട്ടു. മനസ്സിൽ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു. പണം സമ്പാദിക്കണം. തന്റെ സഹോദരങ്ങളെ നന്നായി നോക്കണം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ ജോലി തേടി 20 വയസ്സുവരെ അലഞ്ഞു. അതിന് ശേഷം പട്ടാളത്തിൽ ജോലി കിട്ടി. ഏഴര വർഷം പട്ടാളത്തിൽ. അതിനിടെ ചേർത്തു കൂട്ടിയ സമ്പാദ്യവുമായി ഒരു കപ്പലിൽ ജോലിക്ക് കയറി. എന്നാൽ സഹോദരങ്ങൾക്ക് വേണ്ടി സമ്പാദിച്ചു കൂട്ടിയ പണം സൂക്ഷിച്ചിരുന്ന പെട്ടി കളവു പോയി.

തന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ സ്വരുക്കൂട്ടിയ പണമെല്ലാം നഷ്ടമായതോടെ ജോർജ് വീണ്ടും അലച്ചിൽ തുടങ്ങി. ഒടുവിൽ വയനാട്ടിൽ എത്തിച്ചേർന്നു. കൂലിപ്പണി ചെയ്ത് ജീവിതം തുടങ്ങിയ ജോർജ് അതോടെ തന്റെ ജീവിതം അവിടെ കുരുപ്പിടുപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. മുപ്പതാം വയസ്സിൽ അടിവാരത്തുകാരിയായ മറിയത്തെ വിവാഹം ചെയ്തു. മുസ്ലിം ആയ മറിയത്തെ വിവാഹം ചെയ്യാൻ ഇസ്ലാമായി മതം മാറുകയും ചെയ്തു.

പിന്നീട് വർഷങ്ങൾ പലതു കടന്നു പോയി. ജോർജ് എന്ന അബൂബക്കറിന് മക്കളായി മരുമക്കളായി, കൊച്ചു മക്കളും ആയി. എന്നിട്ടും മനസ്സിന്റെ കോണിൽ ആ ആഗ്രഹം അപ്പോഴും കിടന്നിരുന്നു. തന്റെ സഹോദരങ്ങളെ ഒരു വട്ടമെങ്കിലും കാണണം. അപ്പോഴേക്കും ജന്മനാട് കണ്ണൂരെന്നതിലുപരി പല ഓർമകളും ജോർജിന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയിരുന്നു. തന്റെ കുടുംബത്തെ കണ്ടു പിടിക്കണമെന്ന ആഗ്രഹം വെള്ളലത്ത് അബ്ദുറഹിമാൻ എന്ന സുഹൃത്തിനോട് പങ്കുവെച്ചു. എല്ലാ രഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഒടുവിൽ അബൂബക്കർ നാടുവിട്ടു പോവാൻ കാരണമായ വണ്ടിപ്പെരിയാറിലെ അമ്മാവന്റെ മകനെ കണ്ടെത്തി. പിന്നീട് തന്റെ കുടുംബത്തിൽ മാത്യു എന്ന സഹോദരനും ഗ്രേസിയെന്ന സഹോദരിയും മാത്രമാണ് ഉള്ളതെന്നറിയുകയും അവരെ കണ്ടെത്തുകയുമായിരുന്നു. സഹോദരന്റെ കുടുംബത്തെ കാണാൻ ഇന്നലെയാണ് ഗ്രേസിയും മാത്യുവും കുടുംബാംഗങ്ങളുമായി വയനാട്ടിലെത്തിയത്.