പ്രശസ്തമായ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ രാമായണ മഹാസത്രം നടക്കുന്നു. ഡിസംബർ 16 മുതൽ 26 വരെയാണ് സത്രം. ക്ഷേത്രത്തിന്റെ പാരമ്പര്യ അവകാശികളായ 13 കരക്കാരുടെ ഏകീകൃത സംഘടനയായ ശ്രീദേവീവിലാസം ഹിന്ദുമത കൺവെൺഷനാണ് തീരുമാനം എടുത്തത്.

ആർഷഭാരത സംസ്‌ക്കാരത്തിലെ 18 പുരാണങ്ങളും ഇതിഹാസങ്ങളിൽ മഹാഭാരതവും 19 മഹായജ്ഞങ്ങളായി പൂർത്തീകരിച്ചിട്ടുള്ള ക്ഷേത്രമാണ് ചെട്ടികുളങ്ങര. രാമായണം കൂടി പൂർത്തീകരിച്ചു കഴിഞ്ഞാൽ 18 പുരാണങ്ങളും 2 ഇതിഹാസങ്ങളും മഹായജ്ഞങ്ങളായി പൂർത്തീകരിച്ച കലിയുഗത്തിലെ ഏക ക്ഷേത്രമായ ചെട്ടിക്കുളങ്ങര ദേവീക്ഷേത്രം മാറും.

മഹാസത്ര മുഖ്യ കാര്യദർശിയും ചെട്ടിക്കുളങ്ങര ദേവീക്ഷേത്ര തന്ത്രിയുമായ ബ്രഹ്മശ്രീ പ്ലാക്കുടി ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെയും മഹാസത്ര ആചാര്യൻ ബ്രഹ്മശ്രീ ആയേടം കേശവൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് രാമായണ മഹാസത്രം നടക്കുക. രാമായണ മഹാസത്രത്തിൽ മൂലഗ്രന്ഥ പാരായണത്തോടൊപ്പം അഷ്ടദ്രവ്യഗണപതി ഹോമം, ദശലക്ഷാർച്ചന, വിവിധ ഹോമങ്ങൾ, യജ്ഞങ്ങൾ, പ്രഭാഷണങ്ങൾ, വിജ്ഞാന സദസ്സ്, വിനോദ സദസ്സ്, സാംസ്‌ക്കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ, പ്രശ്‌നോത്തരികൾ, പ്രതിഭാസംഗമം, തന്ത്രി സംഗമം തുടങ്ങിയവയും ഉണ്ടാകും. എല്ലാ ദിവസവും അന്നദാനവും ഉണ്ടാകും.

മഹാസത്രമണ്ഡപത്തിലേക്കുള്ള മൂലഗ്രന്ഥം ശ്രീരാമദേവന്റെ ജന്മസ്ഥലമായ അയോദ്ധ്യയിൽ നിന്നും തീർത്ഥജലം അയോദ്ധ്യയിലെ സരയൂ നദിയിൽ നിന്നും സത്രമണ്ഡപത്തിൽ പ്രതിഷ്ഠിക്കുവാനുള്ള വിഗ്രഹം തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ നിന്നും ഘോഷയാത്രകളായി കൊണ്ടുവരും. ഇവ ഡിസംബർ 16 ന് വൈകിട്ട് 6 മണിക്ക് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുമ്പോൾ മഹാസത്രത്തിന് തിരിതെളിയും.

ജഗദീശ്വരിയായ ചെട്ടിക്കുളങ്ങര ഭഗവതിയുടെ തിരുസന്നിധിയിൽ നടക്കുന്ന രാമായണ മഹാസത്രത്തിലേക്ക് ഒരു ദിവസത്തെ പൂജ, അന്നദാനം, ദശലക്ഷാർച്ചന, പുഷ്പം-പുഷ്പാലങ്കാരം, ദീപാലങ്കാരം തുടങ്ങിയവ പൂർണ്ണമായോ, ഭാഗീകമായോ വഴിപാടായി ഭക്തജനങ്ങൾക്ക് സമർപ്പിക്കാവുന്നതാണ്. ഉദ്ദിഷ്ട ഫലപ്രാപ്തിക്കും ദോഷപരിഹാരത്തിനും സർവൈശ്വര്യങ്ങൾക്കും വേണ്ടി വിവിധ ഹോമങ്ങളും അർച്ചനകളും പുഷ്പാഞ്ജലികളും സത്രമണ്ഡപത്തിൽ നടത്തും.

ഹൈന്ദവ സംസ്‌ക്കാരത്തിന്റെ മാർഗ്ഗദീപങ്ങളായ പുരാണങ്ങളും ഇതിഹാസങ്ങളും മഹായജ്ഞങ്ങളായി നടത്തുകയും അതുവഴി അവയുടെ മഹത്വവും സന്ദേശങ്ങളും ജനങ്ങളിൽ പ്രത്യേകിച്ച് പുതു തലമുറകളിൽ എത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് ശ്രീദേവീവിലാസം ഹിന്ദുമത കൺവെൺഷൻ ഭാരവാഹികൾ വിശദീകരിച്ചു.

ക്ഷേത്ര ചരിത്രം

തിരുവിതാംകൂർ ദേവസ്വം കണക്കുകൾ അനുസരിച്ച് ദേവസ്വത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്ന ക്ഷേത്രമാണ് ചെട്ടികുളങ്ങരയിലേത്. 13 കരകൾ ഉൾപ്പെട്ടതാണു ഈ ക്ഷേത്രം. ഈരേഴ(തെക്ക്), ഈരേഴ(വടക്ക്), കൈത(തെക്ക്), കൈത(വടക്ക്) എന്നിവ ക്ഷത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകൾ കണ്ണമംഗലം (തെക്ക്), കണ്ണമംഗലം (വടക്ക്),പേള, കടവൂർ , ആഞ്ഞിലിപ്ര, മറ്റം(വടക്ക്), മറ്റം(തെക്ക്), മേനാംപള്ളി, നടക്കാവ് എന്നിവയാണ്. അതുകൊണ്ട് തന്നെ തിരുവിതാംകൂർ ദേവസം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ കരക്കാരുടെ കൂട്ടായ്മയായ ശ്രീദേവീവിലാസം ഹിന്ദുമത കൺവെൺഷന് എല്ലാ പ്രാധാന്യവും നൽകിവരുന്നു.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തിരുവല്ല കായംകുളം സംസ്ഥാന പാതയിലാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം അഥവാ ശ്രീദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ പ്രതിഷ്ഠ ശ്രീ ഭദ്രകാളിയാണ്. ചെട്ടികുളങ്ങര ഉൾപ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ ഓണാട്ടുകര എന്ന പേരിൽ അറിയപ്പെടുന്നു. അതുകൊണ്ട് ചെട്ടികുളങ്ങര അമ്മയെ ഓണാട്ടുകരയുടെ പരദേവത എന്നും വിളിക്കുന്നു.

പ്രതിഷ്ഠ ഭദ്രകാളിയാണെങ്കിലും പ്രഭാതത്തിൽ ദേവി സരസ്വതിയായും മധ്യാഹ്നത്തിൽ മഹാലക്ഷ്മിയായും സായംസന്ധ്യ നേരത്ത് ശ്രീ ദുർഗ അഥവാ ഭദ്രകാളി എന്നീ രൂപങ്ങളിലും വിരാജിക്കുന്നു എന്നു സങ്കല്പം. അതു കൊണ്ട് മൂന്ന് നേരവും മൂന്നു രീതിയിലുള്ള പൂജകൾ ഇവിടുത്തെ പ്രത്യേകതയാണ്. ശ്രീ ആദിശങ്കരന്റെ ശിഷ്യനായ പത്മപാദ ആചാര്യരാൽ സമർപ്പിക്കപ്പെട്ടതാണെന്ന് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. ചെട്ടികുളങ്ങര ദേവി കൊടുങ്ങല്ലൂർ ഭഗവതിയുടെ മകളാണെന്നാണു സങ്കല്പം.

പണ്ട് ഈരേഴ(തെക്ക്) കരയിലെ ചെമ്പൊലീൽ വീട്ടിലെ കുടുംബനാഥനും സുഹൃത്തുക്കളും കൊയ്‌പ്പള്ളി കാരാഴ്മ ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയി. അവിടുത്തെ കരപ്രമാണിമാർ അവരെ എന്തോ പറഞ്ഞ് അപമാനിച്ചു. ദുഃഖിതരായ അവര് ചെട്ടികുളങ്ങരയിൽ മടങ്ങിയെത്തി പുതിയ ക്ഷേത്രം നിർ്മ്മിക്കുന്നതിനേക്കുറിച്ച് ആലോചിച്ചു. അവർ തീർത്ഥാടനത്തിനായി പുറപ്പെടുകയും കൊടുങ്ങല്ലൂരിലെത്തി ഭജന തുടങ്ങുകയും ചെയ്തു. പന്ത്രണ്ടാം ദിവസം ദേവി അവർക്ക് സ്വപ്ന ദർശനം നൽകുകയും, ചെട്ടികുളങ്ങരയിൽ ദേവീസാന്നിധ്യം ഉണ്ടാവുമെന്ന് അരുളിച്ചെയ്യുകയും ചെയ്തു.

ക്ഷേത്രത്തിലെ വെളിച്ചപ്പാട് തന്റെ വാൾ അവർക്ക് കൊടുക്കുകയും ചെയ്തു. ഏതാനും നാളുകൾ കഴിഞ്ഞ് ഒരു വയോധിക ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കരിപ്പുഴത്തോടിന്റെ കരയിലെത്തുകയും, ഒരു കടത്തുകാരൻ അവരെ ഇക്കരെ കടത്തുകയും ചെയ്തു. ചെട്ടികുളങ്ങരയിലെ ബ്രാഹ്മണ ഗൃഹത്തിന്റെ മേച്ചിൽ ജോലികൾ നടന്നു കൊണ്ടിരിക്കുമ്പോൾ വയോധിക അവിടെയെത്തുകയും അവിടെ നിന്നും മുതിരപ്പുഴുക്കും കഞ്ഞിയും വാങ്ങിക്കുടിക്കുകയും ചെയ്തു. അതിനു ശേഷം വയോധിക പൊടുന്നനെ അപ്രത്യക്ഷയായി. ഈ സംഭവത്തെത്തുടർന്ന് ജ്യോത്സ്യന്മാരെ വരുത്തി പ്രശ്‌നം വയ്‌പ്പിക്കുകയും ദേവീസാന്നിദ്ധ്യം പ്രകടമാണെന്നു തെളിയുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് അവിടെ ക്ഷേത്രം പണികഴിപ്പിച്ചു.

ചെട്ടികുളങ്ങരയിലെ ഏറ്റവും പ്രശസ്തമായ ഉത്സവം കുംഭ ഭരണി ആണ്. (കുംഭമാസത്തിലെ ഭരണി ദിവസം നടക്കുന്ന ഉത്സവം). എല്ലാ വർഷവും ഫെബ്രുവരി മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്. എല്ലാ ദിവസവും ക്ഷേത്രത്തിൽ ചാന്താട്ടം വഴിപാടായി നടത്തുന്നു. 2020 വരെ ദിവസം 9 ആൾക്കാർ വീതം ഈ വഴിപാട് മുൻകൂർ ഉറപ്പിച്ചു കഴിഞ്ഞു.

കുത്തിയോട്ടം

ഭക്തജനങ്ങൾ നടത്തുന്ന കുത്തിയോട്ടം ആണ് ഈ ഉത്സവത്തിലെ പ്രധാന വഴിപാട്. കുത്തിയോട്ടം എന്ന അനുഷ്ഠാന കല ചെട്ടികുളങ്ങരയുടെ പ്രാന്തപ്രദേശങ്ങളിൽ നിലവിലുള്ള ഒന്നാണ്. ഈ പ്രദേശത്ത് നിരവധി കുത്തിയോട്ട സംഘങ്ങൾ ഉണ്ട്. ഓരോ സംഘത്തിനും ഓരോ ആശാൻ ഉണ്ടാകും .പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്നു.

കുത്തിയോട്ടത്തിൽ ആൺകുട്ടികൾക്ക് എല്ലാ മതപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി മുതൽ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവിൽ കുട്ടി വ്രതാനുഷ്ഠാനം ചെയ്യണം. ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ് എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്.

ബാലന്മാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച് അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച് കയ്യിൽ പഴുക്കാപ്പാക്ക് തറച്ച കത്തി പിടിപ്പിക്കും. പിന്നീട് കുട്ടികളുടെ അരയിൽ സ്വർണ്ണമോ, വെള്ളിയോ കൊണ്ടു നിർമ്മിച്ച നൂൽ കോർക്കും. ഇതാണ് ചൂരൽ മുറിയൽ.

വെഞ്ചാമരം കൊണ്ടു വീശിയും പനിനീർ തളിച്ചും ഘോഷയാത്രയായാണ് ബാലന്മാരെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. ലോഹനൂൽ ഊരിയെടുത്ത് ദേവിക്ക് സമർപ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട് അവസാനിക്കും.

കെട്ടുകാഴ്ച

ഉത്സവ ദിവസം ഉച്ചകഴിഞ്ഞ് കെട്ടുകാഴ്ച ഉത്സവം നടക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ഉള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകാഴ്‌ച്ച നടക്കുന്നത്. ഭീമാകാരമായ അലങ്കരിച്ച എടുപ്പുകുതിരകളും രഥങ്ങളും ഭീമൻ, പാഞ്ചാലി, ഹനുമാൻ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളുടെ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലിൽ എത്തിക്കുന്നു. രാത്രി സമയത്ത് ദേവിയുടെ രൂപം ഘോഷയാത്രയായി വയലിൽ ഉള്ള ഓരോ രൂപങ്ങളെയും സന്ദർശിച്ച് ദേവി 13 കരകളിലും പ്രസാദിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു.

ഈ രൂപങ്ങൾ പിന്നീട് ഓരോ കരകളുടെയും കാവുകളിലേക്ക് കൊണ്ടുപോവുന്നു. കെട്ടുകാഴ്ച എഴുന്നള്ളത്ത് ഓരോ കരയുടെയും ക്രമം അനുസരിച്ച് വയലിൽ ഇറക്കുകയാണു ചെയ്യുക. ഇതിൽ ഒന്നാമത്തെ കര ഈരേഴ(തെക്ക്) കരയാണ്. കെട്ടുകാഴ്ചയുടെ ഭാഗമായ കുതിര എന്ന രൂപത്തിനു 'കുതിര' എന്ന ജീവിയുമായി താരതമ്യം ചെയ്യുവാനുള്ള ഒരു രൂപമല്ല ഉള്ളത്. അതിനു അംബരചുംബിയായ ഗോപുരം പൊലെയുള്ള ഒരു രൂപമാണുള്ളത്. ഭീമൻ, പാഞ്ചാലി, ഹനുമാൻ എന്നീ രൂപങ്ങൾ ദാരുശില്പങ്ങളാണ്. ഈ ദാരുശില്പങ്ങൾ ഒരുക്കിയെടുക്കുവാനുള്ള പരമ്പരാഗതമായ അവകാശം ഒരു ആശാരിക്കുടുംബത്തിനു സ്വന്തമാണ്. ഓരോ കരയുടെയും കുതിരയുടെ മധ്യഭാഗത്തായി പ്രഭട എന്നു പറയുന്ന ദാരുരൂപം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ കാണാം. കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും.

നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയിൽ ഒരേ വലിപ്പത്തിൽ മേൽക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. അടികൂടാരം ഇടക്കൂടാരം മേൽക്കൂടാരം എന്ന മൂന്നു ഭാഗങ്ങൾ കുതിരയ്ക്കുണ്ട്. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിലുള്ള സ്ഥലത്താണ് നെറ്റിപ്പട്ടവും തിടമ്പും ദാരുശില്പങ്ങളും ഒരുക്കുക. പിരമിഡ് ആകൃതിയും നീണ്ട നാമ്പും കൂടിയതാണ് മേൽക്കൂടാരം. അടിത്തട്ടിനുമുകിലോട്ടുള്ള തട്ടുകൾ നിലത്തുവച്ച് പണിക്കൂറ തീർത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി ഒന്നിനുമുകളിലൊന്നായി ചട്ടത്തിൽ ഉറപ്പിക്കുന്നു. വെള്ളത്തുണിയും തൊങ്ങലുകളും വർണ്ണക്കടലാസുകളുമാണ് അലങ്കാരപ്പണിക്ക് ഉപയോഗിക്കുന്നത്.തേരിനെക്കാൾ വർണ്ണവൈവിധ്യം കുതിരയ്ക്കുണ്ടായിരിക്കും.

ചെട്ടികുളങ്ങരയിൽ 5 തേരുകളും 6 കുതിരകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. മറ്റംവടക്ക്, തെക്ക് കരക്കാരാണ് ഭീമന്റെയും ഹനുമാന്റെയും രൂപങ്ങൾ കെട്ടുകാഴ്ചകളായി ക്ഷേത്രത്തിലെത്തിക്കുന്നത്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തിൽ കുംഭഭരണി നാളിൽ സന്ധ്യയോടെ അണിനിരക്കുന്ന തേരും കുതിരയും ഭീമനും ഹനുമാനും ഒരുക്കുന്ന വർണ്ണക്കാഴ്ചയ്ക്കു സമാനമായൊരു ദൃശ്യം ലോകത്തൊരിടത്തുനിന്നും ലഭിക്കുന്നതല്ല. കറുപ്പിലും ചുവപ്പിലും അഗ്‌നിപ്രഭയിലും അഭിരമിക്കുന്ന, ആണ്ടിലൊരിക്കൽ ചെട്ടിക്കുളങ്ങര ഭഗവതിനടയിൽ അരങ്ങേറുന്ന, ഈ കെട്ടുകാഴ്ചകൾ ചേതോഹരമാണ്. ചെട്ടികുളങ്ങരയിലുള്ള അത്രയും ഉയരമുള്ള കെട്ടുകാഴ്ചകൾ കേരളത്തിൽ മറ്റൊരിടത്തും കാണാനാവുകയില്ല.

ഭക്തജനങ്ങൾ നടത്തുന്ന ഒരു നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി. പരമ്പരാഗതമായ രീതിയിൽ തന്നയാണ് ഇന്നും ഈ വഴിപാട് നടത്തുന്നത്. ഭഗവതി ഈ നാട്ടിൽ വന്നപ്പോൾ ആദ്യമായി കഴിച്ച ആഹാരം എന്നൊരു സങ്കല്പവും ഇതിനു പിന്നിലുണ്ട്. ഇലയും,തടയും,പ്ലാവിലയും മറ്റുമാണ് ഇപ്പോഴും ഇതിനുപയോഗിക്കുന്നത്. മുതിരപ്പുഴുക്കും, അസ്ത്രവും, കടുകുമാങ്ങയും ഇതിലെ ഒഴിച്ചു കൂടാനാവത്ത വിഭവങ്ങളാണ്. വഴിപാട് നടത്തുന്ന ആളിന്റെ കഴിവനുസരിച്ച് കഞ്ഞിസദ്യയിലെ വിഭവങ്ങളുടെ എണ്ണവും കൂടും.